രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ലൈംഗിക പീഡന പരാതിയിൽ കടുത്ത വിമർശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. രാഹുലിനെതിരെ തെളിവുകളുണ്ടെന്നും അദ്ദേഹത്തെപ്പോലൊരാളെ എങ്ങനെ വിശ്വസിച്ച് വീട്ടിൽ കയറ്റുമെന്നും പത്മജ ചോദിച്ചു.
തൃശൂര്‍: രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എക്കെതിരെ കടുത്ത വിമർശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. ആ പെൺകുട്ടിക്ക് പരാതി ഉണ്ടെന്ന് മാത്രമല്ല, അവൾ തെളിവുകളും കൈമാറിയിരിക്കുന്നു. എന്നിട്ടും രാഹുൽ എന്ന അശ്ലീലത്തെ ഇങ്ങനെ ചുമക്കുന്ന കോൺഗ്രസിനെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കുകയെന്ന് പത്മജ വേണുഗോപാൽ ചോദിച്ചു. ഗർഭസ്ഥ ശിശുക്കളെ കൊന്ന് കളഞ്ഞ കൊലപാതകി ആയ ഒരുവനെ പാലക്കാടിന് വേണോ എന്ന് പാലക്കാട്ടെ ജനങ്ങൾ തീരുമാനിക്കണം. ഒരു ജനപ്രതിനിധി എല്ലാ മനുഷ്യരുടെയും വീടുകളിൽ സന്ദർശനം നടത്തേണ്ട ഒരാളാണ്. ഇങ്ങനെ സ്വഭാവ വൈകല്യം ഉള്ള ഒരുവനെ എങ്ങനെ ആണ് വിശ്വസിച്ച് വീട്ടിൽ കയറ്റാൻ കഴിയുകയെന്നും പത്മജ ചോദിച്ചു.
രാഹുൽ എവിടെ?
അതേസമയം, ലൈംഗിക പീഡന പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഹുല്‍ കേരളം വിട്ടെന്നുള്ള സൂചനകൾ പുറത്ത് വരുന്നുണ്ട്. രാഹുലിനെ തേടി പാലക്കാടും പത്തനംതിട്ടയിലും പൊലീസ് അന്വേഷണം തുടരുകയാണ്. യുവതിക്ക് ഗർഭച്ഛിദ്ര ഗുളികകൾ എത്തിച്ച് നല്‍കിയ രാഹുലിന്‍റെ സുഹൃത്തിനെയും പൊലീസ് തിരയുന്നുണ്ട്. ഇതിനിടെ കേസില്‍ മുൻകൂർ ജാമ്യത്തിനുള്ള നീക്കം സജീവമാക്കിയിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കൊച്ചിയിലെ അഭിഭാഷകനുമായി രാഹുൽ മാങ്കൂട്ടത്തിൽ ചർച്ച നടത്തി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാനാണ് ആലോചന. അസാധാരണ സാഹചര്യം ഉണ്ടെങ്കിലേ നേരിട്ട് ഹൈക്കോടതിയിൽ എത്താവൂ എന്നാണ് സുപ്രീംകോടതിയുടെ നിർദേശം. എംഎൽഎ ആണെന്നതും അറസ്റ്റ് സാഹചര്യം ഉണ്ടെന്നതും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ടു ഡേ ആയി ഹർജി എത്തിക്കാനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. അല്ലെങ്കിൽ തിരുവനന്തപുരത്ത് ഹർജി നൽകും.
തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിട്ടുള്ളത്. കേസ് പിന്നീട് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. സീറോ എഫ്ഐആറാണ് വലിയമല സ്റ്റേഷനിൽ ഇട്ടിരിക്കുന്നത്. കുറ്റം നടന്നത് നേമം സ്റ്റേഷൻ പരിധിയിൽ ആയതിനാലാണ് അങ്ങോട്ട് മാറ്റിയത്. യുവതിയുടെ രഹസ്യ മൊഴി എടുക്കാൻ ഇന്ന് തന്നെ പൊലീസ് അപേക്ഷ നൽകും. നെയ്യാറ്റിൻകര കോടതിയിലാണ് അപേക്ഷ നൽകുക. കോടതി അനുവദിച്ചാൽ ഇന്ന് തന്നെ മൊഴി എടുക്കും.


