Asianet News MalayalamAsianet News Malayalam

നെഞ്ച് വേദനയുള്ള അമ്മയുമായി ആശുപത്രിയില്‍ പോകവെ യൂബര്‍ ടാക്സി ഡ്രൈവര്‍ ഇറക്കിവിട്ടെന്ന് മാധ്യമപ്രവര്‍ത്തക

വണ്ടി പിന്നോട്ടടെടുത്ത് മറ്റൊരു വഴിയിലൂടെ പോകാന്‍ പറഞ്ഞത് അയാളെ പ്രകോപിപ്പിച്ചെന്നും സര്‍വീസ് റദ്ദാക്കി യാത്രക്കാരോട് മോശമായി പെരുമാറിയെന്നും ഇറക്കിവിട്ടെന്നുമാണ് ആരോപണം. 

K A Beena Facebook post against Uber Taxi driver
Author
Thiruvananthapuram, First Published Feb 14, 2020, 11:58 PM IST

തിരുവനന്തപുരം: അമ്മയ്ക്ക് നെഞ്ച് വേദനയെ തുടര്‍ന്ന് യൂബര്‍ ടാക്സി ബുക്ക് ചെയ്ത് ആശുപത്രിയിലേക്ക് പുറപ്പെട്ട തന്നെയെയും രോഗിയായ അമ്മയെയും സഹായികളെയും ഡ്രൈവര്‍ രാത്രിയില്‍ പാതി വഴിയില്‍ ഇറക്കിവിട്ടെന്ന് ആരോപിച്ച് മാധ്യമ പ്രവര്‍ത്തകയുടെ ഫേസ്ബുക്ക് കുറിപ്പ്. ആകാശവാണിയിലെ മാധ്യമപ്രവര്‍ത്തകയായ കെ എ ബീനയാണ് വെള്ളിയാഴ്ച രാത്രിയില്‍ ഫേസ്ബുക്ക് കുറിപ്പെഴുതിയത്. വൈകീട്ട് അമ്മക്ക് ഛര്‍ദ്ദിയും ചുമയും നെഞ്ച് വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പോകാന്‍ യൂബര്‍ ബുക്ക് ചെയ്തത്.

അഞ്ച് പേര്‍ കാറില്‍ കയറാന്‍ നോക്കിയപ്പോള്‍ ഡ്രൈവര്‍ അലറി. പിന്നീട് നാല് പേരുമായി പുറപ്പെട്ടു. എന്നാല്‍, പോകുന്ന വഴിയില്‍ രണ്ട് ബസ് നിര്‍ത്തിയിട്ടതിനാല്‍ കാറിന് പോകാന്‍ സ്ഥലമില്ല. ഡ്രൈവര്‍ കാത്ത് കിടന്നപ്പോള്‍ വണ്ടി പിന്നോട്ടടെടുത്ത് മറ്റൊരു വഴിയിലൂടെ പോകാന്‍ പറഞ്ഞത് അയാളെ പ്രകോപിപ്പിച്ചെന്നും സര്‍വീസ് റദ്ദാക്കി യാത്രക്കാരോട് മോശമായി പെരുമാറിയെന്നും ഇറക്കിവിട്ടെന്നുമാണ് ആരോപണം.  ആ വഴി വന്ന മറ്റൊരാളാണ് പിന്നീട് ഇവരെ ആശുപത്രിയിലെത്തിച്ചത്. 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

വൈകിട്ട് അമ്മ പെട്ടെന്ന് ഛർദിച്ചു..നെഞ്ചു വേദനയും വെപ്രാളവും ഉണ്ടെന്നു പറഞ്ഞപ്പോൾ പെട്ടെന്ന് Uber taxi നോക്കി..മുൻപിൽ തന്നെ ഒരെണ്ണം ഉണ്ടെന്നു കണ്ടു ബുക്ക് ചെയ്തു.. മിനുറ്റുകൾക്കകം കാർ വന്നു. അമ്മയുൾപ്പെടെ 5 പേർ ഉണ്ടെന്നു കണ്ടു യൂബർ ഡ്രൈവർ അലറി..ഒരാൾ ഇറങ്ങണം..4 പേരേ കൊണ്ട് പോകൂ..അപ്പു ഇറങ്ങി ..അയാൾ കാർ വിട്ടു.മുന്നോട്ടു പോകുമ്പോൾ ഞങ്ങൾ പറഞ്ഞു..നെഞ്ചു വേദനയാണ്..എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കണം.അയാൾ പോകുന്ന വഴിയിൽ രണ്ടു ബസുകൾ കിടക്കുന്നു..ഇടയിൽ കൂടി ഒരു കാറിനു പോകാൻ ബുദ്ധിമുട്ട്. അയാൾ വണ്ടി നിർത്തി ഏതെങ്കിലും വണ്ടി പോകുന്നതിനു കാക്കുമ്പോൾ ഞങ്ങൾ തിരക്ക് കൂട്ടി..എങ്ങനെയെങ്കിലും പോകൂ..

അയാൾ പോകേണ്ടിയിരുന്ന ശരിയായ വഴി വലതു വശത്ത് കൂടി ആയിരുന്നു.റിവേഴ്‌സ് എടുത്ത് ആ വഴി പോകാൻ ആവശ്യപ്പെട്ടപ്പോൾ അയാൾ വീണ്ടും അലറി.എന്നെ വഴി പടിപ്പിക്കേണ്ട..ഞാൻ ഈ വഴിയിലൂടെയെ പോകൂ..വിഷമിച്ചു ഞങ്ങൾ കരഞ്ഞു അപേക്ഷിച്ചു..ഉടനെ അയാൾ തെറി വാക്കുകൾ പറഞ്ഞു ഞങ്ങളോട് വണ്ടിയിൽ നിന്നു ഇറങ്ങി പോകാൻ പറഞ്ഞു.. നെഞ്ചു വേദന ഉള്ള അമ്മയെ ആശുപത്രിയിലെത്തിക്കാൻ കേണു.. അയാൾ uber ഓട്ടം ക്യാൻസൽ ചെയ്തു ഞങ്ങളെ ഇറക്കി വിട്ടു..എല്ലാം കണ്ടു നിന്ന ഒരു ഡോക്ടർ ഓടി വന്നു മറ്റൊരു വണ്ടി പിടിച്ചു അമ്മയെ ആശുപത്രിയിൽ എത്തിച്ചു..
അമ്മയുടെ ECG യിൽ ചെറിയ വ്യതിയാനം ഉള്ളത് കൊണ്ട് മറ്റു ചെക്കപ്പുകൾ ചെയ്യുകയാണ്..casualty യിൽ. 
ഈ തിരക്കിൽ എനിക്കൊന്നും ചെയ്യാൻ പറ്റുന്നില്ല.
ആരെങ്കിലും Uber നെ അറിയിക്കുമോ?അയാളുടെ വണ്ടി നമ്പർ.
.KL 01 CA 2686..പേര്‌..താജുദീൻ...
#Uber

 

Follow Us:
Download App:
  • android
  • ios