കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം തൃശൂർ ആണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. സാമ്പത്തികമായി നോക്കുകയാണെങ്കിൽ എയിംസ് വരേണ്ടത് ആലപ്പുഴയിലാണെന്നും സുരേഷ് ഗോപി.

കൊച്ചി: എയിംസ് കേരളത്തിൽ വരണം എന്നാണ് തന്‍റെ ആഗ്രഹമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. യോഗ്യമായ സ്ഥലം തൃശൂർ ആണ്. താൻ ബിജെപി എംപി ആയതിനാൽ എയിംസ് തൃശൂരിൽ വരേണ്ട എന്ന് സംസ്ഥാനം തീരുമാനിച്ചാൽ അവിടെ തന്നെ വരും എന്നും സുരേഷ് ഗോപി പറഞ്ഞു. സാമ്പത്തികമായി നോക്കുകയാണെങ്കിൽ എയിംസ് വരേണ്ടത് ആലപ്പുഴയിലാണ്. എന്നാൽ തൃശൂരിൽ എയിംസിന് വേണ്ട ശാന്തമായ അന്തരീക്ഷം ഉണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ആരോഗ്യ മന്ത്രി കെ മുരളീധരൻ ധൈര്യം ഉണ്ടെങ്കിൽ തന്‍റെ കൂടെ ഇരിക്കണമെന്നും അദ്ദേഹത്തിന്‍റെ മുഖ്യമന്ത്രിക്ക് കാര്യങ്ങൾ മനസിലായിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. എയിംസ് വിഷയം വിശദീകരിച്ചു മടുത്തു എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സ്ഥാപിക്കുന്നതിനായി കോട്ടയത്തെ വെള്ളൂര്‍ ന്യൂസ് പ്രിന്‍റ് ഫാക്ടറിയുടെ സ്ഥലവും പരിഗണിക്കുമെന്ന് മന്ത്രി കെ മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നു. കേരളം സമർപ്പിച്ച 9 സ്ഥലങ്ങളുടെ പട്ടികയിൽ നിന്നു തന്നെ തൃശൂരിനെ ഒഴിവാക്കിയതു രാഷ്ട്രീയ പ്രേരിതമാണെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. താൻ അറിയാതെ കേരളത്തിൽ എയിംസ് അനുവദിക്കില്ല. തൃശൂരാണ് ഏറ്റവും മികച്ച സ്ഥലമെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സി പി രാധാകൃഷ്‌ണൻ, എയിംസിനായി കേരളത്തെ പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു. കേരളത്തിന്‌ എയിംസ്‌ എന്ന സ്വപ്‌നം വൈകാതെ സാക്ഷാത്‌കരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

കായികമേളയിലെ അനാസ്ഥ- വേദന കൊണ്ടാണ് പ്രതികരിച്ചതെന്ന് സുരേഷ് ഗോപി

രാജ്യം ഒളിമ്പിക്സിന് തയ്യാറെടുക്കുമ്പോഴാണ് തൃശൂരിൽ കായിക മേളക്കിടെ ഇത്ര വലിയ അനാസ്ഥ ഉണ്ടായതെന്ന് സുരേഷ് ഗോപി വിമർശിച്ചു. വേദന കൊണ്ടാണ് താൻ പ്രതികരിച്ചത്. കുഞ്ഞുങ്ങളുടെ കാര്യമാണ്. മഴ പ്രതീക്ഷിച്ചും കാറ്റ് പ്രതീക്ഷിച്ചുമാണ് പന്തൽ കെട്ടിയത്. അല്ലെന്ന് പറയരുത്. ഇതിലൊക്കെ അന്വേഷണം വേണം. പൊലീസ് സ്വതന്ത്രമായി അന്വേഷിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.