എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 28കാരനായ അങ്കമാലി സ്വദേശി അജിൻ ഏലിയാസിനാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നത്

തിരുവനന്തപുരം: ആറ് പേര്‍ക്ക് പുതുജീവൻ നല്‍കിയാണ് കൊട്ടാരക്കര സ്വദേശിയായ ഐസക്ക് ഭൂമിയിൽ നിന്ന് യാത്രപറയുന്നത്. ഐസക്കിന്‍റെ ഹൃദയവുമായി ഒരു എയര്‍ ആംബുലൻസ് തിരുവനന്തപുരത്ത് നിന്ന് പറന്നുയരാനൊരുങ്ങുകയാണ്. തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. അപകടത്തിൽ പരിക്കേറ്റ് മരിച്ച 33 വയസുകാരൻ കൊല്ലം സ്വദേശി ഐസക്കിന്റെ ഹൃദയമാണ് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 28കാരനായ അങ്കമാലി സ്വദേശി അജിൻ ഏലിയാസിന് നൽകുന്നത്. കിംസ് ആശുപത്രിയിൽ നിന്നും ആംബുലൻസ് മാർഗ്ഗം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച ശേഷമാകും എയർ ആംബുലൻസ് വഴി ഹൃദയം കൊച്ചിക്ക് കൊണ്ടുപോകുക. ആറ് മിനിറ്റ് കൊണ്ട് തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ ഡൊമസ്റ്റിക് ടെര്‍മിനലിൽ എത്തിക്കും. തുടര്‍ന്ന് അവിടെ നിന്ന് കൊച്ചിയിലെത്തിക്കും. 

Add Asianetnews as a Preferred SourcegooglePreferred

ഐസക്കിന്‍റെ ആറ് അവയവങ്ങളാണ് 6 പേര്‍ക്ക് പുതുജീവൻ നൽകുക. കൊട്ടാരക്കര സ്വദേശിയും ഹോട്ടലുടമയുമായ ഐസക്ക് ജോലി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്ന സമയത്താണ് എതിരെ വന്ന വാഹനമിടിച്ച് പരിക്കേൽക്കുന്നത്. അപ്പോള്‍ത്തന്നെ തിരുവനന്തപുരം ആശുപത്രിയിലേക്ക് എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഐസക്കിന് ഇന്നലെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ അവയവ ദാനത്തിനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി ഹൃദയം, വൃക്ക, കരള്‍, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്യുന്നത്. എറണാകുളം ലിസി ആശുപത്രിയിലേക്ക് ഹൃദയവും ഒരു വൃക്ക ഇതേ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് നൽകും. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലുളള രോഗിക്കും നൽകും.