സി എം ആ‌ർ എൽ - എക്സാലോജിക് കേസില്‍ പിണറായി വിജയനെതിരായ എഫ് ഐ ആർ സുപ്രീം കോടതി ശരിവച്ചെന്ന് രമേശ് ചെന്നിത്തല. എന്നാൽ വിജിലൻസ് അന്വേഷണം ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്ത കോടതി, പ്രതികളുടെ ഭാഗം കേൾക്കാൻ ഹൈക്കോടതിയോട് നിർദേശിച്ചിട്ടുണ്ട്

തിരുവനന്തപുരം: സി എം ആ‌ർ എൽ - എക്സാലോജിക് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടംബത്തിനുമെതിരായ ഇ ഡി അന്വേഷണത്തില്‍ സര്‍ക്കാരും ആഭ്യന്തരവകുപ്പും എടുത്ത നടപടി ശരിയാണെന്ന് സുപ്രീം കോടതി വിധിയിലൂടെ തെളിഞ്ഞിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. എന്‍ഫോഴ്‌സ് ഡയറകട്‌റേറ്റിന്റെ കത്തുലഭിച്ചപ്പോള്‍ തന്നെ അത് അവധാനപൂര്‍വ്വം പരിശോധിച്ച് അനാവശ്യമായ ധൃതി ഒഴിവാക്കി കൃത്യമായ നിയമനടപടി സ്വീകരിക്കുക എന്നതായിരുന്നു സംസ്ഥാന സര്‍ക്കാരും ആഭ്യന്തര വകുപ്പും എടുത്ത നിലപാട്. ആ സമീപനത്തെ സുപ്രീം കോടതി അംഗീകരിക്കുന്നുവെന്നാണ് ഈ വിധിയിലൂടെ മനസിലാക്കാന്‍ കഴിയുന്നത്. എഫ് ഐ ആര്‍ ഇടുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചതും ആ സമീപനത്തിന്റെ ഭാഗമാണ്. എന്നാല്‍ പ്രാഥമിക അന്വേഷണം ഒഴിവാക്കി ഉടന്‍ എഫ് ഐ ആര്‍ ഇട്ട് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിച്ചപ്പോള്‍ സര്‍ക്കാരിന് വിധി നടപ്പാക്കേണ്ടി വന്നെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

അതേസമയം പ്രസ്തുത എഫ് ഐ ആര്‍ റദ്ദാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടില്ലന്നതാണ് ഇന്നത്തെ വിധിയിലെ പ്രധാനപ്പെട്ട വസ്തുതയെന്നും ആഭ്യന്തര മന്ത്രി വിവരിച്ചു. ഇതോടെ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നിലപാട് പൂര്‍ണ്ണമായും ശരിയായിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഇട്ട എഫ് ഐ ആര്‍ നിയമപരമായി ശരിയാണെന്ന നിലപാടാണ് സുപ്രീം കോടതിക്കുമുള്ളതെന്നാണ് വിധിയില്‍ നിന്നും മനസിലാക്കുന്നത്. ചുരുക്കത്തില്‍ ഈ കേസില്‍ വിജിലന്‍സിന്‍റെ എഫ് ഐ ആര്‍ അതേപടി നിലനില്‍ക്കുകയാണ്. ഒരാഴ്ചത്തേക്ക് അന്വേഷണം തടഞ്ഞത് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ പരാതിക്കാരന് തന്റെ വാദങ്ങള്‍ നിരത്താന്‍ വേണ്ടിയാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് തന്നെയാണ് മറ്റേത് കേസിലുമെന്ന പോലും ഇതിലും സര്‍ക്കാരിന്‍റെ നിലപാടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

പിണറായിക്ക് ആശ്വാസ വിധി

അതേസമയം സി എം ആ‌ർ എൽ - എക്സാലോജിക് ഇടപാടിലെ വിജിലൻസ് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സുപ്രീംകോടതിയിൽ നിന്നുണ്ടായത് ആശ്വാസ വിധിയാണ്. പിണറായിക്കും മകൾ വീണയ്ക്കും മുൻ മന്ത്രി മുഹമ്മദ് റിയാസിനും എതിരായ വിജിലൻസ് അന്വേഷണം സുപ്രീംകോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. കേസിൽ എഫ്‌ ഐ ആർ ഇട്ട് അന്വേഷണം വേണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ പിണറായി നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് കേൾക്കേണ്ടതായിരുന്നുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസുമായി വിജിലൻസിന് മുന്നോട്ട് പോകാമെന്ന ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ കോടതി, പ്രതികളുടെ ഭാഗം കേൾക്കാൻ നിർദേശിച്ചു. ഇ ഡി രജിസ്റ്റർ ചെയ്ത കേസിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഇത്ര വേഗം എഫ് ഐ ആർ രജിസ്റ്റർ ചെയ്തതെന്തിന് എന്ന് ചോദിച്ച കോടതി, സംസ്ഥാന സർക്കാരിന്‍റെ വേഗത്തെ പരിഹസിക്കുകയും ചെയ്തു. ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവർ അടങ്ങിയ ബഞ്ചാണ് നവരാത്രി അവധിയായിരുന്നിട്ടും പ്രത്യേക സിറ്റിംഗ് നടത്തി പിണറായി അടക്കമുള്ളവരുടെ ഹർജി പരിഗണിച്ചത്.

YouTube video player