Asianet News MalayalamAsianet News Malayalam

Arunachal Pradesh : ചൈനീസ് പട്ടാളം തട്ടിക്കൊണ്ടു പോയ പതിനേഴുകാരനെ തിരികെയെത്തിക്കാൻ ശ്രമം തുടരുന്നുവെന്ന് സേന

പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സുർജ്ജേവാല പറഞ്ഞു. ഇതിനു പിന്നാലയാണ് ഇത് സംബന്ധിച്ച് നടപടികൾ തുടങ്ങിയെന്നും ഹോട്ട് ലൈനിലൂടെ ചൈനീസ് പട്ടാളവുമായി ആശയവിനിമയം നടത്തിയെന്നും കരസേന വ്യക്തമാക്കിയത്

Indian Army trying to get 17 year old  taken by Chinese army back
Author
Delhi, First Published Jan 20, 2022, 1:42 PM IST

ദില്ലി: അരുണാചൽ പ്രദേശിലെ (Arunachal Pradesh) അതിർത്തി മേഖലയിൽ നിന്ന് ചൈനീസ് പട്ടാളം (Chinese Army) തട്ടിക്കൊണ്ടുപോയ പതിനേഴുകാരനെ തിരികെ എത്തിക്കാൻ ശ്രമങ്ങൾ തുടങ്ങിയെന്ന് കരസേന. ചൈനീസ് സേനയുമായി ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തിയെന്ന് കരസേന വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് രംഗത്തെത്തി. 

ഇന്നലെ അപ്പർ സിയാങ് ജില്ലയിലെ സിഡോ ഗ്രാമത്തിൽ നിന്നാണ് മിരം തരോൺ, ജോണി യായിങ് എന്നിവരെ ചൈനീസ് സൈന്യം പിടിച്ച് കൊണ്ട് പോയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്. വനമേഖലയിൽ വേട്ടക്ക് പോയ ഇവരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന് അരുണാചൽപ്രദേശ് പൊലീസും അറിയിച്ചു. ഇതിൽ ജോണി യായിങ് പിന്നീട് തിരികെ എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. 

സംഭവത്തിൽ  അടിയന്തരനടപടി വേണമെന്നാവശ്യപ്പെട്ട് ബിജെപി എം പി താപിർ ഗാവോവും ട്വീറ്റ് ചെയ്തു. വിവരം ലഭിച്ചപ്പോൾ തന്നെ ഇന്ത്യൻ സൈന്യത്തെ അറിയിച്ചെന്ന് അപ്പർ സിയാങ് ഡെപ്യൂട്ടി കമ്മീഷണർ ശാശ്വത് സൗരഭ് പറഞ്ഞു. സംഭവത്തിൽ വലിയ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. കേന്ദ്രസർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച രാഹുൽ ഗാന്ധി പതിനേഴുകാരന്റെ കുടുംബത്തിനൊപ്പമെന്ന് ട്വീറ്റ് ചെയ്തു. 

പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സുർജ്ജേവാല പറഞ്ഞു. ഇതിനു പിന്നാലയാണ് ഇത് സംബന്ധിച്ച് നടപടികൾ തുടങ്ങിയെന്നും ഹോട്ട് ലൈനിലൂടെ ചൈനീസ് പട്ടാളവുമായി ആശയവിനിമയം നടത്തിയെന്നും കരസേന വ്യക്തമാക്കിയത്. നടപടികൾ ഊർജ്ജിതമായി പുരോഗമിക്കുകയാണെന്നും കുട്ടിക്ക് വഴിതെറ്റിയതാകാമെന്നുമാണ് സേനയുടെ വിശദീകരണം. ചൈന പാംഗോങ് തടാകത്തിനു കുറുകെ പാലം നിർമ്മിക്കുന്നു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് അരുണാചൽ അതിർത്തിയിലെ ഈ സംഭവവും കേന്ദ്രത്തിന് തലവേദനയാകുന്നത്. 

Follow Us:
Download App:
  • android
  • ios