പാർട്ടി പറയുന്നതാണ് ശരിയെന്ന് പറഞ്ഞ രാഹുൽ നേതൃത്വത്തിനെതിരെ സംസാരിക്കില്ലെന്നും കൂട്ടിച്ചേർത്തു.  

തിരുവനന്തപുരം: പാർട്ടി പറയുന്നത് അം​ഗീകരിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. നേതൃത്വം തെറ്റെന്ന് പറഞ്ഞെങ്കിൽ അത് സമ്മതിക്കുന്നുവെന്നും രാഹുൽ പറഞ്ഞു. പാർട്ടി തെറ്റാണെന്ന് പറഞ്ഞാൽ രാഹുൽ ആണ് തെറ്റെന്നും പാർട്ടിക്കെതിരെ തനിക്ക് ഈ​ഗോയില്ലെന്നും രാഹുൽ വ്യക്തമാക്കി. പാർട്ടി പറയുന്നതാണ് ശരിയെന്ന് പറഞ്ഞ രാഹുൽ നേതൃത്വത്തിനെതിരെ സംസാരിക്കില്ലെന്നും കൂട്ടിച്ചേർത്തു. അന്‍വറുമായി കൂടിക്കാഴ്ച നടത്തിയ വിഷയത്തിലായിരുന്നു രാഹുലിന്‍റെ പ്രതികരണം. പി വി അന്‍വറിനെ രാഹുല്‍ മാങ്കൂട്ടത്തില്‍ അര്‍ദ്ധരാത്രി വീട്ടില്‍ പോയി കണ്ടതിനെ പരസ്യമായി തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തിയിരുന്നു. 

ചര്‍ച്ച നടത്താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞ സതീശന്‍ അന്‍വര്‍ അടഞ്ഞ അധ്യായമെന്ന് യുഡിഎഫ് നേതൃത്വം തീരുമാനിച്ചതാണെന്നും വ്യക്തമാക്കി. രാഹുല്‍ ചെയ്തത് തെറ്റാണ്. വിശദീകരണമെന്നും ചോദിക്കില്ല. പക്ഷെ രാഹുലിനെ താന്‍ ശാസിക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. 

സ്ഥാനര്‍ത്ഥിയെ തള്ളിപറഞ്ഞ ഒരാളുമായി യു‍ഡിഎഫ് ഒത്തുതീര്‍പ്പില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വിശദീകരണം. യുഡിഎഫിന്‍റെ അഭിമാനം വിട്ടുകളഞ്ഞുള്ള ഒരു നടപടിക്കുമില്ലെന്നും സതീശന്‍ വ്യക്തമാക്കി. അൻവറിനോട് രണ്ടു കാര്യമാണ് യുഡിഎഫ് ആവശ്യപ്പെട്ടത്. തങ്ങളുടെ സ്ഥാനാർത്ഥിയെ അംഗീകരിക്കണം. എങ്കിൽ തങ്ങൾക്കൊപ്പം വരാം. യുഡിഎഫിൽ നിന്നും ഒരാൾ പോലും പ്രകോപിപ്പിക്കുന്ന ഒരു വർത്തമാനവും പറഞ്ഞിട്ടില്ല. മത്സരിക്കേണ്ടത് അവനവന്‍റെ ഇഷ്ടം. നിലമ്പൂരിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. സർക്കാരിന്‍റ 9 വർഷത്തെ പ്രവർത്തനങ്ങളെ തെരഞ്ഞെടുപ്പില്‍ വിചാരണ ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

Nilambur Bypoll 2025 | Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News