ദേശീയ പാതയുടെ മേൽപ്പാലത്തിൽ വിള്ളൽ. ചെങ്കള - നീലേശ്വരം റീച്ചിലാണ് വിള്ളൽ.
കാസര്‍കോട്: കാസർകോട് ചട്ടഞ്ചാൽലിൽ ദേശീയ പാതയുടെ മേൽപ്പാലത്തിൽ വിള്ളൽ. ചെങ്കള - നീലേശ്വരം റീച്ചിലാണ് വിള്ളൽ. അശാസ്ത്രീയമായി മണ്ണിട്ട് ഉയർത്തിയതാണ് വിള്ളലിനു വഴി വച്ചത് എന്നാണ് നാട്ടുകാർ പറയുന്നത്. വിള്ളൽ നാട്ടുകാർ കണ്ടതിനു പിന്നാലെ നിർമാണ കമ്പനി, മണൽ ഉപയോഗിച്ച് വിള്ളൽ നിക്കത്താൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു. എം സാന്‍റ് ഉപയോഗിച്ച് അടയ്ക്കാനാണ് നിർമാണ കമ്പനി ശ്രമിച്ചത്. മേഘ യാണ് നിർമാണം നടത്തുന്നത്.
കേരളത്തിലെ ദേശീയപാത തകർച്ചയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കർശന നടപടികൾ സ്വീകരിച്ചിരുന്നു. എൻഎച്ച്എഐ സൈറ്റ് എഞ്ചിനീയറെ പിരിച്ചുവിട്ടു. പ്രൊജക്ട് ഡയറക്ടറെ സസ്പെന്റ് ചെയ്തു. റോഡ് സുരക്ഷാ അവലോകനത്തിനായി എക്സ്പേർട്ട് കമ്മറ്റി രൂപീകരിച്ചു. വിരമിച്ച ഐഐടി-ഡൽഹി പ്രൊഫസർ ജി.വി. റാവുവിന്റെ മേൽനോട്ടത്തിലുള്ള കമ്മറ്റിയിൽ ഡോ. അനിൽ ദീക്ഷിത്, ഡോ. ജിമ്മി തോമസ്, ഡോ. കെ മോഹൻ കൃഷ്ണ എന്നിവരാണ് അംഗങ്ങൾ.
റോഡ് നിർമ്മാണത്തിന് കരാറെടുത്ത കൂടുതൽ കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. സുരക്ഷാ കൺസൾട്ടന്‍റ്, ഡിസൈൻ കൺസൾട്ടന്‍റ് കമ്പനികൾക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. കൂരിയാട് അടക്കം കരാറുകാരൻ സ്വന്തം ചിലവിൽ വെള്ളം പോകാനുള്ള സംവിധാനം (VIODUCT ) നിർമ്മിക്കണെന്നും കേന്ദ്ര മന്ത്രി നിർദ്ദേശിച്ചു. മണ്ണിട്ട് ഉയർത്തിയ പാതക്ക് റോഡിന്റെ ഭാരം താങ്ങാനുള്ള അടിത്തറ ഇല്ലായിരുന്നു. ഇതാണ് റോഡ് തകർച്ചക്ക് കാരണമെന്ന് പ്രാഥമിക വിലയിരുത്തൽ. ദേശീയപാത നിർമ്മാണത്തിൽ കരാറുകാർ ക്രമക്കേട് കാട്ടിയെന്ന് എൻഎച്ച്എഐ സമ്മതിച്ചിരുന്നു. ടെൻഡർ വ്യവസ്ഥകളിൽ വെള്ളം ചേർത്തെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി യോഗത്തിന് മുൻപാകെ അധികൃതർ സമ്മതിച്ചു. 40 ശതമാനം വരെ തുക കുറച്ചാണ് ഉപകരാറുകൾ നല്‍കിയത്.


