തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിലെ അനിശ്ചിതത്വം നീക്കാനുള്ള നടപടികൾ വേഗത്തിലാക്കി സംസ്ഥാന സർക്കാർ. ഫീസ് നിർണ്ണയസമിതി പരിഷ്ക്കരിക്കാനുള്ള ഭേദഗതി ബില്ലിൽ ഗവർണ്ണർ ഒപ്പിട്ടു. ഫീസ് ഉടൻ പുതുക്കി നിശ്ചയിച്ച് പ്രവേശനം തുടങ്ങാനാണ് സർക്കാർ ശ്രമം. 

ഹൈക്കോടതി നിർദ്ദേശ പ്രകാരം പ്രവേശന മേൽനോട്ടത്തിനും ഫീസ് നിശ്ചയിക്കാനുമുള്ള കമ്മിറ്റിയുടെ എണ്ണം കുറച്ച് നിയമസഭ ഈ മാസം 18ന് ബിൽ പാസ്സാക്കിയിരുന്നു. എന്നാൽ ബിൽ നിയമമാകാൻ വൈകിയതോടെയാണ് പ്രവേശനം പ്രതിസന്ധിയിലായത്.  മുഖ്യമന്ത്രി ഒപ്പിട്ട് കൈമാറിയ നിയമഭേദഗതി ബില്ലിൽ ഗവർണ്ണറും ഒപ്പ് വച്ചതോടെ അനിശ്ചിതത്വം നീങ്ങി . 

ഫീസ് നിശ്ചയിക്കാൻ അഞ്ചംഗ കമ്മിറ്റിയും പ്രവേശന മേൽനോട്ടത്തിന് ആറംഗ കമ്മിറ്റിയുമാണ് ഇനിയുണ്ടാകുക. നിലവിലെ അധ്യക്ഷൻ ജസ്റ്റിസ് രാജേന്ദ്രബാബു ആയിരിക്കും രണ്ട് കമ്മിറ്റികളുടേയും തലവൻ. കമ്മിറ്റി രൂപീകരിച്ചുള്ള വിജ്ഞാപനത്തിന് പിന്നാലെ ഫീസും ഉടൻ പുതുക്കി നിശ്ചയിക്കും. ഫീസ് തീരുമാനിക്കാത്തത് കാരണം ഓപ്ഷൻ രജിസ്ട്രേഷൻ നടപടികൾ ഇതുവരെ തുടങ്ങാനായിട്ടില്ല.

താൽക്കാലിക ഫീസ് നിശ്ചയിച്ചെങ്കിലും ഓപ്ഷൻ തുടങ്ങണമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണർ കഴിഞ്ഞ ദിവസം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ താൽക്കാലിക ഫീസിലെ പ്രവേശനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നായിരുന്നു സ്വാശ്രയ മെഡിക്കൽ മാനേജ്മെന്‍റുകളുടെ ഭീഷണി.