Asianet News MalayalamAsianet News Malayalam

'ലോകത്തിന് മുകളിൽ ഉയരങ്ങളിൽ പറക്കുന്നു'; ഇപിക്ക് ഇൻഡി‌​ഗോ‌യുടെ പരോക്ഷ മറുപടി

പറക്കുന്ന വിമാനത്തെ നോക്കി റെയിൽവേ ട്രാക്കിൽ നിൽക്കുന്ന പെൺകുട്ടിയുടെ ചിത്രം അടിക്കുറിപ്പോടെ പങ്കിട്ടാണ് ഇൻഡി​ഗോ മറുപടി നൽകിയത്. വിവാ​ദത്തിന് പിന്നാലെ താനിനി ഇൻഡി​ഗോയുടെ വിമാനത്തിൽ പോകില്ലെന്നും ട്രെയിനാണ് നല്ലതെന്നും ഇപി പറഞ്ഞിരുന്നു.

Indigo reply on EP Jayarajan comments
Author
Thiruvananthapuram, First Published Jul 19, 2022, 6:38 PM IST

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇപി ജയരാജനും (EP Jayarajan) ഇൻഡി​ഗോയും (Indigo) തമ്മിലുള്ള വിവാ​ദത്തിൽ ഇപിക്ക് പരോക്ഷ മറുപടിയുമായി ഇൻഡി​ഗോയുടെ ഫേസ്ബുക്ക് പോസ്റ്റ്.  പറക്കുന്ന വിമാനത്തെ നോക്കി റെയിൽവേ ട്രാക്കിൽ നിൽക്കുന്ന പെൺകുട്ടിയുടെ ചിത്രം അടിക്കുറിപ്പോടെ പങ്കിട്ടാണ് ഇൻഡി​ഗോ മറുപടി നൽകിയത്. വിവാ​ദത്തിന് പിന്നാലെ താനിനി ഇൻഡി​ഗോയുടെ വിമാനത്തിൽ പോകില്ലെന്നും ട്രെയിനാണ് നല്ലതെന്നും ഇപി പറഞ്ഞിരുന്നു. ‘ലോകത്തിന് മുകളിൽ ഉയരങ്ങളിൽ പറക്കുന്നു.’ എന്നാണ് ഇൻഡി​ഗോ ചിത്രത്തിന് നൽകിയ അടിക്കുറിപ്പ് എന്നതും ശ്രദ്ധേയം.

ഇനി ഒരിക്കലും താനോ കുടുംബമോ ഇൻഡിഗോ വിമാനങ്ങളിൽ കയറില്ലെന്ന് ഇ പി ജയരാജൻ പറഞ്ഞിരുന്നു. ഇൻഡി​ഗോ മോശം കമ്പനി‌യാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നാലെ ഇൻഡിഗോയുടെ ഫെയ്സ്ബുക്ക് പേജിന് താഴെ മലയാളം കമന്റുകളുടെ കമന്റ് പൂരവും അരങ്ങേറി. നടന്നു പോയാലും അവരുടെ വിമാനങ്ങളിൽ കയറില്ലെന്നായിരുന്നു ജയരാജന്റെ നിലപാട്.

ഇൻഡി​ഗോ വിമാനത്തിൽ ക‌‌യറില്ലെന്ന് ജയരാജൻ പറഞ്ഞെങ്കിലും യാത്രാവിലക്ക് ഏർപ്പെടുത്തിയ കമ്പനിയുടെ തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് ഇ പി ജയരാജൻ കത്തയച്ചു. കോൺഗ്രസ് എംപിമാർ കത്തയച്ചിട്ടാണ് തനിക്കെതിരെ നടപടിയെടുത്തതെന്നും നടപടി തിരുത്തണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. കണ്ണൂരിൽ നിന്ന് ഡയറക്ട് തിരുവനന്തപുരം സർവീസ് നടത്തുന്ന ഏക കമ്പനിയാണ് ഇൻഡി​ഗോ.

ആറു മാസമായി നികുതി അടയ്ക്കുന്നില്ല, കുടിശിക പെരുകി; ഇൻഡിഗോ എയർലൈൻസിന്‍റെ ബസ് കസ്റ്റഡിയില്‍ 

അതിനിടെ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിൽ ഇടപെട്ട ഇ.പി.ജയരാജനെ വിലക്കിയ നടപടി പിൻവലിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക്  എ.എം.ആരിഫ് എംപി നിവേദനം നൽകി. മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് നിവേദനം നൽകിയത്. ഇപിക്ക് മൂന്നാഴ്ചത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോയുടെ നടപടി അപലപനീയമാണ്. കഴിഞ്ഞ മാസം 13ന് വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിജയകരമായി പ്രതിരോധിക്കുകയാണ് മുൻ മന്ത്രിയും ഇടതുമുന്നണി കൺവീനറുമായ ഇ.പി.ജയരാജൻ ചെയ്തത്. അതിന് അഭിനന്ദിക്കുന്നതിന് പകരം നടപടി എടുത്തത് അപലപനീയമാണെന്നും ആരിഫ് എംപി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ഇൻഡിഗോയുടെ ഈ നടപടി അനാവശ്യ കീഴ‍്‍വഴക്കത്തിന് വഴിവയ്ക്കുമെന്നും ആരിഫ് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ വിമാനങ്ങളിൽ സമാന രീതിയിലുള്ള ആക്രമണങ്ങൾ വർധിക്കാൻ തീരുമാനം ഇടയാക്കുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios