ഗുരുവായൂര്‍: ഈ വര്‍ഷത്തെ ഗുരുവായൂര്‍ ആനയോട്ടമത്സരത്തില്‍ കൊമ്പന്‍ ഗോപീകണ്ണന്‍ ഒന്നാം സ്ഥാനം നേടി. തുടര്‍ച്ചയായി എട്ടാം വര്‍ഷമാണ് ഗുരുവായൂര്‍ ഗോപീകണ്ണന്‍ ആനയോട്ടത്തില്‍ ഒന്നാമത് എത്തുന്നത്. ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ ഉടമസ്ഥതയിലുള്ള 23 ആനകളാണ് ആനയോട്ടത്തില്‍ പങ്കെടുത്തത്. 

ഗുരുവായൂർ ശ്രീ കൃഷ്ണക്ഷേത്രത്തിലെ ഉത്സവ കൊടിയേറ്റിനോടനുബന്ധിച്ചാണ് ആനയോട്ടമത്സരം നടത്തുന്നത്. മത്സരത്തില്‍ ജയിക്കുന്ന ആനയാവും ഉത്സവത്തിനിടെ ഗുരുവായൂരപ്പന്‍റെ സ്വര്‍ണതിടമ്പ് ഏഴുന്നള്ളിക്കുക. ഗുരുവായൂര്‍ ക്ഷേത്രത്തിന് കിഴക്ക് മഞ്ജുളാല്‍ പരിസരത്ത് നിന്നുമാണ് ആനയോട്ട മത്സരം ആരംഭിക്കുന്നത്. മുന്നിലോടി ക്ഷേത്രത്തിന്‍റെ കിഴക്കേ ഗോപുരം ആദ്യം കടക്കുന്ന ആനയാണ് മത്സരത്തില്‍ ജയിക്കുക. 

ജേതാവായ ആന അമ്പലത്തിന്റെ ഉള്ളിൽ ഏഴു പ്രദക്ഷിണം നടത്തുന്നതോടെ മത്സരം അവസാനിക്കുന്നു. സമീപദിവസങ്ങളില്‍ നാട്ടാനകള്‍ ഇടയുന്ന സംഭവം പതിവായതിനാല്‍ കനത്ത സുരക്ഷയിലാണ് ആനയോട്ടം നടന്നത്. മത്സരം ആരംഭിക്കുന്നത് മണിക്കുറുകള്‍ മുന്‍പ് തൃശ്ശൂരില്‍ രണ്ടിടത്ത് ആനകള്‍ ഇടഞ്ഞതും സുരക്ഷ വര്‍ധിപ്പിക്കാന്‍ കാരണമായി.