Asianet News MalayalamAsianet News Malayalam

‘ഭൂമിയെ അനുഗ്രഹം കൊണ്ട് ചുംബിക്കുന്ന മാലാഖമാരില്‍ ആരോ ആയിരിക്കണം അയാള്‍‘: നോമ്പുകാല അനുഭവ കുറിപ്പ്

ലൈലത്തുർ ഖദ്റിന്‍റെ പുണ്യരാവിൽ സക്കാത്തുമായി തന്നെ തേടിയെത്തിയ ഒരു 'മാലാഖ'യെക്കുറിച്ചാണ് സൈഫുദ്ദീൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. 

heart touching facebook post about ramadan memory
Author
Malappuram, First Published May 20, 2020, 10:22 AM IST

കൊവിഡ് വ്യാപനത്തിടനിയിലും സമാധാനത്തിന്റെയും പ്രതീക്ഷയുടെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍ റമദാൻ ആഘോഷിക്കുകയാണ്. വിശപ്പിന്‍റെ മഹത്വം മനസിലാക്കി തരുന്ന, ഉള്ളവർ ഇല്ലാത്തവരെ സഹായിക്കുന്ന വിശുദ്ധമാസം. നോമ്പുകാലത്തെ അനുഭവങ്ങൾ പലരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. അത്തരത്തിൽ ഹൃദയത്തിൽ തൊടുന്ന നോമ്പുകാല അനുഭവം പങ്കുവയ്ക്കുകയാണ് മാധ്യമ പ്രവർത്തകനായ കെ.എ.സൈഫുദ്ദീൻ.

അത്രമേല്‍ കഷ്ടപ്പാട് നിറഞ്ഞ നോമ്പുകാലത്ത്, ലൈലത്തുർ ഖദ്റിന്‍റെ പുണ്യരാവിൽ സക്കാത്തുമായി തന്നെ തേടിയെത്തിയ ഒരു 'മാലാഖ'യെക്കുറിച്ചാണ് സൈഫുദ്ദീൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. നോമ്പുകാലങ്ങള്‍ ഒരുപാട് കഴിഞ്ഞിട്ടും ആ സക്കാത്തിന്റെ വിഹിതം ഇപ്പോഴും തന്റെ കൈവെള്ളയില്‍, ഹൃദയത്തിൽ വിതുമ്പുന്നുണ്ടെന്നും സൈഫുദ്ദീൻ കുറിക്കുന്നു.

കെ.എ.സൈഫുദ്ദീന്റെ ഫേസ്ബുക്ക് പോസ്റ്റ്

മു​മ്പൊരിക്കൽ എഴുതിയതാണ്​...
എന്നാലും ഓർമിക്കാതിരിക്കാൻ കഴിയില്ല.....

നിങ്ങൾ മാലാഖയെ കണ്ടിട്ടുണ്ടോ ....?
ഞാൻ കണ്ടിട്ടുണ്ട് ....

-----------------------------------------------

തൊട്ടപ്പുറത്തെ മേശയിലെ പാത്രങ്ങളില്‍നിന്ന് വെട്ടിവിഴുങ്ങുന്നവരെ അത്രമേല്‍ ആര്‍ത്തിയോടെ നോക്കിയ മറ്റൊരു ദിവസവും എ​ൻറെ ജീവിതത്തിലുണ്ടായിട്ടില്ല...
ബി.എഡും കഴിഞ്ഞ് ഒരു എയ്​ഡഡ്​ സ്കൂളില്‍ അഞ്ച് പൈസ കൊടുക്കാതെ മെറിറ്റി​ൻറെ മാത്രം ബലത്തില്‍ മലയാളം അധ്യാപകൻറെ വേഷമിട്ട കാലമായിരുന്നു അത്..

സര്‍ക്കാര്‍ നൂലാമാലകളെക്കുറിച്ച് തിരിച്ചറിവില്ലാതെ അധ്യാപകനാകുമ്പോള്‍ ഏറ്റവും ആദ്യം കണ്ട സ്വപ്നം ആദ്യശമ്പളം കൊണ്ട് വാങ്ങുന്ന ഒരു ജോഡി ഹിയറിംഗ് എയ്​ഡു​കളായിരുന്നു... വെടിവെച്ചാല്‍ പുക മാത്രം തിരിച്ചറിയുന്ന ഉമ്മായ്ക്ക് നല്‍കാന്‍ മനസ്സില്‍ കുറിച്ചുവെച്ച സമ്മാനം..

ഉമ്മയോട് സംസാരിച്ച് സംസാരിച്ച് ക്ലാസ്​ മുറിയില്‍ വലിയൊരു ഒച്ചക്കാരനായും തൊട്ടപ്പുറത്ത് രഹസ്യമായി ക്ലാസെടുക്കുന്ന അധ്യാപകര്‍ക്ക് ഒരു ശല്ല്യക്കാരനായും മാറാന്‍ ആദ്യ ദിവസങ്ങളില്‍ തന്നെ കഴിഞ്ഞു.

ജോലിയില്‍ കയറി മാസം പലതു കഴിഞ്ഞിട്ടും ശമ്പളം മാത്രം കിട്ടിയില്ല..
നമ്മുടെ പോസ്റ്റ് സര്‍ക്കാര്‍ അംഗീകരിച്ച് തിട്ടൂരമിറക്കണം.
വിദ്യാഭ്യാസ വകുപ്പിനെ മന്ത്രി പി.ജെ. ജോസഫ് സ്വന്തം വീട്ടിലെ വൃത്തിയാക്കാത്ത കാലിത്തൊഴുത്തിനെക്കാള്‍ കഷ്ടത്തിലാക്കിയ കാലം കൂടിയായിരുന്നു അത്..
ദേഹത്തുകൂടിയ യക്ഷി മുറ്റത്തെ പാലയോ വീടി​ൻറെ മോന്തായമോ തകര്‍ക്കുന്നതുപോലെ കസേര വിട്ടുപോകുന്ന പോക്കില്‍ ജോസഫ് മന്ത്രി മലയാളം അധ്യാപകരുടെ തലകൂടി അറുത്തിട്ടാണ് പോയത്...
മലയാളം അധ്യാപകരുടെ തസ്തിക വെട്ടിക്കുറച്ച് കടുംവെട്ട് വെട്ടിയ കാലം...

ഒരു ദിവസം ഉണരുമ്പോള്‍ തസ്തിക ഉണ്ടെന്ന പ്രതീക്ഷ നല്‍കിയ പത്രങ്ങള്‍ അടുത്ത ദിവസം അത് തല്ലിക്കെടുത്തി..
കൈയില്‍ കരുതിയ കാശൊക്കെ തീരുകയും ആരെ കണ്ടാലും കടം വാങ്ങുകയും ചെയ്യുന്ന നാളുകളില്‍ ജീവിതം ഒരു പരാദത്തിൻറെതായിരുന്നു...

മാനേജറുടെ വീട്ടിലേക്കും ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേക്കും ഓടിയോടി പാരഗണ്‍ ഓഫീസ് ചപ്പല്‍പോലും തേഞ്ഞിട്ടും പൈസ മാത്രം വസൂലായില്ല...
ഹിയറിംഗ് എയ്​ഡ്​ വെറും പാഴ്ക്കിനാവായി...
സഹ അധ്യാപകരൊക്കെ ചേര്‍ന്ന് വാടകക്കെടുത്ത ‘ഗുരുസദനം’ എന്ന് പേരിട്ട പഴയൊരു വീട്ടില്‍ അവരുടെ കനിവ്കൊണ്ട് അന്തിയുറങ്ങിപ്പോന്നു..
അവര്‍ തന്ന കാരുണ്യത്തില്‍ വിശപ്പകറ്റി..

അന്നൊരു നോമ്പ് നാളായിരുന്നു. ഇരുപത്തിയേഴാം രാവ്...
ഐശ്വര്യവും സമാധാനവുമായി മാലാഖമാര്‍ ഭൂമിയെ മൃദുലമായി ചുംബിക്കുന്ന ദിവസം..
സ്കൂള്‍ അവധിയായിരുന്നതിനാല്‍ സഹ അധ്യാപകരും കൂടൊഴിഞ്ഞ നാള്‍...
മഗ്​രിബ്​ നമസ്കാരത്തിന് കയറിയ പള്ളിയില്‍നിന്ന് നോമ്പ് തുറക്കാന്‍ കിട്ടിയത് ഒരു ഗ്ളാസ് പച്ചവെള്ളം മാത്രം..
നമസ്കാരത്തിന് ശേഷം തൊട്ടടുത്ത ഹോട്ടലില്‍ കയറി..
താമസ സ്ഥലത്തേക്ക് തിരികെ പോകാനുള്ള വണ്ടിക്കൂലി കഴിച്ച് ബാക്കിയുള്ളത് രണ്ട് പൊറോട്ടയ്ക്കും ഒരു ചായയ്ക്കും തികയും..
അപ്പുറവും ഇപ്പുറവുമുള്ള മേശയില്‍ ആവി പറക്കുന്ന വിഭവങ്ങള്‍ നിരത്തിവെച്ച് ആവേശത്തോടെ വാരി വിഴുങ്ങുന്നവരെ നോക്കിയിരിക്കെ സപ്ലൈറുടെ ചോദ്യം..
‘എന്തുവേണം..?’
വിഭവങ്ങളുടെ പട്ടിക നിരത്താന്‍ നിന്ന അയാളുടെ വായടച്ച് ഞാന്‍ പറഞ്ഞു;
‘രണ്ട് പൊറോട്ടയും ഒരു ചായയും... കറി വേണ്ട, അല്‍പം പഞ്ചസാര ഇട്ട് തന്നാല്‍ മതി’
തീന്‍ മേശയില്‍ കടിപിടി കൂടുന്നവര്‍ കേള്‍ക്കാതിരിക്കാന്‍ ആവുന്നത്ര ശബ്ദം താഴ്ത്തിയായിരുന്നു പറഞ്ഞത്...

പുട്ടും വെള്ളയപ്പവും ഒത്തിരി ഇഷ്ടമാണ്... പൊറോട്ട ഒട്ടും ഇഷ്ടവുമല്ല...
ആ അവസ്ഥയില്‍ പൊറോട്ടയ്ക്ക് മാത്രമേ എന്നെ രക്ഷിക്കാനാവുമായിരുന്നുള്ളൂ..
കണ്ണുകള്‍ പലവട്ടം ചുറ്റിനുമുള്ള മേശപ്പുറത്തെ വിഭവങ്ങളില്‍ കറങ്ങിനടന്നു...

അല്‍പം നീരസത്തോടെയാണെങ്കിലും പറഞ്ഞതത്രയും കൊണ്ടുവെച്ച്​ സപ്ലൈർ പോയി..
നിമിഷ നേരം കൊണ്ട് പ്ലേറ്റ് കാലിയാക്കി പുറത്തേക്കിറങ്ങി...
അവസാനത്തെ ബസ് പോകാനുള്ള നേരമായിരുന്നു...
അത് കിട്ടിയില്ലെങ്കില്‍ ആറ് കിലോ മീറ്റര്‍ നടക്കണം...
ആ അവസ്ഥയില്‍ അത്രയും നടന്നാല്‍ ഞാന്‍ ചിലപ്പോള്‍ വഴിയില്‍ വീണുപോയേക്കും..

ബസുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നിടത്തേക്ക് നടക്കുമ്പോള്‍ അരണ്ട വെളിച്ചത്തില്‍ ഒരാള്‍ പിന്നില്‍നിന്ന് തോളില്‍ തൊട്ടു...
‘‘സൈഫുദ്ദീന്‍ മാഷല്ലേ.....?’’
‘അതേ..’ എന്നു പറഞ്ഞുതീരുന്നതിന് മുമ്പ് അയാള്‍ മുന്നോട്ടുവന്ന് എൻറെ കൈപിടിച്ച് എന്തോ അതിലേക്ക് വെച്ച് കൈമടക്കി ചുരുട്ടിയിട്ട് പറഞ്ഞ്..
‘ഇത് സക്കാത്തിൻറെ വിഹിതമാ മാഷേ... വേണ്ടെന്ന് പറയരുത്...’’ അതുംപറഞ്ഞ്​ അയാൾ പെട്ടെന്ന് എവിടേക്കോ മാഞ്ഞുപോയി...
കൈ തുറന്നുനോക്കിയപ്പോള്‍ ഏതാനും നൂറിൻറെ നോട്ടുകള്‍...
ആ ഇരുട്ടില്‍ അങ്ങനെ തരിച്ചുനിന്നപ്പോള്‍ ഒരു നിലവിളി തൊണ്ടയില്‍വന്ന് കുരുങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞു....
കണ്ണുകള്‍ കവിഞ്ഞൊഴുകുന്നു എന്ന് തിരിച്ചറിയാന്‍ പോലും കുറച്ച് സമയം വേണ്ടിവന്നു...
എന്നെയും എൻറെ അവസ്ഥയും അറിയാവുന്ന ആരോ ആയിരിക്കണം അയാള്‍...
അയാളും ആ ഹോട്ടലില്‍ ഉണ്ടായിരുന്നിരിക്കണം..
വെറും പെറോട്ട പഞ്ചസാര കൂട്ടി കഴിക്കുന്നത് അയാളും ചിലപ്പോള്‍ കണ്ടിട്ടുണ്ടാവും...
ചിലപ്പോള്‍ നല്ലൊരു നാളില്‍ പട്ടിണി കിടക്കുന്ന മനുഷ്യൻറെ മുന്നിലേക്ക് ദൈവം പറഞ്ഞുവിട്ടതാവാം അയാളെ...
മാലാഖമാര്‍ ഭൂമിയെ തൊടുന്ന ദിവസമല്ലേ...
ഒമ്പതാം ക്ലാസിലെ കുട്ടികള്‍ക്ക് പഠിപ്പിച്ചു കൊടുത്ത ബഷീറിൻറെ ‘ഒരു മനുഷ്യന്‍’ ഓര്‍മ വന്നു...
ജന്മദിനം എന്ന മറ്റൊരു കഥയും...

തിരികെ അതേ ഹോട്ടലില്‍ ആവേശത്തോടെ ഓടി കയറി അതേ സപ്ലൈയറില്‍നിന്ന് വെള്ളയപ്പവും മീന്‍ കറിയും വാങ്ങിക്കഴിച്ചു...
അയാളുടെ മുഖത്ത് ഉത്തരം കണ്ടെത്താനാവാത്ത ഒരു വഴിക്കണക്കിൻറെ ആശങ്ക വ്യക്തമായി വായിക്കാമായിരുന്നു...
അങ്ങനെ ഒരു അനുഭവം അയാള്‍ക്ക് ആദ്യമായിരിക്കണം...
പുറത്തിറങ്ങുമ്പോള്‍ അവസാന വണ്ടിയും പോയിരുന്നു..
താമസ സ്ഥലത്തേക്ക് ഓട്ടോയില്‍ പോകാനുള്ള കാശും ഉണ്ടായിരുന്നു..
ഓട്ടോയില്‍ മടങ്ങുമ്പോള്‍ പിന്നെയും ആ മനുഷ്യൻറെ മുഖം ഓര്‍മിച്ചെടുക്കാന്‍ ഒത്തിരി ശ്രമിച്ചുനോക്കി...
ഒരെത്തും പിടിയും കിട്ടിയില്ല...
ഇതെഴുതുന്ന നേരം ആ മനുഷ്യൻ നേരേ കയറി വന്നാലും എനിക്ക് തിരിച്ചറിയാനാവില്ല...
‘ലൈലത്തുല്‍ ഖദ്ര്‍’ എന്ന ആ രാവില്‍, ഭൂമിയെ അനുഗ്രഹം കൊണ്ട് ചുംബിക്കുന്ന കോടാനുകോടി മാലാഖമാരില്‍ ആരോ ആയിരിക്കണം അയാള്‍..

ഞങ്ങളൂടെ വീടിന് മുന്നിലെ കടത്തിണ്ണയില്‍ രാത്രി ഊരുംപേരുമില്ലാതെ അലഞ്ഞുതിരിഞ്ഞുവരുന്ന എത്രയോ പേര്‍ക്ക് ഉമ്മ ചോറുവിളമ്പി കൊടുക്കുന്നത് കണ്ടിട്ടുണ്ട്..
ഉണ്ടുകഴിയുമ്പോള്‍ അവരുടെ മുഖത്ത് തെളിയുന്ന നിലാവിൻറെ രഹസ്യം ഇപ്പോള്‍ എനിക്കറിയാം..

പിന്നീട് നോമ്പുകാലങ്ങള്‍ ഒരുപാട് കഴിഞ്ഞു എന്നിട്ടും ആ സക്കാത്തിൻറെ വിഹിതം ഇപ്പോഴും എൻറെ കൈവെള്ളയില്‍, ഹൃദയത്തിൽ വിതുമ്പുന്നുണ്ട്...

Follow Us:
Download App:
  • android
  • ios