പത്മയുടെ സ്വർണ മാലയും മോതിരവും ഷാഫി കൊച്ചിയിൽ കൊണ്ടുപോയാണ് പണയം വെച്ചത്

തിരുവനന്തപുരം: നരബലി സംഭവത്തിൽ കൊല്ലപ്പെട്ട സ്ത്രീകളുടെ സ്വർണ്ണം പ്രതികൾ പണയം വെച്ചെന്നും തെളിഞ്ഞു. റോസ്‌ലിയുടെ സ്വർണ മോതിരം പ്രതികൾ ഇലന്തൂരിലെ സ്ഥാപനത്തിൽ പണയം വെച്ചു. 2000 രൂപയാണ് കിട്ടിയത്. ഇതിൽ 1500 രൂപ ഷാഫി പെട്രോൾ അടിക്കാൻ എടുത്തു. ബാക്കി 500 രൂപ ഭഗവൽ സിംഗിന്റെ കൈയ്യിൽ വെച്ചു. അതേസമയം പത്മയുടെ സ്വർണ മാലയും മോതിരവും ഷാഫി കൊച്ചിയിൽ കൊണ്ടുപോയാണ് പണയം വെച്ചത്. ഇതിന്റെ പണയ ചീട്ടുകൾ പൊലീസിന് കിട്ടി. കൊലപാതകത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിലാണ് സ്വർണാഭരണങ്ങൾ പണയം വെച്ചത്.

കൊലപ്പെടുത്തുന്നതിന് മുൻപ് തന്നെ റോസ്‌ലിയുടെയും പത്മയുടെയും ആഭരണങ്ങൾ പ്രതികൾ അഴിച്ചെടുത്തിരുന്നു. ഇരകളെ കൊലചെയ്ത ശേഷം മാംസം പ്രതികൾ കറിവെച്ച് കഴിച്ചെന്നും മൊഴിയുണ്ട്. ചോദ്യം ചെയ്യലിൽ ലൈലയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഷാഫിയുടെ നിർദ്ദേശപ്രകാരമായിരുന്നു ഇത്. 

ജൂണ്‍ 8 മുതല്‍ അമ്മ റോസിലിയെ കാണാനില്ലെന്ന് ഓഗസ്റ്റ് 17 ന് മകള്‍ മഞ്ജു കാലടി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നൽകിയിരുന്നു. ഓഗസ്റ്റ് 18ന് നല്‍കിയ പരാതിയിൽ കാര്യമായ അന്വേഷണം നടത്താൻ പൊലീസിന് കഴിഞ്ഞില്ല. അന്വേഷണ പുരോഗതി മഞ്ജുവിനെ അറിയിച്ചുമില്ല. താൻ പലതവണ സ്റ്റേഷനിൽ കയറിയിറങ്ങിയിട്ടും പൊലീസിന് അമ്മയെ കാണാതായതിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് മഞ്ജു ആരോപിച്ചത്.

YouTube video player

നാല് മാസത്തിനുശേഷം പത്മയുടെ തിരോധാനത്തില്‍ കടവന്ത്ര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് റോസിലിയുടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.റോസ്‌ലി കൊല്ലപ്പെട്ട കാര്യം കാലടി പൊലീസിന് കണ്ടെത്താനായിരുന്നെങ്കില്‍ പ്രതി മുഹമ്മദ് ഷാഫി പിടിയിലാവുമായിരുന്നു. എങ്കില്‍ പത്മയെന്ന ഒരു പാവം സ്ത്രീയുടെ ജീവനെങ്കിലും രക്ഷിക്കാൻ കഴിഞ്ഞേനെ. എന്നാല്‍ ഫോൺ വിളികളുടെ വിശദാംശങ്ങള്‍ അടക്കം പരിശോധിച്ചിരുന്നെന്ന് കാലടി പൊലീസ് വിശദീകരിക്കുന്നു. പ്രതി മുഹമ്മദ് ഷാഫിയിലേക്ക് എത്താനുള്ള വിവരം ലഭിച്ചില്ലെന്നും കാലടി പൊലീസ് പറയുന്നു. ഫോണിലും നേരിട്ടും പലതവണ പത്മവുമായി മുഹമ്മദ് ഷാഫി ബന്ധപെട്ടിട്ടുണ്ട്. ഈ തെളിവുകളാണ് കടവന്ത്ര പൊലീസിനെ അന്വേഷണത്തില്‍ സഹായിച്ചതെന്നും കാലടി പൊലീസ് വിശദീകരിക്കുന്നു.