Asianet News MalayalamAsianet News Malayalam

ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ പ്രതിഷേധം: വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാൻ നിര്‍ദ്ദേശം, ജാമ്യമില്ലാ വകുപ്പിൽ കേസ്

രാജ്ഭവനിൽ നിന്നും വിമാനത്താവളത്തിലേക്കുള്ള ഗവർണ്ണറുടെ യാത്രക്കിടെയായിരുന്നു അസാധാരണവും നാടകീയവുമായ സംഭവങ്ങൾ

Governor SFI protest non bailable offence charged ADGP direction for detailed report kgn
Author
First Published Dec 11, 2023, 10:23 PM IST

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്എഫ്ഐ പ്രതിഷേധത്തിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശം. ദൃശ്യങ്ങൾ ഉൾപ്പെടെ ചേർത്ത് വസ്തുതാ റിപ്പോർട്ട് തയ്യാറാക്കാനാണ് എഡിജിപിയുടെ നിർദേശം. കേന്ദ്ര സർക്കാർ ഉൾപ്പെടെ റിപ്പോർട്ട് തേടാൻ സാഹചര്യമുള്ളതിനാലാണ് നീക്കം. അതേസമയം മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഗവർണർക്കെതിരെ പ്രതിഷേധം നടന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമര്‍ശിച്ചു. സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനമാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രതിഷേധവുമായി വന്നാൽ ഗവർണറെ സംരക്ഷിക്കാൻ തെരുവിലിറങ്ങേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു.

രാജ്ഭവനിൽ നിന്നും വിമാനത്താവളത്തിലേക്കുള്ള ഗവർണ്ണറുടെ യാത്രക്കിടെയായിരുന്നു അസാധാരണവും നാടകീയവുമായ സംഭവങ്ങൾ. പൊലീസ് സുരക്ഷയോടെയായിരുന്നു ഗവര്‍ണറുടെ യാത്ര. എങ്കിലും മൂന്നിടത്ത് ഗവർണ്ണർക്കെതിരെ പ്രതിഷേധമുണ്ടായി. ആദ്യം പാളയത്ത് എസ്എഫ്ഐക്കാർ ഗവർണ്ണറുടെ വാഹനത്തിലിടിച്ച് വരെ പ്രതിഷേധിച്ചു. പിന്നെ ജനറൽ ആശുപത്രി പരിസരത്ത്. ഒടുവിൽ പേട്ട പൊലീസ് സ്റ്റേഷന് സമീപവും പ്രതിഷേധക്കാർ വാഹനത്തിന് നേരെ പാഞ്ഞടത്തു പ്രതിഷേധിച്ചു. ഇതോടെ വാഹനം നിർത്തി ഗവർണ്ണർ കാറിൽ നിന്ന് പുറത്തേക്കിറങ്ങി പ്രതിഷേധക്കാരുടെ അടുത്തേക്ക് നീങ്ങി, പ്രതിഷേധക്കാർക്കും പൊലീസിനും മുഖ്യമന്ത്രിക്കുമെതിരെ ക്ഷുഭിതനായി ഗവർണ്ണർ പ്രതികരിച്ചു.

ഗവർണ്ണർ കാറിൽ നിന്നിറങ്ങിയതോടെ പ്രതിഷേധക്കാർ ചിതറിയോടി. പൊലീസ് അഞ്ച് പേരെ കസ്റ്റിഡിയിലെടുത്തു. കൂടുതൽ വാഹന വ്യൂഹത്തിൻറെ അകമ്പടിയോടെ പിന്നെ ഗവർണ്ണർ വിമാനത്താവളത്തിലെത്തി. അവിടെയും പ്രതികരണം അതിരൂക്ഷമായിരുന്നു. നവകേരള സദസ്സിൻറെ യാത്രയിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധങ്ങളെ പൊലീസും ഡിവൈഎഫ്ഐക്കാരും ചേർന്നാണ് നേരിടുന്നത്. മുഖ്യമന്ത്രി തന്നെ വിശേഷിപ്പിച്ച് രക്ഷാപ്രവർത്തനം വിവാദമാകുമ്പോഴാണ് ഗവർണ്ണർക്കെതിരായ എസ്എഫ്ഐ പ്രതിഷേധം. തനിക്ക് സുരക്ഷയില്ലെന്ന് നടുറോഡിലിറങ്ങി ഗവർണ്ണർ പ്രതികരിക്കുന്നത് സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമാണ്.

Asianet News Live TV | Malayalam News | ഏഷ്യാനെറ്റ് ന്യൂസ്

Latest Videos
Follow Us:
Download App:
  • android
  • ios