ജിയോളജി വിഭാഗത്തിലെ അവസാന വർഷ ബിരുദ വിദ്യാർഥികൾ ഫീൽഡ് സ്റ്റഡിയ്ക്കായി പോയ ബസാണ് അപകടത്തിൽ പെട്ടത്
ഭോപ്പാൽ: തൃശൂർ ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് മധ്യപ്രദേശിൽ അപകടത്തിൽപ്പെട്ടു. ജിയോളജി വിഭാഗത്തിലെ അവസാന വർഷ ബിരുദ വിദ്യാർഥികൾ ഫീൽഡ് സ്റ്റഡിയ്ക്കായി പോയ ബസാണ് അപകടത്തിൽ പെട്ടത്. ബസ് മറിഞ്ഞതായി കോളജ് അധിക്യതർക്ക് വിവരം ലഭിച്ചു. ഒരു അധ്യാപകനും ഒരു വിദ്യാർഥിക്കും സാരമായി പരിക്കേറ്റെന്നാണ് കോളജിൽ ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം.
മധ്യപ്രദേശിലെ റായ്പുരയിലെ കട്നി യിലാണ് അപകടം സംഭവിച്ചത്. വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ഒരു ബസ് മറിയുകയായിരുന്നു എന്നാണ് വിവരം. ഏഴ് അധ്യാപകരും 60 വിദ്യാർഥികളും രണ്ട് വാഹനങ്ങളിലാണ് സഞ്ചരിച്ചത്. ഇതിൽ ഒരു ബസാണ് മറിഞ്ഞത്. അപകടത്തിൽപ്പെട്ട 37 പേരെ കട്നിയിലെ ജില്ലാ ആശുപത്രിയിൽ കൊണ്ടുവന്നു. ഇവരിൽ സാരമായി പരിക്കേറ്റ രണ്ട് പേരെ ജബൽപുരിലെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മറ്റ് 35 പേർക്കും കാര്യമായ പ്രശ്നങ്ങൾ ഇല്ല.
അതേസമയം കോഴിക്കോട് ഇന്നലെ നടന്ന അപകടത്തിൽ പേരാമ്പ്രയിൽ കെ എസ് ആർ ടി സി ബസ് ദേഹത്ത് കയറി ബൈക്ക് യാത്രികൻ മരിച്ചിരുന്നു. കക്കാട് സ്വദേശി കൈതക്കൽ ലക്ഷം വീട് കോളനിയിലെ ഹനീഫയാണ് മരിച്ചത്. പേരാമ്പ്രയിലെ പുതിയ ബൈപ്പാസ് ജംക്ഷന് സമീപം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്ത്. കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസാണ് അപകടത്തിൽപ്പെട്ടത്. പെട്ടെന്ന് മുന്നിൽ ബ്രേക്കിട്ട കാറിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഹനീഫ റോഡിൽ വീഴുകയായിരുന്നു. തുടർന്നാണ് പിന്നാലെ വന്ന കെ എസ് ആർ ടി സി ബസ് ഹനീഫയുടെ ദേഹത്ത് കയറിയത്.
