ചേർത്തല പള്ളിപ്പുറത്തെ തിരോധാന കേസിൽ അന്വേഷണം വ്യാപിപ്പിച്ച് ക്രൈംബ്രാഞ്ച് സംഘം.

ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്തെ തിരോധാന കേസിൽ അന്വേഷണം വ്യാപിപ്പിച്ച് ക്രൈംബ്രാഞ്ച് സംഘം. സിന്ധു തിരോധാന കേസുമായി ബന്ധപ്പെട്ട പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. തിരുവിഴ സ്വദേശിയായ സിന്ധുവിനെ കാണാതാകുന്നത് 2020ലാണ്. ഇവരെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. അതേ സമയം സെബാസ്റ്റ്യൻ ഈ കേസുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തേക്ക് വന്നിട്ടില്ല. സെബാസ്റ്റ്യൻ ഉൾപ്പെട്ടെന്ന് സംശയമുള്ള തിരോധാന കേസുകൾ പോലെ തന്നെ 40 കഴിഞ്ഞ, ഭർത്താവുമായി പിരിഞ്ഞ് കഴിയുന്ന സ്ത്രീയുടെ തിരോധാനം എന്ന നിലയിലാണ് ഈ കേസുമായി ബന്ധിപ്പിച്ചിട്ടുള്ളത്.

തിരുവിഴ സ്വദേശി തങ്കപ്പന്റെ പഴയ വീടിന്റെ പരിസരത്താണ് റഡാർ ഉപയോ​ഗിച്ച് ഇപ്പോൾ പരിശോധിക്കുന്നത്. സിന്ധുവിനെ കാണാതായതുമായി ബന്ധപ്പെട്ട് തങ്കപ്പനെ ചോദ്യം ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു. സിന്ധുവുമായി സൗഹൃദമുണ്ടായിരുന്ന ഇയാൾ സംശയ നിഴലിലാണ് ഉണ്ടായിരുന്നത്. ഇവിടെ കുഴിച്ച് പരിശോധിച്ചിരുന്നില്ല, തിരോധാന കേസുമകളുമായി ബന്ധപ്പെട്ട് ജിപിആർ ഇവിടെ എത്തിച്ചപ്പോൾ ഈ കേസിലും പരിശോധിക്കുകയാണ് പൊലീസ്. അർത്തുങ്കൽ പൊലീസാണ് കേസന്വേഷിക്കുന്നത്. ഇവിടെ നിന്ന് അടുത്താണ് സിന്ധുവിന്റെ വീട്. അവർ ഈ വഴിക്ക് നടന്നു പോകുന്നത് കണ്ടവരുണ്ട്. പിന്നീട് സിന്ധു എങ്ങോട്ട് പോയെന്ന് ആർക്കുമറിയില്ല.

മറ്റ് 3 തിരോധാന കേസുകളിലെ പ്രതി പട്ടികയിലുള്ള സെബാസ്റ്റ്യന്റെ സുഹൃത്തും കാണാതായ ഐഷയുടെ അയൽവാസിയുമായ റോസമ്മയുടെ കോഴിഫാമിലും പരിശോധന നടത്തി. ഐഷയെ കാണാതായത് താൻ പള്ളിപ്പുറം പള്ളിയിൽ പോയ അന്നാണെന്നാണ് റോസമ്മ പറയുന്നത്. ഐഷയെ അവസാനമായി കണ്ടത് 2016ലാണെന്നും റോസമ്മ വ്യക്തമാക്കി. അതിനിടെ സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ ജിപിആർ സി​ഗ്നൽ ലഭിച്ച സ്ഥലത്ത് കുഴിച്ച് പരിശോധന നടത്തി. സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ ചെരിപ്പിന്റെയും വാച്ചിന്റെയും ഭാ​ഗങ്ങൾ ലഭിച്ചു. പല സ്ഥലങ്ങളിൽ നിന്നും സി​ഗ്നൽ ലഭിച്ചെങ്കിലും കേസുമായി ബന്ധമുള്ളതല്ലെന്ന് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അറിയിച്ചു.

സിന്ധു തിരോധാനക്കേസ്; തിരുവിഴ സ്വദേശി തങ്കപ്പന്‍റെ വീട്ടില്‍ പരിശോധന |Sebastian | Pallippuram