സബ്സിഡി നൽകാതെ കബളിപ്പിച്ചതോടെ വായ്പ തിരിച്ചടവ് പ്രതിസന്ധിയിലായിരിക്കുകയാണ്. 

പത്തനംതിട്ട: സ്മാർട്ട് ഡയറി യൂണിറ്റ് പദ്ധതിയിൽ സംസ്ഥാനത്തെ യുവക്ഷീരകർഷകരെ കബളിപ്പിച്ച് സർക്കാർ. സബ്സിഡി നൽകാതെ യുവ ക്ഷീര കർഷകരെ സർക്കാർ വഞ്ചിക്കുകയായിരുന്നു. ക്ഷീരവികസന വകുപ്പിന്റെ വാഗ്ദാനം വിശ്വസിച്ച് പശു ഫാം തുടങ്ങിയ കർഷകർ നിലവിൽ കടക്കെണിയിലാണ്. പതിനൊന്നര ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിക്ക് 4.60 ലക്ഷം രൂപയാണ് സബ്സിഡി വാഗ്ദാനം ചെയ്തത്. എന്നാൽ ബാങ്ക് വായ്പ എടുത്തു പദ്ധതി പൂർത്തിയാക്കിയതിന് പിന്നാലെ സർക്കാർ കൈമലർത്തി. സബ്സിഡി നൽകാതെ കബളിപ്പിച്ചതോടെ വായ്പ തിരിച്ചടവ് പ്രതിസന്ധിയിലായിരിക്കുകയാണ്.

സർക്കാർ സബ്സിഡി നൽകാതെ വന്നതോടെ കടം കയറി ആത്മഹത്യയുടെ വക്കിലാണെന്ന് പത്തനംതിട്ട കടമ്പനാട് സ്വദേശി അശ്വതിയും കുടുംബവും പറയുന്നു. അതേസമയം, സർക്കാർ പദ്ധതി വിഹിതം വെട്ടിക്കുറച്ചെന്നാണ് ക്ഷീരവികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ വിശദീകരണം. 17 യുവകർഷകരെയാണ് സംസ്ഥാനത്ത് ഗുണഭോക്താക്കളായി തെരഞ്ഞെടുത്തതെന്നും ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ പറയുന്നു.