എൻഎച്ച്എഐ ചെയർമാൻ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പദ്ധതി പ്രദേശങ്ങൾ വിശദമായി പരിശോധിച്ചു. ഗുണനിലവാരമുള്ള റോഡ് നിർമ്മാണത്തിനും പൊതുജന സൗകര്യത്തിനും മുൻഗണന നൽകുമെന്ന് അറിയിച്ചു

തിരുവനന്തപുരം: കേരളത്തിലെ വിവിധ ദേശീയ പാത പദ്ധതികളുടെ വിശദ അവലോകനത്തിനും പുരോഗതി വിലയിരുത്തുന്നതിനുമായി ദേശീയ ഹൈവേ അതോറിറ്റി ചെയർമാൻ സന്തോഷ് കുമാർ യാദവ് സംസ്ഥാനത്തെത്തി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പദ്ധതിപ്രദേശങ്ങളുടെ വിശദമായ പരിശോധനയ്ക്ക് എൻ എച്ച് എ ഐ ചെയർമാൻ നേതൃത്വം നൽകി. ഭൂഘടനാപരമായി ലോലമായതും ജലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് സാധ്യതയുള്ളതും മലിനജല നിർമാർജന സംവിധാനങ്ങളോട് ചേർന്നകിടക്കുന്നതുമായ പ്രദേശങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകിക്കൊണ്ട് ഗുണനിലവാരമുള്ള റോഡ് നിർമ്മിക്കുന്നതിനും പൊതുജന സൗകര്യം വർദ്ധിപ്പിക്കുന്നതിനും മുൻഗണന നൽകുമെന്ന് അറിയിച്ചു.

ഈഞ്ചയ്ക്കൽ, കഴക്കൂട്ടം, ചെമ്പകമംഗലം, കൊട്ടിയം, മേവറം തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ സംഘം പരിശോധന നടത്തി. ലംബമായ ഉയർന്ന ഘടനകൾ ഉള്ള മേഖലകളും ജലപ്രവാഹത്തിന്റെ പരിപാലനവും സ്ഥിരതയും അടിയന്തിരമായി വിലയിരുത്തേണ്ട പ്രദേശങ്ങളും ഈ മേഖലകളിൽ ഉൾപ്പെടുന്നു. കൺസെഷനർ കമ്പനി പ്രതിനിധികൾ, സ്വതന്ത്ര എൻജിനിയർ, തിരുവനന്തപുരം പ്രോജക്ട് ഡയറക്ടർ, കേരളത്തിലെ എൻ എച്ച് എ ഐ പ്രാദേശിക ഓഫീസർ തുടങ്ങിയ സാങ്കേതിക വിദഗ്ധരും ചെയർമാനോടൊപ്പം ഉണ്ടായിരുന്നു.

സംസ്ഥാനത്തെ വിവിധ ദേശീയ പാത പദ്ധതികളുടെ പുരോഗതി സമഗ്രമായി വിലയിരുത്തുന്നതിന്, ഉന്നതതല അവലോകന യോഗം ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ യോഗത്തിൽ കേരളത്തിലുടനീളമുള്ള ദേശീയപാത പദ്ധതികളുടെ നിർവഹണ നടപടികളിൽ ഉൾപ്പെട്ടിരിക്കുന്ന എൻ എച്ച് എ ഐ പ്രോജക്ട് ഡയറക്ടർമാർ, കൺസഷനർമാർ, കൺസൾട്ടന്റുമാർ, കരാറുകാർ എന്നിവർ പങ്കെടുക്കും. ദേശീയപാത പദ്ധതിയുടെ സമയപരിധി ത്വരിതപ്പെടുത്തുക, റോഡുകളുടെ നിർമാണ ഗുണനിലവാരം വർദ്ധിപ്പിക്കുക, നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, പൊതുജനങ്ങളുടെ അസൗകര്യം കുറയ്ക്കുക എന്നിവ പ്രധാന ചർച്ചാവിഷയങ്ങളിൽ ഉൾപ്പെടും.

ദേശീയ പാത വികസനത്തെ ബാധിക്കുന്ന പ്രധാന വെല്ലുവിളികൾ പരിഹരിക്കുന്നതിനായി എൻ എച്ച് എ ഐ ചെയർമാൻ സംസ്ഥാന ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തും. വ്യവസ്ഥാപിത തടസ്സങ്ങൾ പരിഹരിക്കുക, ഏജൻസികൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുക, നിലവിലുള്ളതും ഭാവിയിലുമുള്ള പദ്ധതികളുടെ സുഗമമായ നിർവ്വഹണത്തിനായി തന്ത്രപരമായ ഇടപെടലുകൾ ആസൂത്രണം ചെയ്യുക എന്നിവയിൽ യോഗം ശ്രദ്ധ കേന്ദ്രീകരിക്കും. രാജ്യത്ത് ലോകോത്തര ദേശീയ പാത ശൃംഖല സൃഷ്ടിക്കാൻ എൻ എച്ച് എ ഐ പ്രതിജ്ഞാബദ്ധരാണ്. മാത്രമല്ല ദേശീയപാത ഉപയോക്താക്കൾക്ക് ഗുണനിലവാരമുള്ള റോഡുകൾ നിർമ്മിച്ചു നൽകി സുഗമമായ യാത്രാനുഭവം ഉറപ്പാക്കാനായി എല്ലാ ശ്രമങ്ങളും നടത്തിവരുന്നതായും സംഘം അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം