മലപ്പുറം: മുസ്ലീംലീഗും എസ്ഡിപിഐയും തമ്മില്‍ രഹസ്യചര്‍ച്ച നടന്നെന്ന വാദം തള്ളി മുസ്ലീം ലീഗ്. കൊണ്ടോട്ടി കെടിഡിസി ഹോട്ടലില്‍ വച്ച് യാദൃശ്ചികമായാണ് എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കണ്ടെതെന്ന ഇടി മുഹമ്മദ് ബഷീറിന്‍റെ വിശദീകരണം തൃപ്തികരമാണെന്ന് മുസ്ലീംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

കു‍ഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും എസ്ഡ‍ിപിഐ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന വാദവം അദ്ദേഹം തള്ളിക്കളഞ്ഞു. അതേസമയം ലീഗിനും കോണ്‍ഗ്രസിനുമെതിരെ സിപിഎം രംഗത്ത് വന്നു. സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി വോട്ട് മറിക്കാനാണ് മുസ്ലീം ലീഗും എസ് ‍ഡിപിഐയും തമ്മിലുള്ള ധാരണയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ഒരു ചര്‍ച്ചയും നടന്നില്ലെന്ന് മുസ്ലീം ലീഗ് നേതാക്കൾ പറയുമ്പോൾ ചര്‍ച്ച നടന്നെന്നാണ് എസ്ഡിപിഐ നേതാക്കൾ പറയുന്നത്. ഈ കൂട്ട് കെട്ട് അപകടകരമായിരിക്കുമെന്നും കോടിയേരി വ്യക്തമാക്കി.