കണ്ണൂർ ജയിൽ ഭരിക്കുന്നത് ടി.പി കേസിൽ ശിക്ഷിക്കപ്പെട്ടവർ

കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെട്ട സംഭവം സിസ്റ്റത്തിന്‍റെ പ്രശ്നമാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. ജയിൽ അധികൃതരുടെ സഹായമില്ലാതെ ഒരാൾക്ക് ഇങ്ങനെ രക്ഷപ്പെടാനാകില്ലെന്നാണ് കരുതുന്നത്. അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ജയിൽ ചാടുന്നതിന് ഗോവിന്ദച്ചാമിക്ക് ലഭിച്ചു. നാട്ടുകാരുടെ ജാഗ്രത കൊണ്ട് മാത്രമാണ് കൊടും കുറ്റവാളി പിടിയിലായതെന്നും സതീശൻ ചൂണ്ടിക്കാട്ടി.

കണ്ണൂർ ജയിൽ ഭരിക്കുന്നത് ടി.പി കേസിൽ ശിക്ഷിക്കപ്പെട്ടവരാണെന്നും സർക്കാരിന് പ്രിയപ്പെട്ടവരായത് കൊണ്ട് ഇവർക്ക് വേണ്ട എല്ലാ സഹായവും ലഭിക്കുകയാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. ഗോവിന്ദച്ചാമിയും സർക്കാരിന് പ്രിയപ്പെട്ടയാളാണെന്ന് ഇപ്പോൾ വ്യക്തമായി. പി.ജയരാജനെ ജയിൽ ഉപദേശക സമിതിയിൽ ഇരുത്തിയത് ഇവരെ സഹായിക്കാനാണെന്നും സതീശൻ ആരോപിച്ചു. 

തളാപ്പിന് സമീപത്തെ ഒരു ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നാണ് സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ കൊടും കുറ്റവാളി ഗോവിന്ദചാമിയെ പൊലീസ് പിടികൂടിയത്. പൊലീസ് സംഘം ഇയാളെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ച ഒരാളെ കണ്ടെന്ന വിനോജ് എന്നയാളുടെ നിർണായക മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. 

ഇയാൾ ഒളിച്ചിരുന്ന കെട്ടിടം ആദ്യം പൊലീസ് വളഞ്ഞിരുന്നു. നാട്ടുകാർ തടിച്ചുകൂടാനുള്ള സാധ്യത കണക്കിലെടുത്ത് ഇയാളെ പിടിച്ചില്ലെന്നാണ് പിന്നീട് പൊലീസ് പറഞ്ഞത്. പക്ഷെ അപ്പോഴേക്കും സ്ഥലത്ത് ആൾക്കാർ എത്തി. ഇതിനിടെ കെട്ടിടത്തിൽ നിന്ന് പുറത്തുചാടിയ ഗോവിന്ദചാമി അടുത്തുള്ള കിണറ്റിലേക്ക് ചാടി ഒളിച്ചിരുന്നു. എന്നാൽ പൊലീസ് ഇയാളെ പിടികൂടി. 

YouTube video player