കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ഉന്നതങ്ങളിലേക്ക് വ്യാപിക്കുന്നുവെന്ന് സൂചന. ഉന്നതരുടെ സഹായം റാക്കറ്റിന് പതിവായി കിട്ടുന്നുണ്ടെന്നാണ് സൂചന. മലബാര്‍ മേഖലയിലേക്കും മംഗളൂരുവിലേക്കും ഇതുസംബന്ധിച്ച് അന്വേഷണം വ്യാപിപ്പിക്കും. മറ്റുസംസ്ഥാനങ്ങളിൽ സ്വർണ്ണം എത്തിച്ചതിന്‍റെ തെളിവുണ്ട്. ഭീകരസംഘടനകള്‍ക്ക് പങ്കുണ്ടോയെന്ന് റോ അന്വേഷിക്കുകയാണ്. ഭീകരപ്രവർത്തനത്തിന് സ്വർണക്കടത്ത് ഉപയോഗിക്കുന്നുണ്ടെന്ന സൂചന കസ്റ്റംസ് നേരത്തെ നല്‍കിയിരുന്നു. സ്വപ്‍നയുടെ അറസ്റ്റിനു ശേഷമുള്ള വിവരങ്ങൾ കേന്ദ്രം നിരീക്ഷിക്കുകയാണ്. 

അതേസമയം സ്വർണ്ണക്കടത്ത് കേസിൽ പ്രതിചേർത്ത സാഹചര്യത്തിൽ ദുബായിലുള്ള മൂന്നാംപ്രതി ഫാസില്‍ ഫരീദിനെ ഇന്ത്യയിലേക്ക് കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. ഇതിനുള്ള നടപടിക്രമങ്ങൾ ഉടൻ ഉണ്ടായേക്കും. ഫാസില്‍ നേരത്തെയും ഗൾഫിൽ നിന്ന് കേരളത്തിലേക്ക് സ്വർണ്ണം കടത്തിയതായാണ് വിവരം. ബോളിവുഡ് താരത്തോടൊപ്പം ഫാസില്‍ ഒരു ചടങ്ങിൽ പങ്കെടുത്ത ദൃശ്യങ്ങളും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

കേസിൽ മൂന്നാം പ്രതിയായ ഫാസിലിന്‍റെ ബന്ധങ്ങളാണ് ഇപ്പോൾ അന്വേഷിക്കുന്നത്. സ്വർണ്ണക്കടത്തിലൂടെ ലഭിക്കുന്ന ഭീമമായ തുക ദേശ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന് രഹസ്യാന്വേഷണ ഏജൻസികൾ വഴി എൻഐഎക്ക് വിവരം ലഭിച്ചുവെന്നാണ് സൂചന. ദുബായിയിൽ ബിസിനസ് ചെയ്യുന്ന ഫാസില്‍ കൊടുങ്ങല്ലൂർ മൂന്ന് പിടിക സ്വദേശിയാണ്. ദുബായിയിൽ ഇയാൾക്ക് സ്വന്തമായ ജിംനേഷ്യവും ഉണ്ട്.

ഫാസിലിന്‍റെ ജിംനേഷ്യത്തിന്‍റെ ഉദ്ഘാടനത്തിന് ബോളിവുഡ് താരമെത്തിയതിന്‍റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സിനിമാ മേഖലയിൽ ബന്ധങ്ങളുള്ള ഫാസില്‍ ആഡംബര വാഹനപ്രിയനാണ്. കേസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരണം തേടിയെങ്കിലും ഫാസില്‍ ഒഴിഞ്ഞ് മാറുകയായിരുന്നു.

ഫാസില്‍ ഫരീദിനെ ഇന്ത്യയിലേക്ക് കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ടേക്കും