പാലക്കാട്: അട്ടപ്പാടിയിൽ മൂന്ന് മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന സംഭവത്തിൽ സർക്കാരിനെയും പൊലീസ് സേനയെയും വിമർശിച്ച് സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വം. ആശയത്തെ ആയുധം കൊണ്ട് നേരിടുന്നത് ഇടതുപക്ഷനയമല്ല. മാവോയിസ്റ്റുകൾ എന്നാൽ വെടിവെച്ചു കൊല്ലേണ്ടവർ എന്നല്ല മനസിലാക്കേണ്ടത്. ഇടതുപക്ഷത്തിന്റെ നിലപാടുകളും നയങ്ങളും അറിയാത്തവരാണ് പോലീസ് സേനയിലെ ഒരു വിഭാഗം എന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

പുസ്തകത്തിലുള്ളത് നടപ്പിലാക്കുക എന്ന നിലപാടാണ് ഇവർ സ്വീകരിക്കുന്നത്. എന്നാൽ ഇടതുപക്ഷ സർക്കാരിന്റെ പ്രതിച്ഛായയെ ഇത്തരം ഏറ്റുമുട്ടലുകൾ ബാധിക്കും. തണ്ടർ ബോൾട്ടിന്റെ പേരിൽ കോടികൾ ചെലവാക്കുന്നത് ന്യായീകരിക്കാൻ ഉള്ള ഏറ്റുമുട്ടലുകൾ ആണ് നടക്കുന്നത് എന്ന് സംശയിച്ചാൽ കുറ്റം പറയാൻ കഴിയില്ലെന്നും ബിനോയ് വിശ്വം ഏഷ്യാനെറ്റ് ന്യൂസിനോട് പറ‌ഞ്ഞു. വലിയ സേനയെ രണ്ടോ മൂന്നോ മാവോയിസ്റ്റുകൾ ചേർന്ന് ആക്രമിച്ചു എന്ന് പറയുന്ന യക്ഷി കഥ വിശ്വസിക്കാൻ ആരും ഉണ്ടാവില്ല എന്നും ബിനോയ് വിശ്വം കൂട്ടിചേർത്തു.

Read More: പാലക്കാട്ട് മൂന്ന് മാവോയിസ്റ്റുകളെ തണ്ടര്‍ ബോള്‍ട്ട് വധിച്ചു: വനത്തില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

പാലക്കാട് ജില്ലയിലെ ഉള്‍വനത്തില്‍ വച്ച് സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന വെടിവെപ്പില്‍ ആണ് മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട തണ്ടര്‍ ബോള്‍ട്ട് സംഘമാണ് മാവോയിസ്റ്റുകളെ വധിച്ചത് എന്നാണ് വിവരം. 

Read More: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ഇൻക്വസ്റ്റ് നാളെ

തണ്ടര്‍ ബോള്‍ട്ട് അസി. കമാന്‍ണ്ടന്‍റ് സോളമന്‍റെ നേതൃത്വത്തിലുള്ള തണ്ടര്‍ ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിവച്ചതിനെ തുടര്‍ന്നാണ് ആക്രമണം ആരംഭിച്ചത് എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. പാലക്കാട് ജില്ലയിലെ മേലെ മഞ്ചിക്കട്ടി എന്ന സ്ഥലത്താണ് സംഭവം. 

Read More: അട്ടപ്പാടിയിലെ വെടിവെപ്പ്; കൊല്ലപ്പട്ട മൂന്ന് മാവോയിസ്റ്റുകളില്‍ സ്ത്രീയും

സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് പാലക്കാട് എംപി ശ്രീകണ്ഠൻ അടക്കമുള്ളവർ സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. വാളയാര്‍ സംഭവം മറച്ചു വയ്ക്കാനായി സര്‍ക്കാര്‍ കളിച്ച നാടകമാണോ മേലേ മഞ്ചിക്കട്ടിയിലെ മാവോയിസ്റ്റ് വേട്ടയെന്ന് സംശയിക്കുന്നുവെന്നായിരുന്നു വി കെ ശ്രീകണ്ഠന്റെ പ്രതികരണം. 

Read More: പാലക്കാട്ടെ മാവോയിസ്റ്റുകളുടെ വധം: സംഭവത്തില്‍ ദുരൂഹതയെന്ന് വികെ ശ്രീകണ്ഠന്‍

'ഈ അടുത്തും താന്‍ അടപ്പാടിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ മേഖലയില്‍ മാവോയിസ്റ്റ് ഭീഷണിയുള്ളതായി ആരും പറഞ്ഞിരുന്നില്ല. നാട്ടുകാര്‍ പോലും അറിയാത്ത മാവോയിസ്റ്റ് സാന്നിധ്യമറിഞ്ഞ് തണ്ടര്‍ ബോള്‍ട്ട് കാട്ടില്‍ പോയി അവരെ കൊന്നെന്ന കഥ സംശയം ജനിപ്പിക്കുന്നതാണെ'ന്നും ആയിരുന്നു വി കെ ശ്രീകണ്ഠന്റെ വാക്കുകൾ.