ഹൈറിച്ച് തട്ടിപ്പ് കേസ്; നടന്നത് 1651 കോടിയുടെ കള്ളപ്പണ ഇടപാട്, ആദ്യ കുറ്റപത്രം സമര്‍പ്പിച്ച് ഇഡി
ആകെ 277 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്നാണ് കുറ്റപത്രത്തിലുളളത്
കൊച്ചി:കൊച്ചി:ഹൈറിച്ച് സാമ്പ്തിക തട്ടിപ്പ് കേസിൽ 1651 കോടി രൂപയുടെ കളളപ്പണ ഇടപാട് നടന്നെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കുറ്റപത്രം. സ്ഥാപന ഉടമകളായ ടി ഡി പ്രതാപൻ , ഭാര്യ ശ്രീന അടക്കം 37 പേരെ പ്രതികളാക്കിയാണ് നടപടി.കുറ്റപത്രവും അനുബന്ധ രേഖകളും അടക്കം 11500 പേജുകളുളള റിപ്പോർട്ടാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കൊച്ചിയിലെ കോടതിയിൽ സമർപ്പിച്ചത്.സ്ഫാപന ഡയക്ടർമാരായ പ്രതാപനും ശ്രീനയ്ക്കുമൊപ്പം 15 പ്രൊമോട്ടർമാരെയും ഇഡി പ്രതികളാക്കി. 33.7 കോടിരൂപയുടെ സ്വത്തുക്കൾ അടുത്തയിടെ കണ്ടുകെട്ടിയതായി റിപ്പോർട്ടിലുണ്ട്.
അന്വേഷണത്തിന്‍റെ തുടക്കത്തിൽ സ്ഥാപനവുമായി ബന്ധപ്പെട്ട 244 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചിരുന്നു. ആകെ 277 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്നാണ് കുറ്റപത്രത്തിലുളളത്. നിക്ഷേപം എന്ന പേരിലാണ് പൊതുജനങ്ങളിൽ നിന്ന് പ്രതാപനും ശ്രീനയും അടക്കമുളളവർ പണം പിരിച്ചത്. ഹൈറിച്ച് ഗ്രോസറി, ഫാം സിറ്റി, എച്ച് ആർ ക്രിപ്റ്റോ, എച്ച് ആർ ഒടിടി തുടങ്ങിയ പേരുകളിലായിരുന്നു നിക്ഷേപസമാഹരണം . പിരിച്ചെടുത്ത ശതകോടികൾ കളളപ്പണ ഇടപാടിലൂടെ വിദേശത്തേക്കടക്കം കടത്തി. വിദേശത്ത് ക്രിപ്റ്റോ കറൻസിയിലും നിക്ഷേപിച്ചു.
കളളപ്പണ ഇടപാട് അടക്കം നടത്തി സ്ഥാപനം നിക്ഷേപകരെ വഞ്ചിച്ചു. കണ്ടുകെട്ടിയ സ്വത്തുക്കളിൽ നിന്ന് തങ്ങളുടെ നിക്ഷേപ വിഹിതം തിരിച്ചുകിട്ടാൻ പണം നഷ്ടപ്പെട്ടവർക്ക് കോടതിയെ സമീപിക്കാം. കേസിൽ അന്വേഷണം തുടരുകയാണെന്നും അനുബന്ധ കുറ്റപത്രം സമർപ്പിക്കുമെന്നും ഇഡി അറിയിച്ചു. കഴിഞ്ഞ ജൂലൈ നാലിനാണ് ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതി കെ.ഡി പ്രതാപൻ അറസ്റ്റിലാകുന്നത്.
ഹൈറിച്ച് മൾട്ടിലെവൽ മാർക്കറ്റിംഗ് ശൃംഖലയിൽ പങ്കാളികളായ നിക്ഷേപകരുടെയും, പ്രതാപന്‍റെ ഭാര്യ ശ്രീന തുടങ്ങിയവരെയും ഇഡി കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു. നിക്ഷേപകരിൽ നിന്ന് പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ കളളപ്പണ ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയെന്നാണ് ഇഡി കണ്ടെത്തൽ .