Asianet News MalayalamAsianet News Malayalam

മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠം: കടപ്പാട് പത്നിയോടെന്ന് കവി, ആഹ്ളാദിച്ച് മലയാളം

''ഭാരതീയസംസ്കാരത്തിലൂന്നിയതായിരുന്നു എന്‍റെ എഴുത്തുവഴി. എന്നേക്കാൾ വലിയ കവികൾ ഇവിടെയുണ്ടായിട്ടുണ്ട്. അവർക്കൊന്നും കിട്ടാത്ത ഒരു ഭാഗ്യം എനിക്കുണ്ടായി. ആയുസ്സ്'', എന്ന് കവി. 

jnanpith prize for mahakavi akkitham malayalam literary world celebrates
Author
Thiruvananthapuram, First Published Nov 29, 2019, 5:41 PM IST

ദില്ലി/തിരുവനന്തപുരം/കോഴിക്കോട്: മഹാകവി അക്കിത്തത്തിന് ഈ വർഷത്തെ ജ്ഞാനപീഠപുരസ്കാരം. മലയാളസാഹിത്യലോകത്തിൽ നിന്ന് ജ്ഞാനപീഠം നേടിയ ആറാമത്തെ എഴുത്തുകാരനാണ് അക്കിത്തം. കവി ഒഎൻവി കുറുപ്പാണ് ഏറ്റവുമൊടുവിൽ മലയാളത്തിൽ നിന്ന് ജ്ഞാനപീഠം നേടിയ സാഹിത്യകാരൻ. 

''വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം'' എന്ന് ഏതാണ്ട് 61 വർഷങ്ങൾക്ക് മുമ്പ് എഴുതിയ കവിയെ ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസകാരൻ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. മനുഷ്യത്തിലൂന്നിയതായിരുന്നു അക്കിത്തത്തിന്‍റെ ആത്മീയത. മലയാളകവിതയുടെ ദാർശനികമുഖമായി അദ്ദേഹത്തിന്‍റെ കവിതകളും.

അപരന് വേണ്ടിയുള്ള സമര്‍പ്പണമാണ് അക്കിത്തത്തിന്‍റെ കവിതകളിലുടനീളം പ്രതിഫലിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ കവിയെ അനുമോദിച്ചു. മനുഷ്യന്‍റെ വേദനകളെച്ചൊല്ലിയുള്ള ആര്‍ദ്ര സംഗീതം എപ്പോഴും മനസ്സില്‍ മുഴങ്ങിയ കവിയായിരുന്നു അക്കിത്തമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read more at: 'അക്കിത്തത്തിന്‍റെ കവിതകള്‍ അപരന് വേണ്ടിയുള്ള സമര്‍പ്പണം'; അനുമോദിച്ച് മുഖ്യമന്ത്രി

ഗവർണറും അക്കിത്തത്തെ അനുമോദിച്ചു.

ജ്ഞാനപീഠപുരസ്കാരം അക്കിത്തത്തിന് ‍ നേരത്തെ ലഭിക്കേണ്ടിയിരുന്നുവെന്ന് മലയാളത്തിന്‍റെ സ്വന്തം എം ടി വാസുദേവൻ നായർ. കുറച്ച് വർഷങ്ങളായി ജ്ഞാനപീഠ പുരസ്കാരം പ്രഖ്യാപിക്കുമ്പോൾ താൻ അക്കിത്തത്തിനെ ഓർക്കുമായിരുന്നു. കുട്ടിക്കാലം മുതൽ അറിയുന്ന കവിയായ അക്കിത്തത്തിന് ജ്ഞാനപീഠം ലഭിച്ചതിൽ വളരെ സന്തോഷമെന്നും എം ടി പറഞ്ഞു. 

പാലക്കാട് ജില്ലയിലെ കുമരനെല്ലൂരിൽ അമേറ്റൂർ അക്കിത്തത്ത് മനയിൽ 1926 മാർച്ച് 18-നാണ് അച്യുതൻ നമ്പൂതിരിയുടെ ജനനം. വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ മനയ്ക്കൽ പാർവതി അന്തർജനത്തിന്‍റെയും മകൻ. ചെറുപ്പത്തിൽത്തന്നെ സംസ്കൃതത്തിലും ജ്യോതിഷത്തിലും സംഗീതത്തിലും അവഗാഹം തേടി. വി ടി ഭട്ടതിരിപ്പാടിന്‍റെ നേതൃത്വത്തിൽ യോഗക്ഷേമസഭയിൽ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി. പിന്നീട് മംഗളോദയം, യോഗക്ഷേമം എന്നീ പ്രസിദ്ധീകരണങ്ങളുടെ സഹപത്രാധിപരുമായി. 

1956 മുതൽ കോഴിക്കോട് ആകാശവാണിയിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായിരുന്നു. 1975-ൽ ആകാശവാണി തൃശ്ശൂർ നിലയത്തിന്‍റെ എഡിറ്ററാണ്. 1985-ൽ അദ്ദേഹം ആകാശവാണിയിൽ നിന്ന് വിരമിച്ചു.  

കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി നാൽപ്പത്തിയാറോളം കൃതികൾ അദ്ദേഹം എഴുതിയിട്ടുണ്ട്. പ്രധാനം ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം തന്നെ. ബലിദർശനം, ഭാഗവതം, നിമിഷക്ഷേത്രം, വെണ്ണക്കല്ലിന്‍റെ കഥ, ബലിദർശനം, മനഃസ്സാക്ഷിയുടെ പൂക്കൾ, അരങ്ങേറ്റം, പഞ്ചവർണ്ണക്കിളി, സമത്വത്തിന്‍റെ ആകാശം, ആലഞ്ഞാട്ടമ്മ, മാനസപൂജ എന്നീ നിരവധി കവിതാസമാഹാരങ്ങൾ അദ്ദേഹമെഴുതി. ഉപനയനം, സമാവർത്തനം എന്നീ ഉപന്യാസങ്ങളെഴുതി. ''ഈ ഏട്ത്തി നൊണേ പറയൂ'', എന്ന കുട്ടികൾക്കുള്ള നാടകം പ്രശസ്തമാണ്. 

ബലിദർശനത്തിന് 1972-ൽ കേരളസാഹിത്യ അവാർഡ് ലഭിച്ചു. പിന്നാലെ 1973-ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും. ഓടക്കുഴൽ, സഞ്ജയൻ, എഴുത്തച്ഛൻ പുരസ്കാരങ്ങളടക്കം നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി. 

അക്കിത്തം എന്ന സർനെയിം ഇന്ന് പ്രശസ്തമാണ്. ചിത്രകാരൻ അക്കിത്തം നാരായണനാണ് കവിയുടെ സഹോദരൻ. മകൻ അക്കിത്തം വാസുദേവനും ചിത്രകാരനാണ്. 

അക്കിത്തത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്ത പാദമുദ്ര എന്ന പരിപാടി കാണാം:

അക്കിത്തം കുടുംബത്തിലെ മൂവരെയും കുറിച്ചുള്ള പ്രത്യേകപരിപാടി ഇവിടെ: 

 

Follow Us:
Download App:
  • android
  • ios