കെ എം മാണി കഠിനാധ്വാനം ചെയ്ത് പടുത്തുയര്‍ത്തിയ പ്രസ്ഥാനം ഏതെങ്കിലും തരത്തില്‍ ഛിന്നഭിന്നമായി പോകാന്‍ പാടില്ല. ഐക്യത്തോടെ ഒരുമയോടെ മുന്നോട്ട് കൊണ്ടുപോകണമെന്നും ജോസ് കെ മാണി
കോട്ടയം: സംസ്ഥാന കമ്മിറ്റി വിളിച്ച് കൂട്ടി ജനാധിപത്യപരമായി തീരുമാനങ്ങള്‍ എടുക്കണമെന്ന തീരുമാനം ആവര്‍ത്തിച്ച് ജോസ് കെ മാണി. യോജിപ്പോടെ ഒരുമയോടെ ജനാധിപത്യപരമായി മുന്നോട്ട് പോകുകയാണ് വേണ്ടത്. കെ എം മാണി കഠിനാധ്വാനം ചെയ്ത് പടുത്തുയര്‍ത്തിയ പ്രസ്ഥാനം ഏതെങ്കിലും തരത്തില്‍ ഛിന്നഭിന്നമായി പോകാന്‍ പാടില്ല. ഐക്യത്തോടെ ഒരുമയോടെ മുന്നോട്ട് കൊണ്ടുപോകണമെന്നും ജോസ് കെ മാണി പറഞ്ഞു. എന്നാല്‍ മാധ്യമങ്ങളില്‍ വരുമ്പോഴാണ് ജോസഫ് വിഭാഗം നല്‍കിയ കത്തിനെ കുറിച്ച് അറിയാന്‍ കഴിഞ്ഞതെന്നും ജോസ് കെ മാണി പറഞ്ഞു.
അതേസമയം കേരള കോൺഗ്രസിൽ അച്ചടക്കലംഘനം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാനൊരുങ്ങിയിരിക്കുകയാണ് പി ജെ ജോസഫ്. പാർട്ടിയുടെ താൽക്കാലിക ചെയർമാനാണെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയതിന് പിന്നാലെയാണ് ഈ നീക്കം. ജോസഫിന്‍റെ നീക്കം പാർട്ടിഭരണഘടനയുടെ ലംഘനമാണെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്‍റെ നിലപാട്.
കേരളകോൺഗ്രസിലെ തർക്കങ്ങൾ തെരുവിലേക്കിറങ്ങിയതോടെയാണ് അച്ചടക്കനടപടിയെടുക്കാൻ ആക്ടിംഗ് ചെയർമാൻ പി ജെ ജോസഫ് ആലോചിക്കുന്നത്. കഴിഞ്ഞ ദിവസവും ചേരിതിരിഞ്ഞ് കോലം കത്തിക്കൽ നടന്നതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് ഇത്. താല്‍ക്കാലിക ചെയർമാൻ താനാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകിയതിന് പിന്നാലെ പാർട്ടിക്കുള്ളിൽ പിടിമുറുക്കുക കൂടിയാണ് ജോസഫിന്‍റെ ലക്ഷ്യം.
എന്നാൽ അച്ചടക്ക നടപടി വന്നാൽ പാർട്ടി രണ്ടാകുമെന്ന മുന്നറിയിപ്പാണ് ജോസ് കെ മാണിക്കൊപ്പമുള്ളവർ നൽകുന്നത്. കെ എം മാണിയുടെ അനുസ്മരണത്തിനായിപ്പോലും സംസ്ഥാനകമ്മിറ്റി വിളിക്കാൻ തയ്യാറാകാതെ വിഭാഗീയപ്രവർത്തനം നടത്തുന്നത് ജോസഫ് വിഭാഗമാണെന്നാണ് ജോസ് കെ മാണിയുടെ ആക്ഷേപം. ഏതായാലും താല്ക്കാലിക ചെയർമാനെന്ന നിലയിൽ പി ജെ ജോസഫ് വിളിക്കുന്ന യോഗത്തിൽ പങ്കെടുക്കുമെന്ന് ജോസ് കെ മാണി വിഭാഗം വ്യക്തമാക്കിക്കഴിഞ്ഞു
പാർട്ടിയിൽ പിളർപ്പുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് നേതാക്കൾ വ്യക്തമാക്കുമ്പോഴും പരസ്പരം പോരടിച്ച് എത്രനാൾ മുന്നോട്ട് പോകാൻ കഴിയുമെന്നാണ് അണികളുടെ ആശങ്ക. 9ന് മുൻപ് കക്ഷി നേതാവിനെ തെരഞ്ഞെടുക്കണമെന്നാണ് സ്പിക്കറുടെ നിർദ്ദേശം. എന്നാൽ കോടതിയിലെ കേസ് ചൂണ്ടിക്കാട്ടി തല്‍സ്ഥിതി തുടരാൻ അനുവദിക്കണമെന്നാവശ്യപ്പെടാനാണ് സാധ്യത.
