പയ്യന്നൂര്‍ ഇന്‍സ്പെക്ടര്‍ സി ബിനുവിനാണ് അന്വേഷണ ചുമതല. പയ്യന്നൂർ ഡിവൈഎസ്പി പി.എൽ. ഷൈജുവിൻ്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക. കഴിഞ്ഞ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് ഒരു സംഘം ഷെഡിന് തീയിട്ടത്.

പയ്യന്നൂർ: കണ്ണൂർ പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന്‍ അനുകൂലിയായ ടി. പുരുഷോത്തവൻ്റെ ചെമ്മീൻ ഷെഡ് കത്തിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. പയ്യന്നൂര്‍ ഇന്‍സ്പെക്ടര്‍ സി ബിനുവിനാണ് അന്വേഷണ ചുമതല. പയ്യന്നൂർ ഡിവൈഎസ്പി പി.എൽ. ഷൈജുവിൻ്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക. കഴിഞ്ഞ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് ഒരു സംഘം ഷെഡിന് തീയിട്ടത്. വ്യാഴാഴ്ച രാവിലെ ചെമ്മീന് തീറ്റ കൊടുക്കാനായി എത്തിയപ്പോഴാണ് ഷെഡ്ഡ് പൂർണ്ണമായും കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്.

ഷെഡ്ഡിനുള്ളിൽ സൂക്ഷിച്ചിരുന്ന ചെമ്മീൻ തീറ്റ, വല, ചെമ്മീൻ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ബോക്സുകൾ എന്നിവയാണ് കത്തി നശിച്ചത്. സംഭവത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്നും മുൻ എംഎൽഎയും സിപിഎം നേതാവുമായ ടി.ഐ. മധുസൂദനൻ്റെ അറിവോടെയാണ് ആക്രമണം നടന്നതെന്ന് സംശയിക്കുന്നതായും ടി. പുരുഷോത്തമൻ ആരോപിച്ചു. സ്ഫോടക വസ്തു എറിഞ്ഞ ശേഷമാണ് തീയിട്ടതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, തനിക്കെതിരെ വി. കുഞ്ഞികൃഷ്‌ണനും സംഘവും വ്യാജപ്രചാരണങ്ങളും വ്യക്തിഹത്യയും നടത്തുകയാണെന്നും തീവയ്പുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കി ടി.ഐ. മധുസൂദനൻ ഫേസ്ബുക്കിൽ കുറിച്ചു. മുൻപ് നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലും പുരുഷോത്തമൻ്റെ വീട് ആക്രമിക്കുകയും കാറിന് തീയിടുകയും ചെയ്തിരുന്നു. ആ സംഭവത്തിൽ 5 സിപിഎം പ്രവർത്തകർ അറസ്റ്റിലായിരുന്നു.

YouTube video player