പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതേസമയം ഇന്ന് കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ നിയന്ത്രണമുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള തീരത്ത് 15-06-2022 നും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല, കർണാടക തീരത്ത് 11-06-2022 മുതൽ 13-06-2022 വരെയും 15-06-2022 നും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല, ലക്ഷദ്വീപ് തീരത്ത് 12-06-2022 നും, 13-06-2022 നും, 15-06-2022 നും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ പ്രസ്തുത ദിവസങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ
15-06-2022 വരെ: തെക്ക്-പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 15-06-2022 ന്: തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.
അതേസമയം കേരളത്തിൽ കാലവർഷത്തിൽ 61 ശതമാനം കുറവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കാസർകോട്, പാലക്കാട് ജില്ലകളിൽ മഴയുടെ അളവിൽ 85 ശതമാനം കുറവുണ്ടായി. അടുത്തയാഴ്ചയോടെ സ്ഥിതി മെച്ചപ്പെട്ടേക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം. 182. 2 മില്ലി മീറ്റർ മഴ കിട്ടേണ്ടിടത്ത് ലഭിച്ചത് 71.5 മില്ലീമീറ്റർ മാത്രമാണ്. 9 ജില്ലകളിൽ മഴയുടെ അളവ് തീരെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 27 ശതമാനം കുറവ് മഴകിട്ടിയ പത്തനംതിട്ടയാണ് കൂട്ടത്തിൽ ഭേദം. 29 ന് കാലവർഷമെത്തിയെങ്കിലും കരയിലേക്ക് എത്താൻ മഴ മേഘങ്ങൾ മടിക്കുന്നതാണ് മഴ കുറയാൻ കാരണം. പടിഞ്ഞാറൻ കാറ്റ് ദുർബലമായതിനാൽ തുടർച്ചയായി മഴമേഖങ്ങൾ കരയിലേക്ക് എത്തുന്നില്ല. ഇന്ത്യൻ മഹാസമുദ്രത്തിലെ താപലനിലയിലുണ്ടായ മാറ്റങ്ങളാണ് കാലവർഷം ദുർബലമായതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന്. വരണ്ട കാറ്റ് മൺസൂൺ കാറ്റുമായി ചേരുമ്പോഴാണ് മഴമേഖങ്ങൾ ദുർബലമാകുന്നത്. ചൊവ്വാഴ്ചയോടെ സ്ഥിതി മെച്ചപ്പെട്ടേക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം.
