മുന്നണിക്ക് വേണ്ടി വിട്ടുവീഴ്ചകൾ നടത്തി മത്സരിച്ച കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എട്ടിൽ ഏഴ് സീറ്റിലും വിജയിച്ച് കരുത്ത് തെളിയിച്ചു. ജോസ് കെ മാണി വിഭാഗം തകർന്നടിഞ്ഞപ്പോൾ, പി ജെ ജോസഫ് മാറിനിന്നിട്ടും പാർട്ടി നേടിയ ഈ വിജയം യുഡിഎഫിൽ അവരുടെ സ്ഥാനം ഉറപ്പിക്കുന്നു.

ഇടുക്കി: മുന്നണിക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്ത കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് തെരഞ്ഞെടുപ്പിൽ ലഭിച്ചത് മഹാ വിജയം. എട്ടിൽ ഏഴ് സീറ്റും നേടികൊണ്ടാണ് ജോസഫ് വിഭാഗം കരുത്ത് കാണിച്ചത്. കാഞ്ഞങ്ങാട് മാത്രമാണ് പാര്‍ട്ടി വിജയിക്കാനാകാതെ പോയത്. മുമ്പ് മത്സരിച്ചിരുന്ന ഏറ്റുമാനൂരും ഇടുക്കിയും കോണ്‍ഗ്രസിന് വിട്ടുകൊടുത്ത് വലിയ വിട്ടുവീഴ്ചയാണ് ജോസഫ് വിഭാഗം ചെയ്തത്. ഈ നീക്കം വിജയിച്ച് കൊണ്ട് വിട്ടുകൊടുത്ത രണ്ട് സീറ്റിലും മുന്നണിക്ക് വിജയിക്കാനായി എന്നുള്ളത് കൂടെ വിലയിരുത്തുമ്പോൾ യു‍ഡിഎഫിന്‍റെ ഏറ്റവും വലിയ കരുത്തായി കൂടെ ജോസഫ് വിഭാഗം മാറുകയാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പത്ത് സീറ്റിൽ മത്സരിച്ച ജോസഫ് വിഭാഗം രണ്ട് സീറ്റുകളിലേക്ക് ഒതുങ്ങിയിരുന്നു. ഇരിങ്ങാലക്കുട, കോതമംഗലം, തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശേരി, കുട്ടനാട്, തിരുവല്ല സീറ്റുകളിലാണ് ജോസഫ് വിഭാഗം വെന്നിക്കൊടി പാറിച്ചത്. അതിൽ ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടൻ തോൽപ്പിച്ചത് മന്ത്രി ആര്‍ ബിന്ദുവിനെയാണ്. 10212 വോട്ടിന്‍റെ ഭൂരിപക്ഷമാണ് തോമസ് ഉണ്ണിയാടന് ലഭിച്ചത്.

പി ജെ ജോസഫ് മാറിനിന്ന് മകൻ മത്സരിച്ച തൊടുപുഴയിൽ 44291 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് മിന്നും വിജയം പാര്‍ട്ടി സ്വന്തമാക്കി. കോതമംഗലത്ത് ഷിബു തെക്കുപുറത്തിന്‍റെ വിജയം 16859 വോട്ടുകൾക്കാണ്. കടുത്തരുത്തിയിൽ കരുത്തനായ മോൻസ് ജോസഫ് ഇത്തവണയും തന്‍റെ അപ്രമാദിത്വം ഉറപ്പിച്ചു. 31300 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് മോൻസ് വീണ്ടും നിയമസഭയിൽ എത്തുന്നത്. ചങ്ങനാശ്ശേരിയിൽ 8368 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് വിനു ജോബും കുട്ടനാട്ടിൽ റെജി ചെറിയാൻ 20600 വോട്ടിന്‍റെയും ഭൂരിപക്ഷത്തോടെ വിജയം നേടി. തിരുവല്ലയിൽ അതികായനായ മാത്യൂ ടി തോമസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ വര്‍ഗീസ് മാമൻ 10146 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വമ്പൻ വിജയം പേരിലാക്കി.

കേരള കോണ്‍ഗ്രസ് മാണി വിഭാഗം മത്സരിച്ച എല്ലാ സീറ്റിലും തോറ്റ് തകര്‍ന്നു തരിപ്പണമായി നിൽക്കുമ്പോഴാണ് ജോസഫ് വിഭാഗം ഈ കുതിപ്പ് നടത്തിയത്. തെരഞ്ഞെടുപ്പിന് മുമ്പ് ജോസ് കെ മാണിയെ യുഡിഎഫിലേക്ക് തിരികെ എത്തിക്കണമെന്നുള്ള ചര്‍ച്ചകൾ കൊടുമ്പിരി കൊണ്ടപ്പോൾ പറ്റില്ല എന്ന ഉറച്ച തീരുമാനം എടുത്ത ജോസഫ് വിഭാഗം ആ നിലപാട് ശരിയായിരുന്നു എന്ന് തെളിയിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ എല്ലാമെല്ലാമായ പി ജെ ജോസഫ് മാറിനിന്നിട്ടും പാര്‍ട്ടിയുടെ കരുത്ത് തെല്ലും കുറഞ്ഞില്ലെന്നും ഈ നേട്ടം വ്യക്തമാക്കുന്നുണ്ട്.