വിഎം വിനുവിന്റെ പേര് വോട്ടർപട്ടികയിൽ ഉണ്ടായിരുന്നില്ല. ഹർജി തള്ളിയതോടെ വിനുവിന് സ്ഥാനാർത്ഥിയാകാൻ കഴിയില്ല.
കൊച്ചി: കോഴിക്കോട് കോര്‍പറേഷനിലെ യുഡിഎഫിന്‍റെ മേയർ സ്ഥാനാർത്ഥിയായ വി എം വിനു തന്‍റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹർജി ഹൈക്കോടതി തള്ളി. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നും പോലും നോക്കാതെയാണോ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന ചോദ്യമുള്‍പ്പെടെ രൂക്ഷ വിമര്‍ശനങ്ങളോടെയാണ് ഹര്‍ജി തളളിയത്. കോടതി വിധി മാനിക്കുന്നതായി വിഎം വിനു പറഞ്ഞു. പിന്നാലെ വിനുവിന്‍റെ വീട് ഉള്‍പ്പെടുന്ന മലാപ്പറമ്പ് വാര്‍ഡിലെ കൗണ്‍സിലര്‍ രാജേഷ് സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി അറിയിച്ച് പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കി.
തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ തുടര്‍ച്ചയായ തിരിച്ചടികള്‍ ഏറ്റുവാങ്ങി നാണക്കേടിന്‍റെ നടുക്കയത്തിലേക്ക് വീണിരിക്കുകയാണ് കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതൃത്വം. മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ ചലച്ചിത്ര സംവിധായകന്‍ വിഎം വിനുവിന്റെ പേര് വോട്ടര്‍ പട്ടികയിലില്ലെന്നും ഇത് നേരത്തെ യഥാസമയം കണ്ടെത്തുന്നതില്‍ വീഴ്ച വന്നതായും തിരിച്ചറിഞ്ഞിട്ടും ഇക്കാര്യത്തില്‍ ഗൂഢാലോചന ആരോപിച്ച് ഹൈക്കോടതിയിലെത്തിയ വിനുവിനും കോണ്‍ഗ്രസിനും കോടിതിയില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത് രൂക്ഷ വിമര്‍ശനവും പരിഹാസവും. താന്‍ ഒരു സെലിബ്രിറ്റി ആണെന്നും ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി മനഃപൂർവം തന്‍റെ പേര് വെട്ടിയെന്നുമായിരുന്നു വിനുവിന്‍റെ വാദം.
സെലിബ്രറ്റി ആയത്കൊണ്ട് പ്രത്യേകത ഇല്ലെന്നും രാഷ്ട്രീയകാരും സാധാരണക്കാരും ഒന്ന് തന്നെയെന്നും പറഞ്ഞ കോടതി സെലിബ്രിറ്റീസ് വാർത്തകൾ ഒന്നും അറിയിറില്ലേ എന്ന് ചോദിച്ചു. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നും പോലും നോക്കാതെയാണോ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് ചോദിച്ച കോടതി സ്വന്തം കഴിവ് കേടിന് മറ്റ് പാർട്ടികളെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യമെന്നും ചോദിച്ചു. തിരുവനന്തപുരം മുട്ടടയിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണയുടെ കേസ് വ്യത്യസ്തമെന്ന് കോടതി ഓർമിപ്പിച്ചു. കോടതി വിധി മാനിക്കുന്നുവെന്നും യുഡിഎഫിനൊപ്പം തന്നെ ഉണ്ടാകുമെന്നും വിനു പ്രതികരിച്ചു.
വിനുവിന്‍റെ സ്ഥാനാര്‍ത്ഥിത്വം ഇല്ലാതായ സാഹചര്യത്തില്‍ കല്ലായ് വാര്‍ഡില്‍ ഉടന്‍ മറ്റൊരു മികച്ച സ്ഥാനാര്‍ത്ഥി വരുമെന്ന് ഡിസിസി പ്രസിഡണ്ട് കെ പ്രവീണ്‍ കുമാര്‍. ചലച്ചിത്ര സാസ്കാരിക രംഗത്ത് പ്രമുഖനായ വിനുവിനെ കോണ്‍ഗ്രസ് അപമാനിച്ചെന്നായിരുന്നു സിപിഎം പ്രതികരണം. കോടതി വിധിക്ക് പിന്നാലെ വിനുവിന്‍റെ വീട് ഉള്‍പ്പെടുന്ന മലാപ്പറമ്പ് വാര്‍ഡിലെ കൗണ്‍സിലര്‍ രാജേഷ് സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി അറിയിച്ച് പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കി. മാനസിക, സാമ്പത്തിക കാരണങ്ങളാല്‍ സംഘടനാ പ്രവര്‍ത്തനം തുടരാനാകാത്ത നിലയില്‍ ആണെന്നും തദ്ദേശ തെരഞടുപ്പിന് ശേഷം സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെന്നും കത്തില്‍ പറയുന്നു. ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടത് പ്രകാരമാണ് രാജേഷിന്‍റെ ഈ നടപടിയെന്നും വിവരമുണ്ട്.



