ചിപ്സണ്‍ ഏവിയേഷന് കരാർ നൽകാൻ രണ്ടു മാസം മുമ്പ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തുവെങ്കിലും ടെണ്ടർ കാലാവധി കഴിഞ്ഞതിനാൽ തീരുമാനം അനിശ്ചിതത്വത്തിലായി

തിരുവനന്തപുരം: ഹെലികോപ്റ്റർ വാടകക്ക് എടുക്കാനുള്ള പൊലീസിൻറെ കരാർ അവതാളത്തിൽ. ചിപ്സണ്‍ ഏവിയേഷന് കരാർ നൽകാൻ രണ്ടു മാസം മുമ്പ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തുവെങ്കിലും ടെണ്ടർ കാലാവധി കഴിഞ്ഞതിനാൽ തീരുമാനം അനിശ്ചിതത്വത്തിലായി. ടെണ്ടറിൽ പങ്കെടുത്ത മുഴുവൻ കമ്പനികളുമായി ചർച്ച നടത്താൻ ഡിജിപിയെ സർക്കാർ ചുമതലപ്പെടുത്തി.

ആറു സീറ്റുള്ള ഹെലികോപ്റ്റർ മൂന്നു വർഷത്തേക്ക് വാടകക്കു നൽകാനാണ് ചിപ്സണിന് കരാർ ലഭിച്ചത്. 2022 ഡിസംബർ മാസത്തിലായിരുന്നു ടെണ്ടർ ഉറപ്പിച്ചത്. 25 മണിക്കൂർ പറക്കാൻ എണ്‍പത് ലക്ഷത്തിനായിരുന്നു ടെണ്ടർ. ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ആഭ്യന്തരവകുപ്പ് അയക്കുകയും ചെയ്തു. പക്ഷെ വൻ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഹെലിക്പോറ്റർ വാടക്കെടുക്കുന്ന വിവാദമാതോടെ കമ്പനിയുമായി അന്തിമകരാർ ഒപ്പുവയ്ക്കുന്നതിനുള്ള തീരുമാനം മന്ത്രിസഭയെടുത്തില്ല.

കഴിഞ്ഞ വ‍ർഷം ജൂലൈമാസം വരെയായിരുന്നു ടെണ്ടർ കാലാവധി. ടെണ്ടർ കാലാവധി കഴിഞ്ഞതോടെ ബാങ്ക് ഗ്യാരണ്ടിയായ തുക തിരികെ ആവശ്യപ്പെട്ട് കമ്പനി സർക്കാരിനെ സമീപിച്ചു. കഴിഞ്ഞ മാർച്ച് രണ്ടിന് ചേർന്ന മന്ത്രിസഭയോഗം ചിപ്സണുമായുള്ള കരാറുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചു. മന്ത്രിസഭ തീരുമാനമെടുത്തപ്പോഴാണ് ടെണ്ടർകാലാവധി കഴിഞ്ഞ ശേഷമാണ് അനുമതി നൽകിയതെന്നത് ആഭ്യന്തരവകുപ്പും തിരിച്ചറിഞ്ഞത്. ഇതോടെ അന്തിമ കരാർ നിയമക്കുരുക്കിലായി.

ഹെലികോപ്റ്റർ വാടകയ്ക്ക് വാങ്ങാനുള്ള പൊലീസ് കരാർ അവതാളത്തിൽ |Helicopter | Kerala Government

ടെണ്ടർ കാലാവധി കഴിഞ്ഞ ശേഷമുള്ള അനുമതിക്കെതിരെ ടെണ്ടറിൽ പങ്കെടുത്ത മറ്റ് കമ്പനികൾ നിയമനടപടി സ്വീകരിക്കാൻ സാധ്യതയുണ്ട്. . ഒരു വർഷത്തിനിപ്പുറം പഴയ നിരക്കിൽ സർവ്വീസ് നടത്താൻ ചിപ്സണ ഇനി സമ്മതിക്കുമോ എന്നും വ്യക്തമല്ല. ടെണ്ടറിൽ പങ്കെടുത്ത ചിപ്സൺ അടക്കമുള്ള എല്ലാ കമ്പനികളുമായി വീണ്ടും ചർച്ച നടത്താൻ ഡിജിപിയെ ചുമതലപ്പെടുത്തി. ഒന്നാം പിണറായി സർക്കാറിൻറ കാലത്ത് ടെണ്ടർ ഇല്ലാതെ പവൻഹൻസ് എന്ന കമ്പനിയിൽ നിന്നും ഹെലികോപ്റ്റർ വാടകക്ക് എടുക്കാൻ തീരുമാനമെടുത്തത് വിവാദമായിരുന്നു. കാര്യമായ സർവ്വീസ നടത്താതെ 22.21 കോടി രൂപയാണ് പവൻഹൻസിന് നൽകേണ്ടിവന്നത്.