പ്രതികളുടെ മൊഴിപൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ലെന്നും വിശദമായി ചോദ്യം ചെയ്യുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ആലപ്പുഴ: ഷൈൻ ടോം ചാക്കോ ഉൾപ്പടെയുള്ള സിനിമ നടന്മാരെ അറിയാമെങ്കിലും ലഹരി ഇടപാടുകൾ നടത്തിയിട്ടില്ലെന്ന് ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമ. പ്രതികളെ കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു പ്രതികരണം. അതേസമയം പ്രതികളുടെ മൊഴികൾ പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ലെന്നും വിശദമായി ചോദ്യം ചെയ്യലിന് ശേഷമേ സിനിമ നടൻമാരെ വിളിച്ചുവരുത്തുന്ന കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളൂവെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് അശോക് കുമാർ പറഞ്ഞു.
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളായതിനാൽ നടന്മാരെ പലരെയും തനിക്ക് അറിയാം. ഷൈൻ ടോം ചാക്കോയുമായും പരിചയം ഉണ്ട്. എന്നാൽ ഇവരുമായി ലഹരി ഇടപാടുകളില്ലെന്നാണ് കോടതിയിൽ എത്തിച്ചപ്പോൾ തസ്ലീമ മാധ്യമങ്ങളാട് പ്രതികരിച്ചത്. അഭിഭാഷകനെ മാറ്റുകയാണെന്ന് പ്രതികൾ കോടതിയെ അറിയിച്ചു.
ഒന്നാം പ്രതി തസ്ലിമയ്ക്ക് വേണ്ടി ഹൈക്കോടതി അഭിഭാഷകൻ ഓൺലൈൻ വഴി ഹാജരായി. ലഹരി വസ്തുക്കൾ വാങ്ങുകയോ വിൽക്കുകയോ ചെയ്തിട്ടില്ലെന്നും ഒന്നാം പ്രതിയുടെ ഭർത്താവാണെന്ന ഒറ്റ കാരണത്താൽ തന്നെ കേസിൽ കുടുക്കിയതാണെന്നുമായിരുന്നു മൂന്നാം പ്രതിയും തസ്ലിമയുടെ ഭർത്താവുമായ സുൽത്താൻ അക്ബർ അലിയുടെ വാദം. മൂന്നു പ്രതികളെയും വ്യാഴാഴ്ച വരെ എക്സൈസിൻ്റെ കസ്റ്റഡിയിൽ വിട്ടു.
നൂറിൽ പരം ചോദ്യങ്ങളാണ് പ്രതികൾക്കായി അന്വേഷണ സംഘം തയാറാക്കിയത്. മൂന്നു സംഘങ്ങളായി തിരിഞ്ഞു മൂന്നു പേരെയും ഒറ്റയ്ക്ക് ഒറ്റയ്ക്കായാണ് ആദ്യ ഘട്ടത്തിൽ ചോദ്യം ചെയ്യുക. പ്രതികളുടെ മൊഴികളിലെ വൈരുധ്യം മനസ്സിലാക്കാനാണ് ഇത്തരമൊരു നീക്കം. ഇതിൽ 25 ൽ പരം ചോദ്യങ്ങൾ സിനിമ മേഖലയുമായി ബന്ധപ്പെട്ടാണ്. പ്രതികളുടെ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ ഷൈൻ ടോം ചാക്കോ ഉൾപ്പടെ തസ്ലിമ വെളിപ്പെടുത്തിയ താരങ്ങളെ നോട്ടീസ് അയച്ചു വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് അന്വേഷണസംഘം കടക്കൂ.

