കെ എം ഷാജഹാനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിന് സല്യൂട്ട് അടിച്ച് കെ ജെ ഷൈൻ. മാലിന്യമുക്ത കേരളത്തിന്‍റെ ഭാഗമായതിൽ സന്തോഷം. പൊതുഇടത്തിലെ മാലിന്യം ഇല്ലാതാക്കാൻ എല്ലാവരും ശ്രമിക്കണമെന്ന് കെ ജെ ഷൈൻ.

തിരുവനന്തപുരം: സൈബർ ആക്രമണ കേസിൽ കെ എം ഷാജഹാനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിന് സല്യൂട്ട് അടിച്ച് സിപിഎം നേതാവ് കെ ജെ ഷൈൻ. മാലിന്യമുക്ത കേരളത്തിന്‍റെ ഭാഗമായതിൽ സന്തോഷം. പൊതുഇടത്തിലെ മാലിന്യം ഇല്ലാതാക്കാൻ എല്ലാവരും ശ്രമിക്കണം. പോരാട്ടം തുടരും, സർക്കാരിന് നന്ദിയെന്നും കെ ജെ ഷൈൻ പറഞ്ഞു. ഗൂഢാലോചന ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കട്ടെ. എല്ലാ ദേവന്മാരും പരാജയപ്പെട്ടിടത്ത് ദുർഗ അവതരിച്ചെന്ന് നവരാത്രി ഐതിഹ്യം ഓർമിപ്പിച്ച് കെ ജെ ഷൈൻ പറഞ്ഞു.

ഷൈന്‍റെ പേര് പറഞ്ഞിട്ടില്ലെന്ന് കെ എം ഷാജഹാൻ

സിപിഎം നേതാവ് കെ ജെ ഷൈനും വൈപ്പിൻ എംഎൽഎ ഉണ്ണികൃഷ്നുമെതിരായ സൈബർ അധിക്ഷേപ കേസിലാണ് യൂട്യൂബർ കെഎം ഷാജഹാനെ അറസ്റ്റ് ചെയ്തത്. നിലവിൽ ആലുവ സൈബർ ക്രൈം സ്റ്റേഷനിലാണ് ഷാജഹാൻ. ഇന്നലെ രാത്രി തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഷൈന്‍റെ പേര് പറഞ്ഞിട്ടില്ലെന്നായിരുന്നു ഷാജഹാന്‍റെ വാദം. രണ്ട് ദിവസം മുൻപ് കെ ജെ ഷൈനിന്‍റെ പേരെടുത്ത് പറഞ്ഞ് പുതിയൊരു വീഡിയോ ഷാജഹാൻ പുറത്തുവിട്ടിരുന്നു. ഇതിന്‍റെ പേരിൽ ഷൈൻ നൽകിയ പുതിയ പരാതിയിലാണ് അറസ്റ്റ്. പിണറായി വിജയനെതിരെ ഉൾപ്പെടെ ഒരുപാടുണ്ട് പറയാനുണ്ടെന്നും ചോദ്യംചെയ്യലിന് ശേഷം മടങ്ങിയെത്തുമ്പോൾ പ്രതികരിക്കാം എന്നും ഷാജഹാൻ പറഞ്ഞു.

കെ ജെ ഷൈനിന് എതിരായ സൈബർ ആക്രമണക്കേസിൽ കെ എം ഷാജഹാനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഷാജഹാന്‍റെ ഫോൺ അന്വേഷണ സംഘം നേരത്തെ പിടിച്ചെടുത്തിരുന്നെങ്കിലും വിവാദ വീഡിയോ സൂക്ഷിച്ച മെമ്മറി കാർഡ് നൽകിയിരുന്നില്ല. വിവാദ വീഡിയോ സൂക്ഷിച്ച മെമ്മറി കാർഡ് കഴിഞ്ഞ ദിവസമാണ് ഷാജഹാൻ അന്വേഷണ സംഘത്തിന് കൈമാറിയത്. തുടർന്ന് ഇന്നലെ രാത്രിയാണ് ഷാജഹാനെ അറസ്റ്റ് ചെയ്തത്.

YouTube video player