അഗ്നിശമന സേനാ വാഹനങ്ങൾക്കെങ്കിലും പുറത്തേക്ക് പോകാൻ പ്രത്യേക പാത ഒരുക്കണമെന്ന നിർദ്ദേശവും നടപ്പാക്കിയിട്ടില്ല.

ഇടുക്കി: രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പെടെ ദിവസേന ആയിരക്കണക്കിനാളുകളെത്തുന്ന ഇടുക്കി മെഡിക്കൽ കോളജിന്‍റെ പുതിയ കെട്ടിടം പ്രവർത്തിക്കുന്നത് അഗ്നിശമന സംവിധാനങ്ങളൊന്നുമില്ലാതെ. ചെറിയൊരു തീപിടുത്തമുണ്ടായാൽ തീ അണയ്ക്കാനുള്ള സംവിധാനം ബഹുനില കെട്ടിടത്തിനില്ല. അഗ്നിശമന സേനയുടെ നോട്ടീസുകൾക്ക് വില കല്‍പ്പിക്കാതെയാണ് കെട്ടിടം പ്രവർത്തിക്കുന്നത്.

രണ്ടു കെട്ടിട സമുച്ഛയങ്ങളാണ് ഇടുക്കി മെഡിക്കൽ കോളജിലെ പുതിയ ബ്ലോക്കിലുള്ളത്. ഒപിയും അത്യാഹിത വിഭാഗവും സ്കാനിങുമൊക്കെ ഇവിടെയാണ് നടക്കുന്നത്. ഇവിടെ എൺപത് പേരെ കിടത്തി ചികിത്സിക്കുന്നുമുണ്ട്. എന്നാൽ പ്രവർത്തനം തുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും കെട്ടിടത്തിന് അഗ്നിശമന സേനയുടെ എൻഒസിയില്ല. കെട്ടിടത്തിനുള്ളിൽ പലഭാഗത്തായി തീയണയ്ക്കാൻ വെള്ളമെത്തിക്കാനുള്ള പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. പണി പൂർത്തിയാകാത്തതിനാൽ ഇവയൊന്നും പ്രവർത്തിപ്പിക്കാനാകില്ല.

കൂടാതെ വാഹനങ്ങൾക്ക് കയറി വരാനും പുറത്തേക്ക് പോകാനും ഇടുങ്ങിയ ഒരു വഴി മാത്രമാണുള്ളത്. കിറ്റ്കോയാണ് കെട്ടിടത്തിന്‍റെ നിർമ്മാണം നടത്തുന്നത്. കെട്ടിടം പണി തുടങ്ങുമ്പോൾ തന്നെ സൈറ്റ് എൻഒസിയും പണി പൂർത്തിയായ ശേഷം ഫയർ എൻഒസിയും വാങ്ങേണ്ടതാണ്. അഗ്നിശമന സേനാ വാഹനങ്ങൾക്കെങ്കിലും പുറത്തേക്ക് പോകാൻ പ്രത്യേക പാത ഒരുക്കണമെന്ന നിർദ്ദേശവും നടപ്പാക്കിയിട്ടില്ല. എമർജൻസി വാതിലുകളുമില്ല. ലിഫ്റ്റിനു മുന്നിൽ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്ന നിലയിലാണ്. ഇതൊക്കെ പ്രവർത്തിപ്പിക്കാൻ വൈദ്യുതി സബ് സ്റ്റേഷനുമില്ല. മാസ്റ്റർ പ്ലാനില്ലാതെ കിറ്റ്കോ പണികൾ നടത്തിയതാണിതെല്ലാം കാരണം. പഴയ കെട്ടിടത്തിന്‍റെ സ്ഥിതിയും ഇങ്ങനെ തന്നെയാണ്.

YouTube video player