Asianet News MalayalamAsianet News Malayalam

സഖ്യത്തിന്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്തി: ഇന്ത്യ മുന്നണി യോഗത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം

മമത ബാനര്‍ജിയെ രാഹുല്‍ ഗാന്ധി നേരിട്ട് വിളിച്ചിട്ടും യോഗത്തിലേക്ക്  ടിഎംസി പ്രതിനിധിയെ അയച്ചില്ല

INDIA alliance parties blames Congress for election defeat in three states kgn
Author
First Published Dec 6, 2023, 9:40 PM IST

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ  പരാജയം പ്രതിപക്ഷ പാര്‍ട്ടികളുടെ  ആത്മവിശ്വാസം നഷ്ടപ്പെടുത്തിയെന്ന് ഇന്ത്യ സഖ്യത്തിന്‍റെ പാര്‍ലമെന്‍റ് പ്രതിനിധി യോഗത്തില്‍ വിമര്‍ശനം. തെരഞ്ഞെടുപ്പിലെ  കോണ്‍ഗ്രസിന്‍റെ നിലപാട് പല സീറ്റുകളിലും തോല്‍വിക്ക് കാരണമായെന്ന് സിപിഐ കുറ്റപ്പെടുത്തി. തൃണമൂല്‍ കോണ്‍ഗ്രസും, ശിവസേനയും യോഗത്തില്‍  നിന്ന് വിട്ടുനിന്നു.

മൂന്ന് സംസ്ഥാനങ്ങളിലെ തോല്‍വിക്ക് പിന്നാലെ വിളിച്ച ഇന്ത്യ സഖ്യത്തിന്‍റെ  വിശാല യോഗം മാറ്റി വച്ചു. കോര്‍ഡിനേഷന്‍ കമ്മിറ്റിയും വേണ്ടെന്ന് വച്ചു. തുടര്‍ന്നാണ് പാര്‍ലമെന്‍റില്‍ ചേരാറുള്ള പതിവ് യോഗം മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വീട്ടില്‍ അത്താഴ വിരുന്നായി ചേര്‍ന്നത്. തെരഞ്ഞെടുപ്പില്‍ സഖ്യത്തിലെ  പാര്‍ട്ടികളുമായി കൈകോര്‍ക്കാന്‍ മടിച്ച കോണ്‍ഗ്രസ് നിലപാടിനെതിരെ പരസ്യ വിമര്‍ശനം ഉയര്‍ന്നില്ലെങ്കിലും നേതാക്കള്‍ പരിഭവം പങ്കുവച്ചു. തോല്‍വി ആത്മവിശ്വാസം നഷ്ടപ്പെടുത്തിയെന്ന പൊതുവികാരം ഉയര്‍ന്നു. മൂന്ന് മാസമായിട്ടും യോഗം വിളിക്കാത്ത നടപടി വിമര്‍ശന വിധേയമായപ്പോള്‍ എല്ലാ പാര്‍ട്ടികള്‍ക്കും സൗകര്യം ഒത്തുവന്നില്ലെന്നായിരുന്നു ഖര്‍ഗെയുടെ മറുപടി. 

തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോൺഗ്രസ് നിലപാട് പുനപരിശോധിക്കണമെന്ന് യോഗത്തിന് മുന്‍പ് സിപിഐ ആവശ്യപ്പെട്ടു. 17 പാര്‍ട്ടികളാണ് ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തത്. മമത ബാനര്‍ജിയെ രാഹുല്‍ ഗാന്ധി നേരിട്ട് വിളിച്ചിട്ടും യോഗത്തിലേക്ക്  ടിഎംസി പ്രതിനിധിയെ അയച്ചില്ല. ഇന്നത്തെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് തൃണമൂലും, ശിവസേനയും നേരത്തെ അറിയിച്ചിരുന്നുവെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഇന്നത്തെ യോഗത്തിൽ പാര്‍ലമെന്റിൽ അവതരിപ്പിക്കുന്ന ബില്ലുകളിൽ സ്വീകരിക്കേണ്ട  നിലപാടാണ് യോഗം ചർച്ച ചെയ്തതെന്ന് കോൺഗ്രസ് എം പി നാസിർ ഹുസൈൻ പറഞ്ഞു. തൃണമൂൽ കോൺഗ്രസ്, ശിവസേന പാര്‍ട്ടികള്‍ പങ്കെടുക്കാത്തതിൽ അധിർ രഞ്ജൻ ചൗധരി പ്രതികരിക്കാൻ തയ്യാറായില്ല. വിശാല യോഗത്തിന്‍റെ തീയതി 2 ദിവസത്തിനകം പ്രഖ്യാപിക്കും.

ഏഷ്യാനെറ്റ് ന്യൂസ് | Latest News updates

Latest Videos
Follow Us:
Download App:
  • android
  • ios