കൂടത്തായി: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളെ  പൊന്നാമറ്റം തറവാട്ടിലെത്തിച്ചുള്ള തെളിവെടുപ്പ് പൂർത്തിയായി.  ജോളിയേയും മറ്റ് പ്രതികളെയും അന്വേഷണ സംഘം വീട്ടിൽ നിന്ന് പുറത്തിറക്കി. പൊന്നാമറ്റത്തു നിന്ന് കേസിലെ നിർണായക തെളിവുകൾ കിട്ടിയതായാണ് സൂചന. 

നാല് മണിക്കൂറിലേറെ നീണ്ടു നിന്ന തെളിവെടുപ്പായിരുന്നു പൊന്നാമറ്റം തറവാട്ടിൽ നടന്നത്. വീട്ടിൽ നിന്നും ഒരു കുപ്പി കിട്ടിയെന്നാണ് ലഭിക്കുന്ന വിവരം. 2002ൽ അന്നമ്മയെ കൊലപ്പെടുത്തിയത് കീടനാശിനി ഉപയോ​ഗിച്ചാണെന്ന് ജോളി മൊഴി നൽകിയിരുന്നു. ഈ കീടനാശിനിയുടെ കുപ്പിയാണോ അതോ പൊട്ടാസ്യം സയനൈഡിന്റെ കുപ്പി ആണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

പൊന്നമറ്റത്തെ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം മഞ്ചാടിയിൽ മാത്യുവിന്റെ വീട്ടിൽ പത്ത് മിനിട്ട് പരിശോധന നടത്തിയിരുന്നു. ഇപ്പോൾ പ്രതികളായ ജോളി, മാത്യു, പ്രജുകുമാർ എന്നിവരെ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലേക്കാണ് കൊണ്ടുപോകുന്നതെന്നാണ് വിവരം. ഇതിനിടെ സിലിയുടെ മരണം നടന്ന ദന്താശുപത്രിയിലും പ്രതികളെ കൊണ്ടുപോകുമെന്നും വിവരമുണ്ട്.  ആറ് ദിവസം മാത്രമാണ് പ്രതികള്‍ പൊലീസ് കസ്റ്റഡിയിൽ ഉള്ളത്. അതുകൊണ്ട് തന്നെ പരമാവധി വേ​ഗത്തിൽ അന്വേഷണം പൂർത്തിയാക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.

Read More: കൂടത്തായി കൊലപാതകപരമ്പര: മൂന്ന് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

കൂടത്തായി കൊലപാതക പരമ്പയിൽ ഇതുവരെ അഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഷാജുവിന്‍റെ മകള്‍ ആല്‍ഫൈന്‍റെ കൊലപാതകമുള്‍പ്പടെയുള്ള മൂന്ന് കേസുകളിലാണ് പുതുതായി കോടഞ്ചേരി പൊലീസ്  എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെ റോയിയുടെ കൊലപാതകത്തില്‍ താമരശ്ശേരി പൊലീസ് സ്റ്റേഷനിലും സിലിയുടെ കൊലപാതകത്തില്‍ കോടഞ്ചേരി പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അഞ്ച് കൊലപാതകങ്ങള്‍ നടത്തിയത് പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചാണെന്ന് ജോളി പൊലീസിനോട് സമ്മതിച്ചിരുന്നു. 

ഇതിനിടെ, ജോളി കോയമ്പത്തൂരില്‍ പോയത് ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണെ കാണാനാണെന്ന് പൊലീസ് പറഞ്ഞു. ടവര്‍ ഡംപ് പരിശോധനയിലൂടെയാണ് ഇക്കാര്യം പൊലീസ് കണ്ടെത്തിയിരിക്കുന്നത്. രണ്ടു ദിവസം ജോളി കോയമ്പത്തൂരില്‍ താമസിച്ചുവെന്നും ഇരുവരും ബാംഗളൂരുവില്‍ പോയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഓമശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടത്തായിയില്‍ ജോളി കൊലപ്പെടുത്തിയ ആറ് പേരേയും ആദ്യം എത്തിച്ചത് ഈ ആശുപത്രിയിലാണ്. ആശുപത്രിയിലെത്തിയ പൊലീസ് സംഘം ആറ് പേരുടേയും ചികിത്സാരേഖകള്‍ ശേഖരിച്ചു മടങ്ങി.

Read Also: ജോളി കോയമ്പത്തൂരില്‍ പോയത് ജോണ്‍സണെ കാണാന്‍; രണ്ടു ദിവസം അവിടെ താമസിച്ചെന്നും പൊലീസ്

അതേസമയം, കൂടത്തായി കേസില്‍ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ ഏതറ്റം വരെയും പോകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. രാജ്യത്തെ മികച്ച ഉദ്യോഗസ്‌ഥരുടെ സഹായം തേടിയിട്ടുണ്ടെന്നും  വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Read Also: കൂടത്തായിയില്‍ തെളിവെടുപ്പ്; കൂവിവിളിച്ച് നാട്ടുകാര്‍, വന്‍ സുരക്ഷയൊരുക്കി പൊലീസ്