തിരുവനന്തപുരം: ജേക്കബ് തോമസിനെ ഉടനടി തിരിച്ചെടുക്കണമെന്നും, പോസ്റ്റ് ഒഴിവില്ലെങ്കിൽ തത്തുല്യ പദവിയിൽ നിയമിക്കണമെന്നുമുള്ള സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ഡിവിഷൻ ‍ബെഞ്ച് വിധി, അഴിമതിക്കെതിരെ പോരാടുന്നവർക്ക് ആശ്വാസമാണെന്ന് ജേക്കബ് തോമസ് ഐപിഎസ്. മാർച്ചിൽ സ്വയം വിരമിക്കാൻ അപേക്ഷ നൽകിയതാണെന്നും, ഇത് കേന്ദ്രസർക്കാർ അംഗീകരിച്ചാൽ ''മുണ്ടുടുത്ത് തുടരുമെന്നും'' അല്ലെങ്കിൽ സർവീസിൽ തരുന്ന ജോലി ഭയരഹിതമായി ചെയ്യുമെന്നും ജേക്കബ് തോമസ് ന്യൂസ് അവറിൽ പറഞ്ഞു. അഴിമതിയ്ക്ക് എതിരെ ഇനിയും പോരാടുമെന്നും, അഴിമതിയെക്കുറിച്ച് പറയുമ്പോൾ ആർക്കാണ് കൊള്ളുന്നതെന്നും ജേക്കബ് തോമസ് ചോദിക്കുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ജേക്കബ് തോമസ് സ്വയം വിരമിക്കാൻ അപേക്ഷ നൽകിയിരുന്നു. ഏപ്രിൽ ഒന്ന് മുതൽ വിആർഎസ് തരണമെന്നായിരുന്നു അപേക്ഷ. എന്നാൽ ഇതിന് സംസ്ഥാന സർക്കാർ മറുപടി കൊടുത്തില്ല. തുടർന്ന് അപേക്ഷ പരിഗണിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ജേക്കബ് തോമസ് അപ്പീൽ നൽകിയിട്ടുണ്ട്. ഇനി തീരുമാനം കേന്ദ്രത്തിന്‍റെ കോർട്ടിലാണെന്നും അവർ എന്താണ് തീരുമാനമെടുക്കുന്നതെന്ന് നോക്കട്ടെയെന്നും ജേക്കബ് തോമസ് പറയുന്നു. ''മുണ്ടുടുത്ത് തുടരണോ'', അല്ലെങ്കിൽ തരുന്ന പോസ്റ്റിംഗിൽ ജോലി ചെയ്യണോ എന്നതൊക്കെ സർക്കാർ തീരുമാനമനുസരിച്ച് നടക്കുമെന്നും ജേക്കബ് തോമസ്.

''എന്നെ ഉപദ്രവിച്ചവരെ തലയിലെടുത്ത് നടന്നാൽ എനിക്ക് മുന്നോട്ടു പോകാനാവില്ല. അതിനെല്ലാം അപ്പുറത്തേക്ക് വളർന്നയാളാണ് ഞാൻ. പകയും വിദ്വേഷവും എനിക്കില്ല. തെറ്റ് കണ്ടാൽ തുറന്ന് പറയും. അഴിമതിയോ സ്വജനപക്ഷപാതമോ കണ്ടാൽ സാധാരണക്കാരന് വേണ്ടി തുറന്ന് പറഞ്ഞ് തന്നെ മുന്നോട്ടു പോകും'', ജേക്കബ് തോമസ് വ്യക്തമാക്കി. 

''അഗ്നിശമനസേനയുടെ തലവനെന്ന നിലയിൽ കെട്ടിടങ്ങളിലെ അഗ്നിരക്ഷാ നടപടികൾ കാര്യക്ഷമമാക്കിയതിനാണ് ഉമ്മൻചാണ്ടി സർക്കാർ ഷോകോസ് നോട്ടീസ് നൽകിയത്. എന്നെ ജനവിരുദ്ധനെന്ന് വിളിച്ചത് ഉമ്മൻചാണ്ടി സർക്കാരാണ്. ഫയർഫോഴ്സ് മേധാവിയായിരുന്നത് 83 ദിവസമാണ്. ഇത്രയും കാലം കൊണ്ട് എന്ത് മാറ്റം കൊണ്ടുവരാനാകും? ഇടത് സർക്കാരിന്‍റെ കാലത്ത് വിജിലൻസ് ഡയറക്ടറായത് 10 മാസമാണ്. ഇത്ര കാലം കൊണ്ട് കേരളത്തിലെ അഴിമതി തുടച്ചു നീക്കാനാകുമോ? ഐക്യരാഷ്ട്രസഭയുടെ അഴിമതി വിരുദ്ധ ദിനത്തിൽ അഴിമതിയെക്കുറിച്ച് സന്ദേശം നൽകിയതിൽ ആർക്കാണ് കൊള്ളുന്നത്? ആരാണ് ഭയപ്പെടുന്നത്?'', ജേക്കബ് തോമസ് ചോദിക്കുന്നു.