എല്ലാ സ്കൂളുകളിലെയും ട്യൂഷൻ സെൻററുകളിലെയും വേനൽക്കാല അവധിക്കാല ക്ലാസുകളും നിരോധിച്ചിട്ടുണ്ട്.

പത്തനംതിട്ട: പത്തനംതിട്ടയിൽ ഉഷ്ണ തരംഗ സാധ്യതയുള്ളതിനാൽ ജില്ലയിലെ അവധിക്കാല ക്ലാസുകൾ നിരോധിച്ച് ഉത്തരവ് ഇറങ്ങി. ജില്ലാ കളക്ടർ ആണ് ഉത്തരവ് ഇറക്കിയത്. എല്ലാ സ്കൂളുകളിലെയും ട്യൂഷൻ സെൻററുകളിലെയും വേനൽക്കാല അവധിക്കാല ക്ലാസുകളും നിരോധിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. നിലവിൽ 12 ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാം. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരത്ത് 36ഡിഗ്രി സെൽഷ്യസ് വരെയും ഉയരാം. ഈ മാസം 24 വരെ കനത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ കിട്ടിയേക്കും.

വീടിന് പുറത്തിറങ്ങുന്നവർക്ക് മുന്നറിയിപ്പ്

  1. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.

2. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

3. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, ആൽബനിസം അവസ്ഥയുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

4. പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.