കണ്ണൂര്‍: അസമയത്ത്‌ പോലും തന്നെ ഫോണ്‍വിളിച്ച്‌ ബുദ്ധിമുട്ടിക്കുന്ന കീഴുദ്യോഗസ്ഥരെക്കൊണ്ട്‌ പൊറുതിമുട്ടിയിരിക്കുകയാണ്‌ ജയില്‍  ഡിജിപി ആര്‍.ശ്രീലേഖ. നിസ്സാര കാര്യങ്ങള്‍ക്ക്‌ തന്നെ നേരിട്ട്‌ വിളിക്കരുതെന്ന്‌ നിര്‍ദേശിച്ച്‌ ഒന്നല്ല,രണ്ടല്ല, മൂന്ന്‌ സര്‍ക്കുലറുകളാണ്‌ ഡിജിപി പുറത്തിറക്കിയതെന്ന്‌ റിപ്പോര്‍ട്ട്‌.

തന്റെ മൊബൈല്‍ ഫോണിലേക്ക്‌ അസമയത്ത്‌ വിളിക്കുന്നത്‌ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ ഒരു വര്‍ഷം മുമ്പാണ്‌ ഡിജിപി ആദ്യ സര്‍ക്കുലര്‍ പുറത്തിറക്കിയത്‌. കീഴുദ്യോഗസ്ഥര്‍ നിസ്സാര കാര്യങ്ങള്‍ക്ക്‌ പോലും മൊബൈലില്‍ വിളിച്ച്‌ അസമയത്ത്‌ ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന്‌ ചൂണ്ടിക്കാണിച്ചായിരുന്നു സര്‍ക്കുലര്‍. നേരിട്ടുള്ള വിളി ഒഴിവാക്കണമെന്നും മേലുദ്യോഗസ്ഥര്‍ വഴി മാത്രമേ തന്നെ വിളിക്കാവൂ എന്നും സര്‍ക്കുലറിലൂടെ നിര്‍ദേശിച്ചു. നിസ്സാര കാര്യങ്ങള്‍ക്ക്‌ ഡിജിപിയെ വിളിച്ച ചില ഉദ്യോഗസ്ഥര്‍ക്ക്‌ ഇക്കാലത്ത്‌ ജയില്‍ പരിശീലന കേന്ദ്രത്തിലേക്ക്‌ സ്ഥലം മാറ്റം കിട്ടുകയും ചെയ്‌തു.

ഈ സര്‍ക്കുലര്‍ ഉദ്യോഗസ്ഥര്‍ പാലിക്കുന്നില്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ഏപ്രില്‍ എട്ടാം തീയതി ഡിജിപി രണ്ടാമത്തെ സര്‍ക്കുലര്‍ പുറത്തിറക്കിയത്‌. ജയിലില്‍ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ ഉദ്യോഗസ്ഥര്‍ ജയില്‍ മേധാവിയെയോ മേഖലാ ഡിഐജിയെയോ ആണ്‌ വിളിക്കേണ്ടതെന്നും അവരാണ്‌ തന്നെ വിളിച്ച്‌ കാര്യം അറിയിക്കേണ്ടതെന്നും സര്‍ക്കുലറില്‍ ഓര്‍മ്മപ്പെടുത്തുകയും ചെയ്‌തു. ഗുരുതരമായ ക്രമസമാധാന പ്രശ്‌നം,ജയില്‍ചാട്ടം, തടവുകാരുടെ ഗുരുതരമായ രോഗം,മരണം എന്നിവയാണ്‌ അടിയന്തര സാഹചര്യങ്ങളെന്നും ചൂണ്ടിക്കാട്ടി.

എന്നാല്‍, ഈ സര്‍ക്കുലര്‍ കൊണ്ടൊന്നും അസമയത്തെ വിളിക്ക്‌ മാറ്റമുണ്ടായില്ല. തടവുകാരുടെ അകമ്പടിക്ക്‌ പൊലീസുകാരെ കിട്ടുന്നില്ലെന്നുള്ള പരാതിയും തടവുകാരുടെ രോഗവിവരങ്ങള്‍ പങ്കുവയ്‌ക്കലുമൊക്കെയായി വിളികള്‍ വീണ്ടും തുടര്‍ന്നു. അസിസ്‌റ്റന്റ്‌ പ്രിസണ്‍ ഓഫീസര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ്‌ ഈ വിളികള്‍ക്ക്‌ പിന്നിലെന്നാണ്‌ വിവരം. അവര്‍ തങ്ങളുടെ മേലുദ്യോഗസ്ഥരെയോ പ്രിസണ്‍ കണ്‍ട്രോള്‍ റൂമിലോ അറിയിക്കേണ്ട കാര്യങ്ങളാണിത്‌. സര്‍ക്കുലറില്‍ കൃത്യമായി നിര്‍ദേശിച്ചിട്ടും എന്തിന്‌ വീണ്ടും ഇങ്ങനെ ചെയ്യുന്നെന്ന്‌ ചോദിച്ചാല്‍ നിവൃത്തികേടുകൊണ്ടാണ്‌ എന്ന മറുപടിയാണ്‌ കീഴുദ്യോഗസ്ഥര്‍ നല്‍കുക. ഈ സാഹചര്യത്തിലാണത്രേ മൂന്നാമത്തെ സര്‍ക്കുലറും ഡിജിപി ശ്രീലേഖ പുറത്തിറക്കിയിരിക്കുന്നതെന്നും മനോരമ ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.
--