ഒരു സ്ഥലത്ത് നിന്നും വാഹനം മോഷ്ടിച്ച ശേഷം ഇന്ധനം തീർന്നാൽ ആ വാഹനം വഴിയിൽ ഉപേക്ഷിച്ച് അടുത്ത സ്ഥലത്ത് നിന്നും വാഹനം മോഷ്ടിക്കുകയാണ് പ്രതികളുടെ സ്വഭാവം.

തിരുവനന്തപുരം: അറുപത്തഞ്ചോളം കേസുകളിൽ പ്രതികളായ നാല് പേരടങ്ങുന്ന അന്തർ സംസ്ഥാന കവർച്ചാ സംഘത്തെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി കാപ്പാ കേസ് പ്രതിയെ അന്വേഷിച്ച് നെടുമങ്ങാട് പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. നിരവധി കേസുകളിലെ പ്രതികളും പോത്തൻകോട്, ശ്രീകാര്യം സ്വദേശികളുമായ അനന്തൻ, രാംകൃഷ്ണ, അഭിൻലാൽ, ഋഷിൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

വാഹന മോഷണം, കവർച്ച തുടങ്ങിയ കുറ്റങ്ങൾക്കാണ് കേസെടുത്തത്. ഒരു സ്ഥലത്ത് നിന്നും വാഹനം മോഷ്ടിച്ച ശേഷം ഇന്ധനം തീർന്നാൽ ആ വാഹനം വഴിയിൽ ഉപേക്ഷിച്ച് അടുത്ത സ്ഥലത്ത് നിന്നും വാഹനം മോഷ്ടിക്കുകയാണ് പ്രതികളുടെ സ്വഭാവം എന്ന് നെടുമങ്ങാട് പൊലീസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച്ച ആര്യനാട് മൊബൈൽ കടയിൽ മോഷണം നടത്തിയതും ഇവർ തന്നെയെന്ന‌ു സമ്മതിച്ചു. നെടുമങ്ങാട്, പോത്തൻകോട് പൊലീസ് സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.