നികുതി ഈടക്കാനുള്ള സംസ്ഥാനത്തിന്റെ നീക്കം തടയണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല
കൊച്ചി : ഇതരസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ബസുകൾക്ക് കേരളത്തിൽ നികുതി പിരിക്കുന്നതിന് വിലക്കില്ലെന്ന് ഹൈക്കോടതി. അന്തർസംസ്ഥാന ബസുടമകളുടെ ഹർജിയിലാണ് ഉത്തരവ്. നികുതി ഈടക്കാനുള്ള സംസ്ഥാനത്തിന്റെ നീക്കം തടയണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. കേന്ദ്ര നിയമത്തിന്റെ അഭാവത്തിൽ ഓൾ ഇന്ത്യ പെർമിറ്റ് എടുത്ത ബസുകളിൽ നിന്ന് സംസ്ഥാനത്തിന് നികുതി പിരിക്കാം. ഇക്കാര്യത്തിൽ സംസ്ഥാനത്തിന് നിയമപരമായ അധികാരമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേരളത്തിലേക്ക് വരുന്ന അന്തർ സംസ്ഥാന ബസുകൾ നികുതിയടക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്താണ് കേരളത്തിന് പുറത്ത് രജിസ്റ്റർ ചെയ്ത അന്തർ സംസ്ഥാന ബസുടമകൾ കോടതിയെ സമീപിച്ചത്.
മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റർ ചെയ്‍ത ശേഷം കേരളത്തില്‍ സര്‍വ്വീസ് നടത്തുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് നവംബര്‍ ഒന്നിനകം കേരളത്തിലേക്ക് രജിസ്ട്രേഷൻ മാറ്റിയില്ലെങ്കിൽ കേരള മോട്ടർ വാഹന ടാക്സേഷൻ നിയമ പ്രകാരം നികുതി ഈടാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ വ്യക്തമാക്കിയിരുന്നു. കേരളത്തിൽ രജിസ്റ്റർ ചെയ്യേണ്ട വാഹനങ്ങൾ 2021ലെ ഓൾ ഇന്ത്യ പെർമിറ്റ് ആൻഡ് ഓതറൈസേഷൻ ചട്ടങ്ങൾ പ്രകാരം നാഗാലാൻഡ്, ഒഡിഷ, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രജിസ്റ്റർ ചെയ്‍ത ശേഷം കേരളത്തില്‍ സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണു മോട്ടോർ വാഹന വകുപ്പിന്റെ നടപടി. നവംബർ ഒന്നിനകം കേരളത്തിലേക്ക് രജിസ്ട്രേഷൻ മാറ്റിയില്ലെങ്കിൽ കേരള മോട്ടോർ വാഹന ടാക്സേഷൻ നിയമ പ്രകാരം നികുതി ഈടാക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ അറിയിച്ചിരുന്നു.
തമിഴ്‍നാട് ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ ഇത്തരം നികുതി ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അന്തർ സംസ്ഥാന യാത്രകൾ സുഗമമാക്കുന്നതിന് കേന്ദ്രം ആവിഷ്‍കരിച്ച ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് സംവിധാനം അട്ടിമറിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു ബസ് ഉടമകൾ. ഇതിന് പിന്നാലെയാണ് കേന്ദ്ര നിയമങ്ങൾക്ക് വിരുദ്ധമായി ഇരട്ട നികുതി പിരിക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ നടപടിക്കെതിരെ ടൂറിസ്റ്റ് ബസ് ഉടമകൾ കേരള ഹൈക്കോടതിയെ സമീപിച്ചത്.
എന്താണ് ഓള്‍ ഇന്ത്യാ പെര്‍മിറ്റ് സംവിധാനം
കേന്ദ്രീകൃത പെര്‍മിറ്റ് സംവിധാനത്തിന്‍റെ ഭാഗമായിട്ടാണ് 2021ല്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും ഓള്‍ ഇന്ത്യാ പെര്‍മിറ്റ് സംവിധാനം കൊണ്ടുവരുന്നത്. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു ഈ നീക്കം. വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്‍ത നികുതി വ്യവസ്ഥകള്‍ കാരണമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനായിരുന്നു പുതിയ ഓള്‍ ഇന്ത്യാ പെര്‍മിറ്റുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. വാഹന ഉടമകളില്‍ നിന്ന് നിശ്‍ചിത തുക ഫീസായ ഈടാക്കി കേന്ദ്ര റോഡ് ഗതാഗതമന്ത്രാലയമാണ് ഈ പെര്‍മിറ്റുകള്‍ അനുവദിക്കുന്നത്. ഈ തുക പിന്നീട് കേന്ദ്ര സര്‍ക്കാര്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്കായി വീതിച്ചു നല്‍കാനായിരുന്നു തീരുമാനം.
