അടിയന്തരാവസ്ഥയുടെ കാലത്ത് സകല പൗരാവകാശങ്ങളും ലംഘിച്ച് പൊലീസിന്‍റെ പൈശാചിക മര്‍ദനങ്ങള്‍ അരങ്ങേറിയ ക്യാമ്പാണ് കോഴിക്കോട് കക്കയത്തേത്

അടിയന്തരാവസ്ഥയുടെ കാലത്ത് സകല പൗരാവകാശങ്ങളും ലംഘിച്ച് പൊലീസിന്‍റെ പൈശാചിക മര്‍ദനങ്ങള്‍ അരങ്ങേറിയ ക്യാമ്പാണ് കോഴിക്കോട് കക്കയത്തേത്. ചാത്തമംഗലം ആര്‍ഇസി വിദ്യാര്‍ത്ഥിയായിരുന്ന രാജനെ അതിക്രൂരമായി ഉരുട്ടിക്കൊന്ന, ഒട്ടേറെ നിരപരാധികളെ സമാനതകളില്ലാത്ത ശാരീരിക വേദനകളിലേക്ക് തള്ളിവിട്ട കക്കയം ക്യാമ്പ് അടിയന്തരാവസ്ഥക്കാലത്തും പില്‍ക്കാലവും കേരളത്തെ ഇളക്കിമറിച്ചു.

''ഞാന്‍ വാതിലടയ്ക്കുന്നേയില്ല. പെരുമഴ പെയ്തിറങ്ങട്ടെ. ഒരു കാലത്തും വാതിലുകള്‍ താഴിടാനാകാത്ത ഒരച്ഛനെ അദൃശ്യനായ മകനെങ്കിലും അറിയട്ടെ'' ഒരച്ഛന്‍റെ തീക്ഷണമായ ഓര്‍മ്മക്കുറിപ്പുകള്‍ പെയ്തൊഴിയുകയാണ്.

ജനാധിപത്യം ചവറ്റുകുട്ടയിലേക്ക് എറിഞ്ഞ കാലത്ത് ഭരണകൂട ഭീകരതയുടെ പ്രയോഗശാലയായി മാറിയ കക്കയം ക്യാമ്പിലെ ചോര മണക്കുന്ന വെളിപ്പെടുത്തലുകളിലേക്കുള്ള വാതില്‍ കൂടിയാണ് ചാത്തമംഗലം ആര്‍ഇസി വിദ്യാര്‍ത്ഥിയായിരുന്ന രാജന്‍. 1976 ഫെബ്രുവരി 26 ന് നടന്ന കായണ പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന്‍റെ അന്വേഷണത്തിന്‍റെ പേരില്‍ കോഴിക്കോട് ജില്ലയില്‍ നിന്നും 60 കിലോമീറ്ററുകളോളം അകലെയുള്ള കക്കയത്ത് തുടങ്ങിയ ക്യാമ്പ് മനുഷ്യവകാശ ലംഘനങ്ങളുടെ ഇടിമുറികളായിരുന്നു.

നക്സലൈറ്റ് ഉന്‍മൂലനത്തിനായി കായണ്ണ, കൂരാച്ചുണ്ട്, കക്കയം, ചാത്തമംഗലം തുടങ്ങിയ സ്ഥലത്തു നിന്ന് ചെറുപ്പക്കാരെ ആബ്സറ്റോസ് മേഞ്ഞ കെട്ടിടങ്ങളിലേക്ക് ഒരു രേഖകളും തെളിവുകളുമില്ലാതെ പൊലീസ് ജിപ്പില്‍ പകലും രാത്രിയും കൊണ്ടുവന്നു. അന്നുവരെ കേരളം കേട്ടിട്ടില്ലാത്ത ഒരു പൈശാചിക മര്‍ദന മുറ ഇവിടെ തുടങ്ങി. കസ്റ്റഡിയിലുള്ള ആളെ ബെഞ്ചില്‍ മലര്‍ത്തിക്കിടത്തി നിലവിളി പുറത്തു കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകി തുടയുടെ മുകളിലൂടെ താഴോട്ടും മുകളിലോട്ടും ഇരുമ്പുലക്ക കൊണ്ട് കരുത്തരായ പൊലീസുകാര്‍ ഉരുട്ടി.

ഇരുന്നൂറോളം പേരെയാണ് കക്കയം ക്യാമ്പില്‍ കൊണ്ടുവന്നത്. രാജനെ ഉരുട്ടിക്കൊല്ലുന്നതിന്‍റെ ദൃക്സാക്ഷിയായ ചാത്തമംഗലം സ്വദേശി കാനങ്ങോട്ട് രാജന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ നരനായാട്ടിനെക്കുറിച്ച് പുസ്തകളിലൂടെ ഞെട്ടിക്കുന്ന അനുഭവങ്ങള്‍ പങ്കുവെച്ചു. സ്കോട്ട്ലാന്‍ഡ് യാര്‍ഡ് പൊലീസില്‍ നിന്ന് കുറ്റാന്വേഷണം പഠിച്ചു വന്ന ഡിഐജി ജയറാം പടിക്കല്‍, ഐജി ലക്ഷമണ, ടി വി മധുസൂധനന്‍, മുരളിദാസ്, പുലിക്കോടന്‍ നാരായണന്‍ ഇങ്ങനെ പൊലീസ് സേനയിലെ അധികാരശ്രേണിയില്‍ മുകളിലും താഴെയുമുള്ള ഉദ്യാഗസ്ഥര്‍ പീഡനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

YouTube video player

കനത്ത പൊലീസ് കാവലില്‍ കക്കയത്തെ കുടിയേറ്റ ജനത വിറച്ചകാലം. ക്യാമ്പിനകത്ത് എന്തു സംഭവിക്കുന്നു എന്നതിനെക്കുറിച്ച് തൊട്ടരികെയുള്ളവര്‍ ആദ്യം ഒന്നും അറിഞ്ഞേയില്ല. അറിഞ്ഞവരാകട്ടെ ഭയം കൊണ്ട് പങ്കുവെച്ചുമില്ല. ജനാധിപത്യ കേരളത്തിന്‍റെ കൊടിക്കൂറയിലെ കണ്ണീര്‍പ്പൂവാണ് രാജന്‍. ഒരിടത്തും രേഖപ്പെടുത്താതെ പോയ നിരവധി പേരുടെ ഇന്നും പുറത്തറിയാത്ത നോവനുഭവങ്ങളുടെ മലയടിവാരമാണ് കക്കയം.

നിരപരാധികളുടെ നിലവിളികളും പൊലീസുകാരുടെ അലര്‍ച്ചകളും പിന്നിട്ട് കക്കയം വികസനസാധ്യതകള്‍ തേടുകയാണ്. പൊള്ളുന്ന ഒരു ചോദ്യത്തിനുള്ള ഉത്തരവും നെഞ്ചിലൊതുക്കി.

''എന്‍റെ നിഷ്കളങ്കനായ കുഞ്ഞിനെ എന്തിനാണ് മരിച്ചിട്ടും നിങ്ങള്‍ മഴയത്തു നിര്‍ത്തുന്നത്'