ആലപ്പുഴയിൽ നിയന്ത്രണം വിട്ട ബിഎംഡബ്ല്യു കാർ സ്കൂട്ടറിലും ഓട്ടോയിലും ഇടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രികനായ 22-കാരന്റെ കാലൊടിഞ്ഞു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ആലപ്പുഴ: നിയന്ത്രണംവിട്ട് പാഞ്ഞ ആഢംബരകാർ സ്കൂട്ടറിലും ഓട്ടോയിലും ഇടിച്ചുകയറി സ്കൂട്ടർ യാത്രികനായ യുവാവിന്റെ കാലൊടിഞ്ഞു. തിങ്കളാഴ്ച രാവിലെ 11.30-ന് ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിന് എതിർവശത്താണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ ആലപ്പുഴ വട്ടപ്പള്ളി ജാസിന മൻസിലിൽ ജെസീറിന്റെ മകൻ ഇഹ്ജാസിനെ (22) ആദ്യം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഹരിപ്പാട്ടെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ഓട്ടോ ഡ്രൈവർക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അമ്പലപ്പുഴ ഭാഗത്തുനിന്ന് ആലപ്പുഴയിലേക്ക് വന്ന ബിഎംഡബ്ല്യു കാറാണ് അപകടമുണ്ടാക്കിയത്. ആലപ്പുഴയിൽ നിന്ന് അമ്പലപ്പുഴ ഭാഗത്തേക്ക് മീൻ വിൽപനക്കായി പോയ സ്കൂട്ടറിലാണ് ആദ്യം കാറിടിച്ചത്. ഇതിനു പിന്നാലെ നിയന്ത്രണംവിട്ട് അതേ ദിശയിൽ സഞ്ചരിച്ച 'വെള്ളിമൂങ്ങ' ഓട്ടോയിലും ഇടിച്ചാണ് കാർ നിന്നത്. വിൽപനയ്ക്കായി കൊണ്ടുപോയ മീൻ റോഡിൽ ചിതറി ഗതാഗത തടസ്സമുണ്ടായി. പരിക്കേറ്റ യുവാവിനെ ഇടിച്ച അതേ വാഹനത്തിൽ തന്നെയാണ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. കായംകുളം രജിസ്‌ട്രേഷനിലുള്ള ബിഎംഡബ്ല്യു കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സൗത്ത് പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.


