ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള സെബാസ്റ്റ്യനെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

ആലപ്പുഴ: കോട്ടയം ഏറ്റുമാനൂർ സ്വദേശി ജൈനമ്മയുടെ തിരോധാനക്കേസിൽ അറസ്റ്റിലായ സെബാസ്റ്റ്യൻ്റെ ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടിൽ നിന്ന് ഇന്നലെ കണ്ടെത്തിയ അസ്ഥിക്കഷ്ണങ്ങളും ശരീരാവശിഷ്ടങ്ങളും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള സെബാസ്റ്റ്യനെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അതേസമയം, കാണാതായ മുഴുവൻ സ്ത്രീകളുടെയും കേസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു തിരോധാന കേസിൽ ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്ക് കത്തയച്ചു

ആദ്യദിവസം അസ്ഥിക്കഷ്ണങ്ങൾ കണ്ടെത്തിയതിന് അടുത്തുനിന്ന് തന്നെയാണ് ഇന്നലെയും പുതിയത് കിട്ടിയത്. ഇത് രണ്ടും ഒരാളുടെ ആകാനുള്ള സാധ്യതയാണ് ക്രൈംബ്രാഞ്ച് കണക്കാക്കുന്നത്. ആദ്യം അയച്ച അസ്ഥിക്കഷണങ്ങളുടെ ഡിഎൻഎഫലം ഇതുവരെയും കിട്ടിയിട്ടില്ല. വൈകാതെ ഇത് കിട്ടും എന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. ഇതിനൊപ്പം ഇന്നലെ കിട്ടിയ അസ്ഥിക്കഷണങ്ങളുടെ ഡിഎൻഎഫലം കൂടി വന്നാൽ അന്വേഷണത്തിന് കൂടുതൽ സഹായകരമാകും എന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നു. നിലവിൽ കസ്റ്റഡിയിലുള്ള സെബാസ്റ്റ്യനിൽ നിന്ന് ജൈനമ്മ അടക്കമുള്ള സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട കാര്യമായി വിവരങ്ങൾ ഒന്നും കിട്ടിയിട്ടില്ല. ആദ്യഘട്ടത്തിൽ അന്വേഷണത്തിൽ ഒട്ടും സഹകരിക്കാതിരുന്ന സെബാസ്റ്റ്യൻ ഇന്നലെ മുതൽ ചില സൂചനകൾ നൽകി തുടങ്ങിയിട്ടുണ്ട്.

ജില്ലാ ക്രൈംബ്രാഞ്ച് എസ് പി ഗിരീഷ് പി സാരഥി അടക്കമുള്ള ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരാണ് നിലവിൽ സെബാസ്റ്റ്യൻ ചോദ്യം ചെയ്യുന്നത്. ജൈനമ്മയുടെ മൊബൈൽ ഫോണുമായി സെബാസ്റ്റ്യൻ പോയ ഈരാറ്റുപേട്ടയിലെ കടയിൽ എത്തിച്ചു തെളിവെടുക്കും. രണ്ടുദിവസം കൂടി മാത്രമേ സെബാസ്റ്റ്യൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ഉള്ളൂ. കൂടുതൽ ചോദ്യം ചെയ്യലിന് വേണ്ടി വീണ്ടും കസ്റ്റഡി അപേക്ഷ നൽകാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. അതേസമയം ജൈനമ്മയുടെ തിരോധാനത്തിൽ ഇപ്പോഴും പുറത്ത് വരാത്ത ചില ദുരൂഹതകൾ ഉണ്ടെന്നാണ് കുടുംബം പറയുന്നത്.

നാല് സ്ത്രീകളുടെ തിരോധാനത്തിലും സെബാസ്റ്റ്യൻ പങ്കുണ്ടെന്നതിനാൽ എല്ലാ കേസുകളും ഒന്നിച്ച് അന്വേഷിക്കണമെന്നാണ് ബിന്ദു തിരോധാന കേസിൽ ആക്ഷൻ കൗൺസിലിന്റെ ആവശ്യം. ആദ്യഘട്ടത്തിൽ കേസുകൾ അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. ബിന്ദുവും സെബാസ്റ്റ്യനും തമ്മിലുള്ള വ്യാജരേഖ കേസിന്റെ സമയത്ത് ഇവരുടെ സഹോദരൻ പ്രവീൺ ഒപ്പം ഉണ്ടായിരുന്നു എന്ന ആരോപണവുമായി അന്ന് സെബാസ്റ്റ്യൻ വേണ്ടി ഹാജരായ അഭിഭാഷകനും രംഗത്തെത്തി.

YouTube video player