Asianet News MalayalamAsianet News Malayalam

ഐഎൻടിയുസി നേതാവ് സത്യന്റെ കൊലപാതകം: പുനരന്വേഷിക്കണമെന്ന് ഡിജിപിക്ക് കോൺഗ്രസിന്റെ പരാതി

ബിപിൻ സി ബാബുവിന്റെ വിശദമായ മൊഴി എടുക്കണം എന്നാണ് ആവശ്യം

INTUC leader Sathyan murder Congress files complaint to DGP
Author
First Published Apr 13, 2024, 6:21 AM IST | Last Updated Apr 13, 2024, 6:21 AM IST

ആലപ്പുഴ: ഐഎൻടിയുസി നേതാവ് സത്യന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോൺഗ്രസ്‌ നിയമ നടപടി തുടങ്ങി. കേസ് പുനരന്വേഷിക്കണം എന്നാവശ്യപെട്ടു കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി. സിപിഎം നേരിട്ട് നടത്തിയ കൊലപാതകം എന്ന നേതാവിന്റെ വെളിപ്പെടുത്തലിലാണ് പരാതി. മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി ബാബുവാണ് വെളിപ്പെടുത്തൽ നടത്തിയത്.  സിപിഎം സംസ്ഥാന സെക്രട്ടറിക്ക് അയച്ച കത്തിലാണ് വിവാദ പരാമർശം. ആലപ്പുഴ ഡിസിസി അധ്യക്ഷൻ ബാബു പ്രസാദാണ് ഡിജിപിക്ക് പരാതി നൽകിയത്. ബിപിൻ സി ബാബുവിന്റെ വിശദമായ മൊഴി എടുക്കണം എന്നാണ് ആവശ്യം. യഥാർത്ഥ കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

2001 ലാണ് മുൻ ആര്‍എസ്എസ് പ്രവർത്തകനും ഐഎൻടിയുസി നേതാവുമായ സത്യൻ കായംകുളം കരിയിലക്കുളങ്ങരയിൽ കൊല്ലപ്പെട്ടത്. കേസിലെ 7 പ്രതികളെയും തെളിവില്ലാത്തതിനാൽ 2006ൽ കോടതി വെറുതെ വിട്ടിരുന്നു.  എന്നാൽ സിപിഎം ആസൂത്രണം ചെയ്ത്  നടത്തിയ കൊലപാതകമാണിതെന്നാണ് ബിപിൻ സി ബാബുവിന്‍റെ വെളിപ്പെടുത്തല്‍. മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റും സിപിഎം കായംകുളം മുൻ ഏരിയാ സെന്‍റര്‍ അംഗവുമാണ് ബിപിന്‍ സി ബാബു. സത്യൻ കൊലക്കേസിൽ ആറാം പ്രതിയായിരുന്നു.

അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയെ നടുറോഡിൽ മര്‍ദ്ദിച്ച സംഭവത്തിൽ കഴിഞ്ഞ വര്‍ഷം സിപിഎം പാര്‍ട്ടിയിൽ നിന്ന് ബിപിൻ സി ബാബുവിനെ സസ്പെന്റ് ചെയ്തിരുന്നു. അടുത്ത കാലത്ത് പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തെങ്കിലും ബ്രാഞ്ച് കമ്മിറ്റിയിലാണ് ഉള്‍പ്പെടുത്തിയത്. ഇതില്‍ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് അംഗം എന്ന പദവി രാജിവെക്കുന്നതായി കാട്ടി സംസ്ഥാന സെക്രട്ടറി എം  വി ഗോവിന്ദന് അയച്ച കത്തിലാണ് സത്യന്‍റെ കൊലപാതകത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ആരോപിക്കുന്നത്. കൊലപാതകം നടക്കുമ്പോൾ നിരപരാധിയായ 19 വയസ്സ് മാത്രം പ്രായമുള്ള തന്നെ പ്രതി ചേര്‍ത്ത് രണ്ട് മാസം ജയിലിലിട്ടുവെന്ന് കത്തിൽ പറയുന്നു. സിപിഐഎം നേതാവ് തന്നെ പാർട്ടി നടത്തിയ കൊലപാതകം എന്ന് വെളിപ്പെടുത്തിയതോടെ കേസിൽ പുനരന്വേഷണം നടത്തണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios