Asianet News MalayalamAsianet News Malayalam

മായാ മഷിയുടെ 63,100 കുപ്പി എത്തി, 40 സെക്കൻഡ് കൊണ്ട് ഉണങ്ങും; രാജ്യത്ത് നിർമ്മിക്കുന്നത് ഒരേയൊരു കമ്പനി

63,100 കുപ്പി(വയൽ) മഷിയാണ് ലോക്സഭ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഉപയോഗിക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു.

How indelible ink came to be used in Indian elections who makes it and cost Explained
Author
First Published Apr 19, 2024, 6:35 PM IST

തിരുവനന്തപുരം: മഷിപുരണ്ട ചൂണ്ടുവിരൽ നമ്മുടെ തെരഞ്ഞെടുപ്പിന്റെ മുഖമുദ്രയാണ്. ജനാധിപത്യപ്രക്രിയയിൽ പങ്കെടുത്ത് സമ്മതിദാനാവകാശം വിനിയോഗിച്ചതിന്റെ അഭിമാന ചിഹ്നം. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള ലോക്സഭ തിരഞ്ഞെടുപ്പിന് ആറ് നാൾ മാത്രം അവശേഷിക്കെ സമ്മതിദാനത്തിന്റെ അടയാളമായി പുരട്ടാനുള്ള മായാമഷി (ഇൻഡെലിബിൾ ഇങ്ക്) സംസ്ഥാനത്തെ മുഴുവൻ വിതരണ കേന്ദ്രങ്ങളിലും എത്തി. 

63,100 കുപ്പി(വയൽ) മഷിയാണ് ലോക്സഭ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഉപയോഗിക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. കള്ളവോട്ട് തടഞ്ഞ് കുറ്റമറ്റതും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താനായി ഉപയോഗിക്കുന്ന മഷിയടയാളം രാജ്യത്തെ തെരഞ്ഞെടുപ്പിന്റെ അഭിമാനം ചിഹ്നം കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.  

ഇക്കുറി 2,77,49,159 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം. കള്ളവോട്ടുകൾ തടയാൻ ഈ സംവിധാനത്തിനാകും. വിരലിൽ പുരട്ടിയാൽ വെറും നാൽപതു സെക്കന്റുകൊണ്ട് ഉണങ്ങിത്തീരുന്ന ഈ മഷി മായ്ക്കാനാവില്ല. പോളിംഗ് ദിനം കഴിഞ്ഞും ദിവസങ്ങളെടുക്കും ഇത് താനേ മാഞ്ഞു പോവാൻ.

സംസ്ഥാനത്തെ 25,231 ബൂത്തുകളിലേക്ക് ആവശ്യമുള്ളതിന്റെ രണ്ടര ഇരട്ടി മഷിക്കുപ്പികളാണ് എത്തിച്ചിട്ടുള്ളത്. ഒരു കോടി 30 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സംസ്ഥാനത്തേക്കാവശ്യമായ മഷി തെരഞ്ഞെടുപ്പ് കമ്മീഷൻ കർണാടക സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മൈസൂരു പെയ്ന്റ് ആൻഡ് വാർണിഷ് കമ്പനിയിൽ(എംവിപിഎൽ) നിന്ന് എത്തിച്ചത്.

ഒരു കുപ്പിയിൽ പത്തുമില്ലി മഷിയാണുള്ളത്. ഇതുപയോഗിച്ച് 700 ഓളം വോട്ടർമാരുടെ വിരലുകളിൽ മഷി പുരട്ടാനാവും. വോട്ടുചെയ്യാൻ വരുന്ന പൗരന്മാരുടെ ഇടത്തെ കയ്യിന്റെ ചൂണ്ടുവിരലിൽ ഈ മഷി പുരട്ടുക എന്നത് രണ്ടാം പോളിംഗ് ഓഫീസറുടെ ഉത്തരവാദിത്തമാണ്. ആദ്യ പോളിങ് ഓഫീസർ വോട്ടറെ ഐഡന്റിഫൈ ചെയ്തുകഴിഞ്ഞാൽ രണ്ടാം പോളിംഗ് ഓഫീസർ വോട്ടറുടെ ഇടതുകൈയിലെ ചൂണ്ട് വിരൽ പരിശോധിച്ച് മഷി പുരണ്ടതിന്റെ അടയാളങ്ങൾ ഇല്ല എന്നുറപ്പാക്കും. തുടർന്ന് ഇടതുകൈയിലെ ചൂണ്ട് വിരലിന്റെ അഗ്രത്ത് നിന്ന് ആദ്യ സന്ധിവരെ ബ്രഷുകൊണ്ട് നീളത്തിൽ മഷി അടയാളം രേഖപ്പെടുത്തുകയാണ് ചെയ്യുക.

ഇന്ത്യയിൽ ഈ മഷി നിർമിക്കാൻ അനുവാദമുള്ളത് മൈസൂരു പെയ്ന്റ് ആൻഡ് വാർണിഷ് കമ്പനിക്ക് മാത്രമാണ്. 1962 ലെ ലോക്സഭ തെരഞ്ഞെടുപ്പിലാണ് ആദ്യമായി മായാത്ത മഷി പുരട്ടുന്ന രീതി തുടങ്ങുന്നത്. അതിനു ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഈ മഷി വോട്ടർമാരുടെ വിരലുകളിൽ പുരട്ടിയിട്ടുണ്ട്. നാഷണൽ ഫിസിക്കൽ ലബോറട്ടറി ഓഫ് ഇന്ത്യയിൽ വികസിപ്പിച്ച ഒരു ഫോർമുലയാണ് ഈ സവിശേഷം വോട്ടിങ് മഷിയിൽ ഉപയോഗിച്ചിട്ടുള്ളത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ടർ, എൽ കെ അദ്വാനിയുടെ പഴയ മണ്ഡലം; അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.

Follow Us:
Download App:
  • android
  • ios