മൂന്നാഴ്ച്ച മുമ്പാണ് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ പോകാനായി മന്ത്രി കേന്ദ്രത്തോട് അനുമതി തേടിയത്.

മലപ്പുറം: ജോൺസ് ഹോപ്കിൻസ് സർവകലാശാല സന്ദർശിക്കാൻ കേന്ദ്രം അനുമതി നിഷേധിച്ച സംഭവത്തിൽ പ്രതികരിച്ച് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. സന്ദർശനം നിഷേധിച്ചുകൊണ്ടുള്ള ഔദ്യോ​ഗി​ക അറിയിപ്പ് കിട്ടിയെന്നും കാരണം എന്താണെന്ന് അറിയില്ല, മുൻപ് മന്ത്രി പി രാജീവിനുൾപ്പെടെ സമാന അനുഭവം ഉണ്ടായിട്ടുണ്ടല്ലോ എന്നും വീണാ ജോർജ് പറഞ്ഞു.

അമേരിക്കയിലെ ലോക പ്രശസ്തമായ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തുന്നതിനുള്ള അനുമതിയാണ് കേന്ദ്രം വീണാ ജോർജിന് നിഷേധിച്ചത്. സര്‍വകലാശാല പ്രഭാഷണത്തിന് മന്ത്രിയെ ക്ഷണിച്ചതിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്രത്തോട് യാത്രാ അനുമതി തേടിയിരുന്നു. എന്നാൽ മന്ത്രിയുടെ യുഎസ് യാത്രയ്ക്കുള്ള രാഷ്ട്രീയ അനുമതി കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുകയാണ് ഉണ്ടായത്.

മൂന്നാഴ്ച്ച മുമ്പാണ് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ പോകാനായി മന്ത്രി കേന്ദ്രത്തോട് അനുമതി തേടിയത്. എന്നാല്‍ മൂന്ന് ദിവസം മുമ്പാണ് അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് വന്നതെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്വകാര്യ ആരോഗ്യ ഗവേഷണ സർകലാശാലയാണ് ജോണ്‍സ് ഹോപ്കിന്‍സ്. 1876 ൽ സ്ഥാപിതമായ, ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവന്ന ജോൺസ് ഹോപ്കിൻസ് അമേരിക്കയിലെ ആദ്യത്തെ ഗവേഷണ സർവകലാശാലയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം