മലയാളം സർവകലാശാലയ്ക്ക് ഭൂമി എടുക്കാൻ തീരുമാനിച്ചത് താൻ മന്ത്രിയായിരിക്കുമ്പോഴല്ലെന്ന് കെ.ടി.ജലീൽ.

മലപ്പുറം: മലയാളം സർവകലാശാലയ്ക്ക് ഭൂമി എടുക്കാൻ തീരുമാനിച്ചത് താൻ മന്ത്രിയായിരിക്കുമ്പോഴല്ലെന്ന് കെ.ടി.ജലീൽ. 2016 ഫെബ്രുവരി17നാണ് ഒരു സെൻ്റിന് 170000 രൂപ നിരക്കിൽ ധാരണയായതെന്നും അന്ന് യു.ഡി.എഫ് സർക്കാരാണ് ഭരണമെന്നും ജലീല്‍ വ്യക്തമാക്കി. സെൻ്റ് ഒന്നിന് പതിനായിരം രൂപ കുറച്ചത് ഇടതു സർക്കാരാണ്. ഉപയോഗമില്ലാത്ത ആറേകാൽ ഏക്കർ ഭൂമി ഒഴിവാക്കി. ഒരു തരത്തിലുള്ള അഴിമതിയും ഭൂമി വാങ്ങിയതിൽ ഉണ്ടായിട്ടില്ലെന്നും ജലീല്‍ പറഞ്ഞു. എന്തു ചെയ്യുമ്പോഴും കമ്മീഷൻ പ്രതീക്ഷിക്കുന്നവരാണ് മുസ്ലീം ലീഗുകാരും കോൺഗ്രസും എന്നും ജലീല്‍ വിമര്‍ശിച്ചു. സാമ്പത്തിക പ്രയാസത്തിലാണ് കെട്ടിടം പണി ആദ്യം വൈകിയത്. എം.എൽ.എയുടെ താൽപര്യക്കുറവും പിന്നീട് കാരണമായി. പറമ്പ് കച്ചവത്തിൻ്റെ കമ്മീഷൻ വാങ്ങുന്നത് തൻ്റെ ശീലമല്ല, അത് ഫിറോസിൻ്റെ ശീലമാണെന്നും ജലീല്‍ ആഞ്ഞടിച്ചു. പികെ ഫിറോസിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ടുളള വാര്‍ത്താസമ്മേളനത്തിലാണ് ജലീലിന്‍റെ വാക്കുകള്‍. മലയാളം സര്‍വകലാശാല ഭൂമി ഇടപാടില്‍ വാങ്ങിയത് നിര്‍മാണ യോഗ്യമല്ലാത്ത ഭൂമിയാണെന്നായിരുന്നു ജലീലിന്റെ ആരോപണം. ഭൂമി ഏറ്റെടുക്കല്‍ ജലീലിന്‍റെ താത്പര്യപ്രകാരമാണെന്നും ചെലവാക്കിയ തുക തിരികെ പിടിക്കണം എന്നുമായിരുന്നു ഫിറോസിന്‍റെ ആരോപണം.

കെ ടി ജലീലിനെതിരെ ആരോപണവുമായി പി കെ ഫിറോസ്

മലയാള സർവകലാശാലയ്ക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിയുമായി ബന്ധപ്പെട്ട് കെടി ജലീലിനെതിരെ ആരോപണവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് രംഗത്തെത്തിയത്. ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി. ജലീലിൻ്റെ താൽപര്യപ്രകാരം ഏറ്റെടുത്തത് നിർമാണ യോഗ്യമല്ലാത്ത കണ്ടൽക്കാട് നിറഞ്ഞ ഭൂമിയാണെന്ന് അദ്ദേഹം ആരോപിച്ചു. സ്ഥലം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം തനിക്കെതിരായി ഉയർന്ന അനധികൃത സ്വത്ത് സമ്പാദന കേസുകളിൽ ഏതന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. തനിക്ക് മാത്രമല്ല ഇടത് മന്ത്രിമാർക്കും ദുബായ് വീസയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മലയാള സർവകലാശാലയ്ക്ക് വേണ്ടി ഏറ്റെടുത്ത കണ്ടൽക്കാട് നിറഞ്ഞ ഭൂമി നൽകിയ 3 പേർ മന്ത്രി വി. അബ്ദുറഹിമാൻ്റെ സഹോദരങ്ങളുടെ മക്കളാണെന്ന് പികെ ഫിറോസ് പറഞ്ഞു. 2 ഭൂവുടമകൾ തിരൂരിൽ 2 വട്ടം എൽഡിഎഫ് സ്ഥാനാർഥിയായ ഗഫൂർ പി. ലില്ലീസിൻ്റ സഹോദരങ്ങളാണ്. കണ്ടൽകാടുകൾ നിറഞ്ഞ നിർമാണ യോഗ്യമല്ലാത്ത ഭൂമിയാണ് ഏറ്റെടുത്തത്. ഒരു സെൻ്റിന് 7000 രൂപ ന്യായവിലയുള്ള ഭൂമി സെൻ്റിന് 1.6 ലക്ഷം രൂപയ്ക്കാണ് സർക്കാർ ഏറ്റെടുത്തത്. സെൻ്റിന് 2000 രൂപ വീതം 40000 രൂപ വരെ വിലയുള്ള ഭൂമി സർക്കാർ ഏറ്റെടുത്തത് 160000 രൂപയ്ക്കാണെന്നും അദ്ദേഹം ആരോപിച്ചു.

ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി. ജലീലിൻ്റെ താത്പര്യപ്രകാരമാണ് ഈ ഭൂമി തന്നെ ഏറ്റെടുത്തതെന്നും അദ്ദേഹം ആരോപിച്ചു. ഈ ഭൂമിയിൽ സർവകലാശാലക്ക് കെട്ടിടം നിർമിക്കാനാവില്ല. മുഖ്യമന്ത്രിയാണ് സ്ഥലത്ത് കെട്ടിടം നിർമാണത്തിന് തറക്കല്ലിട്ടത്. പിന്നീട് ഒരു കല്ലു പോലും ഇടാനായില്ല. 2.85 ഏക്കർ ഭൂമി ഗഫൂർ പി.ലില്ലീസിന് വിറ്റത് സെൻ്റിന് 35000 രൂപയ്ക്കാണെന്ന് ഉടമസ്തനായിരുന്ന മൊയ്തീൻ കുട്ടി പറഞ്ഞു. എൻ്റെ അക്കൗണ്ട് അദ്ദേഹം പരിശോധിക്കട്ടെ. ഏതന്വേഷണവും നേരിടാൻ തയ്യാർ. കെ.ടി.ജലീൽ തനിക്കെതിരെ അന്വേഷണ ഏജൻസികൾക്ക് പരാതിയും തെളിവുകളും നൽകട്ടെ. തനിക്ക് മാത്രമല്ല ഇടത് മന്ത്രിമാർക്കും ദുബായ് വീസയുണ്ട്. കെ.ബി. ഗണേഷ് കുമാറിനും എം. മുകേഷ് എംഎൽഎക്കും ദുബായ് വീസയുണ്ട്. നിർമ്മാണ യോഗ്യമല്ലാത്ത ഭൂമി വാങ്ങിയ 17 കോടി രൂപ കെ ടി ജലീലിൽ നിന്നും തിരിച്ചുപിടിക്കണമെന്നും പി.കെ.ഫിറോസ് ആവശ്യപ്പെട്ടു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming