Asianet News MalayalamAsianet News Malayalam

ഇത്രയധികം പ്രശ്നങ്ങള്‍ ഉണ്ടാക്കിയതിന് ആര് സമാധാനം പറയും ? സില്‍വര്‍ലൈനില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി

ഡിപിആറിന്  കേന്ദ്രത്തിന്‍റെ അനുമതി ഇല്ലെന്നിരിക്കെ സാമൂഹികാഘാത പഠനം നടത്തിയിട്ട് എന്ത് ഗുണമെന്നാണ് ഹൈക്കോടതി ചോദിച്ചത്. 

High Court with questions on Silver Line project
Author
First Published Sep 26, 2022, 2:48 PM IST

കൊച്ചി: സില്‍വർ ലൈൻ സർവ്വേയിൽ  സർക്കാരിനെയും കെ റയിൽ കോർപ്പറേഷനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സിൽവർ ലൈൻ സർവ്വേയ്ക്ക് എതിരായ വിവിധ ഹർജികൾ തീർപ്പാക്കിയാണ് ഹൈക്കോടതി സർക്കാരിനെയും കെ റെയിൽ കോർപ്പറേഷനെയും വിമർശിച്ചത്. ഡി പി ആറിന് കേന്ദ്രാനുമതിയില്ലാഞ്ഞിട്ടും കോടികൾ ചെലവഴിച്ച സർവ്വേ എന്തിനായിരുന്നുവെന്ന് കോടതി ചോദിച്ചു. സർവ്വേയുടെ പേരിൽ ഉണ്ടാക്കിയ പ്രശ്നങ്ങൾക്ക് ആര് സമാധാനം പറയുമെന്നും സർക്കാരിനോട് കോടതി ആരാഞ്ഞു. 

സിൽവർലൈൻ ഡി പി ആറിന് അംഗീകാരം നൽകിയിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. പിന്നെ കോടികൾ ചെലവഴിച്ച് സാമൂഹികാഘാത പഠനം നടത്തിയിട്ട് എന്ത് ഗുണമെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദ്യം. സർവ്വേയുടെ പേരിൽ ഉണ്ടാക്കിയ പ്രശ്നങ്ങൾക്ക് ആരാണ് സമാധാനം പറയുക. പ്രതിഷേധം നടത്തിയവർക്കെതിരായ കേസുകൾ പിൻവലിക്കുമോ എന്നും കോടതി ചോദിച്ചു. എന്നാൽ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിൻമാറിയിട്ടില്ലെന്നും കേന്ദ്ര അനുമതിയ്ക്കായി കാത്ത് നിൽക്കുകയാണെന്നും സർക്കാർ വ്യക്തമാക്കി. സർവ്വേക്ക് എതിരായി പ്രതിഷേധിച്ചവർക്കെതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കില്ലെന്നും കോടതിയെ അറിയിച്ചു.

എന്നാൽ  ഒരു പേര് വിളിച്ചത് കൊണ്ട് പദ്ധതിയാകില്ലെന്നും ഡിപിആർ ആദ്യം കേന്ദ്രം അംഗീകരിക്കട്ടെയെന്നും കോടതി പറഞ്ഞു. ശരിയായ രീതിയിൽ മാത്രമേ പദ്ധതി നടപ്പാക്കാൻ കഴിയുകയുള്ളു. അക്കാര്യം കോടതി ഉറപ്പുവരുത്തുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കൂട്ടിചേർത്തു. നിലവിൽ സാമൂഹികാഘാത പഠനത്തിനുള്ള കാലാവധി കഴിഞ്ഞും പുതിയ വിജഞാപനം സർക്കാർ പുറപ്പെടുവിച്ചിട്ടില്ല. പദ്ധതി പ്രവർത്തനമൊന്നും നടക്കുന്നില്ല. ഈ സാഹചര്യത്തിൽ സർവ്വേയ്‍ക്ക് എതിരായ ഹർജിക്കാരുടെ ആശങ്ക നിലനിൽക്കുന്നില്ലെന്ന് വ്യക്തമാക്കി ഹർജികൾ തീർപ്പാക്കി. സർക്കാർ സർവ്വേയുമായി മുന്നോട്ട് പോയാൽ ഹർജിക്കാർക്ക് ആശങ്കയുണ്ടെങ്കിൽ  വീണ്ടും കോടതിയെ സമീപിക്കാമെന്നും സിംഗിൾ ബ‌െഞ്ച് വ്യക്തമാക്കി.


 

Follow Us:
Download App:
  • android
  • ios