തൃശൂര്‍ അഴീക്കോടിന് സമീപം, കണ്ണി വലുപ്പം കുറഞ്ഞ വല ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടി. 2.50 ലക്ഷം രൂപ പിഴ ചുമത്തി. മീൻ ലേലം ചെയ്ത് 1.17 ലക്ഷം രൂപ സര്‍ക്കാരിലേക്ക് കണ്ടുകെട്ടി

തൃശൂര്‍: തീരത്തോടുചേര്‍ന്ന് കണ്ണി വലുപ്പം കുറഞ്ഞ വലകള്‍ ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘം പിടികൂടി. അഴീക്കോട് ലൈറ്റ് ഹൗസിന് പടിഞ്ഞാറ് ഭാഗത്തുനിന്നാണ് അനധികൃതമായി കരവലി നടത്തിയ ചാവക്കാട് സ്വദേശി സനലിന്റെ 'തീര്‍ത്ഥം രണ്ട്' ബോട്ട് പിടിച്ചത്. ബോട്ടിലുണ്ടായിരുന്ന മത്സ്യം അഴീക്കോട് ഹാര്‍ബറില്‍ പരസ്യ ലേലം ചെയ്തു. ഇതിലൂടെ ലഭിച്ച 1,17,100 രൂപ സര്‍ക്കാരിലേക്ക് കണ്ടുകെട്ടി. സനലിന് 2.50 ലക്ഷം രൂപ പിഴ ചുമത്തി.

കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് തീരത്തോട് ചേര്‍ന്ന് മീന്‍പിടിത്തം നടത്തിയതിനാണ് നടപടി. കണ്ണി വലിപ്പം കുറഞ്ഞ വലകള്‍ ഉപയോഗിച്ചതിനും, ട്രോളറുകള്‍ക്ക് നിരോധനമുള്ള 20 മീറ്ററില്‍ കുറഞ്ഞ ആഴമുള്ള ഭാഗങ്ങളില്‍ മീന്‍പിടിത്തം നടത്തിയതിനുമാണ് പിഴ ചുമത്തിയത്. ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ കെ.പി. ഗ്രേസി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് വിജിലന്‍സ് വിഭാഗം പ്രത്യേക അന്വേഷണ സംഘമാണ് ബോട്ടുകള്‍ പിടികൂടിയത്.

വരും ദിവസങ്ങളില്‍ ആഴക്കടലിലും തീരക്കടലിലും ഹാര്‍ബറുകളിലും രാത്രിയും പകലും പ്രത്യേക സംഘത്തിന്റെ പരിശോധന ശക്തമാക്കുമെന്നും അനധികൃത മത്സ്യ ബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.