കേരളത്തിൽ ഇടതുപക്ഷം നേരിട്ട തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ പ്രതികരണവുമായി വി എ അരുൺകുമാർ. പരാജയം സ്വയം പരിശോധനയ്ക്കുള്ള അവസരമാണെന്ന് അരുൺകുമാർ ഫേസ്ബുക്കിൽ കുറിച്ചു.

ആലപ്പുഴ: കേരളത്തിൽ ഇടതുപക്ഷം കനത്ത തിരിച്ചടി നേരിട്ടതിൽ പ്രതികരിച്ച് വി എസിന്‍റെ മകൻ വി എ അരുൺകുമാർ. പരാജയങ്ങൾ നൽകുന്ന പാഠങ്ങൾ വലിയ വിജയങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. പരാജയം എപ്പോഴും സ്വയം പരിശോധനയ്ക്കും തിരുത്തലിനും ഉള്ള അവസരമാണ്. ജനഹിതം തിരിച്ചറിയാനും ജനങ്ങൾക്കായി കരുത്തോടെ പ്രവർത്തിക്കാനും പാര്‍ട്ടിക്ക് കഴിയട്ടെയെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അരുൺ ഫേസ്ബുക്കിൽ കുറിച്ചു.

Add Asianetnews as a Preferred SourcegooglePreferred

വിജയികൾക്ക് ഹാർദ്ദവമായ അഭിനന്ദനങ്ങൾ നേര്‍ന്ന അരുൺകുമാർ, നമ്മുടെ നാടിന്‍റെ ഭൂപ്രകൃതിയും പരിസ്ഥിതിയും സംരക്ഷിച്ചു കൊണ്ടുള്ള വികസനവും ജാതിമത- കച്ചവട താൽപര്യങ്ങൾക്കതീതമായി നാടിന്റെ ക്ഷേമ -ഐശ്വര്യങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ വോട്ടെണ്ണൽ അവസാനിക്കാറാകുമ്പോൾ യുഡിഎഫ് തരംഗം ആഞ്ഞടിക്കുകയാണ്.

അതേ സമയം, അമ്പലപ്പുഴയിലെ വോട്ടുകളിലെ വൻ ഭൂരിപക്ഷത്തിന് പിന്നാലെ ജി സുധാകരൻ പ്രതികരിച്ചിരുന്നു. കേരളത്തിലെ ജനങ്ങളെ മുഴുവൻ വിഡ്ഢികൾ ആക്കിയവർക്കുള്ള മറുപടിയാണിതെന്ന് ആദ്യ പ്രതികരണം. കുറെ പേരുടെ വകയാണ് സിപിഎം എന്ന് കരുതിയവർക്കുള്ള മറുപടിയാണിത്. ഞാനും എന്റെ ഭാര്യയും തട്ടാനും എന്ന പഴയ വാക്യം ചിന്തിച്ചവർക്ക് മറുപടിയാണിത്. ജനകീയ സ്വതന്ത്രൻ ആയിട്ടാണ് ആണ് താൻ മത്സരിച്ചതെന്നും ഏറ്റവും വലിയ മതേതര പാർട്ടി ആയ കോൺഗ്രസ് പിന്തുണച്ചുവെന്നും ജി സുധാകരൻ. മുസ്ലിം ലീഗ് മതേതര നിലപാടുള്ള കക്ഷിയാണ്. മുസ്ലിം സമുദായം പിന്തുണച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ്‌ പിന്തുണ തണൽ ആയി പരിരക്ഷ നൽകിയെന്നും എല്ലാ പ്രവർത്തനവും നടത്തിയത് കോൺഗ്രസ്‌ ആണെന്നും ജി സുധാകരന്റെ പ്രതികരണം. പണം മുടക്കിയതും കോൺഗ്രസ്‌ തന്നെയാണ്. സിപിഎം പ്രവർത്തകരെ ആരും നിയന്ത്രിക്കാനില്ലെന്നും കന്നുകാലികളെ അഴിച്ചുവിട്ടത് പോലെ കുറെ എണ്ണം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി തന്നെ ചെറ്റ എന്ന് വിളിച്ചു. ചെറ്റക്കുടികളിൽ താമസിക്കുന്നവരുടെ പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.